pinarayi-and-gadkari

തിരുവനന്തപുരം: കേരളത്തിലെ ദേശീയപാത വികസനത്തെ മുൻഗണനാ പട്ടികയിൽ തരംതാഴ്ത്തി നാഷണൽ ഹൈവേ അതോറിട്ടിയിട്ട കുരുക്ക് ഇന്ന് അഴിഞ്ഞേക്കും. നിറയെ പ്രതീക്ഷയുമായി ഡൽഹിയിലെത്തിയിട്ടുള്ള മുഖ്യമന്ത്രി പിണറായി വിജയനും പൊതുമരാമത്ത് മന്ത്രി ജി. സുധാകരനും ഇന്ന് ഉച്ചയ്ക്ക് 12ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഔദ്യോഗിക വസതിയിൽ ചർച്ച നടത്തും. അതോറിട്ടിയുടെ തലതിരിഞ്ഞ വിജ്ഞാപനം കേരളത്തെ സ്നേഹിക്കുന്ന ഗഡ്കരി ഇന്നു തന്നെ റദ്ദാക്കാനാണിട. പ്രധാനമന്ത്രി വിളിച്ചിട്ടുള്ള നിതി ആയോഗ് യോഗത്തിലും മുഖ്യമന്ത്രി പങ്കെടുക്കും.

സ്വകാര്യ സന്ദർശനത്തിന് കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ ഗഡ്കരിക്ക് മുഖ്യമന്ത്രി നൽകിയ വിരുന്നിനിടെ കേരളത്തിന്റെ ആവശ്യം അംഗീകരിക്കുമെന്ന് ഉറപ്പ് നൽകിയിരുന്നു. അനുകൂല തീരുമാനം വന്നാൽ സ്ഥലമെടുപ്പ് അടക്കം വേഗത്തിലാക്കി ഉടൻ നിർമ്മാണം തുടങ്ങാനാണ് സർക്കാരിന്റെ തീരുമാനം.

കഴിഞ്ഞ സർക്കാരിൽ ഗതാഗത മന്ത്രിയായിരുന്നപ്പോഴും ഗഡ്കരി കേരളത്തോട് ഏറെ അനുഭാവം കാട്ടിയിരുന്നു. സെൻട്രൽ റോഡ് ഫണ്ടിൽ (സി.ആർ.എഫ്) നിന്ന് 1600 കോടി രൂപയാണ് നമുക്കനുവദിച്ചത്. കഴിഞ്ഞ 30 വർഷത്തിനുള്ളിൽ കിട്ടുന്ന ഏറ്റവും ഉയർന്ന തുക. റോഡ് ടാക്സിൽ നിന്ന് സംസ്ഥാനങ്ങൾക്ക് അനുവദിക്കുന്ന വിഹിതമാണിത്. പ്രളയത്തിൽ തകർന്ന റോഡുകൾ പുനരുദ്ധരിക്കാൻ അനുവദിച്ച 450 കോടിയും (200 കോടി കിട്ടി) ഇതിൽ ഉൾപ്പെടുന്നു.

മലയോര, തീരദേശ പാതകളുടെ നിർമ്മാണത്തിന് കേന്ദ്രത്തിന്റെ സഹായവും അഭ്യർത്ഥിക്കും. ചീഫ് സെക്രട്ടറി ടോം ജോസും പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗും ചർച്ചയിൽ പങ്കെടുക്കുന്നുണ്ട്.

കുഴികളടയ്ക്കാനും കാശ് വേണം

ദേശീയ പാതയിലെ ഉപരിതലം പുതുക്കലിനുള്ള ഫണ്ട് കാലാവധി തീരും മുമ്പേ അനുവദിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിക്കും. അഞ്ച് വർഷത്തിലൊരിക്കലാണ് ഉപരിതല ടാറിംഗ് നടത്താറുള്ളത്. ഫണ്ടില്ലാത്തതിനാൽ പലേടത്തും പണി ബാക്കിയുണ്ട്. അരൂർ-ചേർത്തല ഭാഗത്തും പുറക്കാട്- കരുവാറ്റ ഭാഗത്തും ഇപ്പോൾ ഈ ജോലികൾ നടക്കുന്നുണ്ട്. ആറ്രിങ്ങൽ- കടമ്പാട്ടുകോണം ഭാഗത്തെ പണിയാണ് ഉടൻ നടത്തേണ്ടത്.

എട്ടിന്റെ പണി

മേയ് രണ്ടിനാണ് കേരളത്തിലെ ദേശീയപാത വികസനം ഒന്നാം മുൻഗണനാ പട്ടികയിൽ നിന്ന് രണ്ടിലേക്ക് മാറ്രിയത്. ഇതോടെ ഭൂമി ഏറ്റെടുക്കൽ നിലച്ചു. കേരളം ശക്തമായി പ്രതിഷേധിക്കുകയും ഗഡ്കരിയെ മുഖ്യമന്ത്രിയും പൊതുമരാമത്ത് മന്ത്രിയും ബന്ധപ്പെടുകയും ചെയ്തതോടെ ഒമ്പതിന് മറ്റൊരു വിജ്ഞാപനവും അതോറിട്ടി ഇറക്കി. രണ്ടാം പട്ടികയിൽ ഉൾപ്പെടുന്ന പദ്ധതികൾക്ക് മുൻഗണന കിട്ടാൻ വീണ്ടും അംഗീകാരം തേടണമെന്നാണ് അതിൽ പറഞ്ഞത്. ആദ്യത്തെ വിജ്ഞാപനം റദ്ദാക്കിയുമില്ല. ഇതോടെയാണ് റോഡ് വികസനം അനിശ്ചിതത്വത്തിലായത്.

'അനുകൂല നിലപാട് എടുക്കുമെന്നാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണത്തിൽ നിന്ന് മനസിലായത്. ഇന്നത്തെ ചർച്ചയെ ശുഭപ്രതീക്ഷയോടെയാണ് കാണുന്നത് ".

-ജി. സുധാകരൻ (പൊതുമരാമത്ത് മന്ത്രി)