സംസ്ഥാനത്ത് ബി.ജെ.പി ഏറ്റവും വെല്ലുവിളി ഉയർത്തിയ മണ്ഡലമായിരുന്നു തിരുവനന്തപുരം. അവിടെ വൻഭൂരിപക്ഷം ഉറപ്പാക്കി മൂന്നാം തവണയും ജയം നേടിയ ഡോ.ശശി തരൂർ മുമ്പില്ലാത്ത ആത്മവിശ്വാസത്തിലാണ്. ജനങ്ങളുടെ പിന്തുണ ലഭിച്ചതിലും പ്രവർത്തനങ്ങളും മതേതരനിലപാടുകളും അവർ അംഗീകരിച്ചതിലും ആഹ്ളാദവാനാണ് മുൻ യു.എൻ. അണ്ടർസെക്രട്ടറി ജനറലായ ഡോ.തരൂർ. ലോക്‌സഭയിലെ നേതൃപദവി രാഹുൽഗാന്ധി ഏറ്റെടുത്തില്ലെങ്കിൽ പകരം പരിഗണിക്കുന്ന പേരാണിത്. പാർട്ടി ഏൽപിച്ചാൽ പദവി സസന്തോഷം സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ തിരഞ്ഞെടുപ്പ് വിഷയമായിരുന്ന ശബരിമലപ്രശ്നത്തിൽ പുതിയ നിയമനിർമ്മാണത്തിന് ശ്രമിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി .
? മൂന്നാംതവണയും വൻഭൂരിപക്ഷത്തിൽ ജയിക്കാൻ കഴിഞ്ഞതെങ്ങനെ
സഹായകരമായത് രണ്ട് ഘടകങ്ങളാണ്. അതിലൊന്ന് എം.പി.യെന്ന നിലയിൽ പത്തുവർഷത്തെ പ്രവർത്തനങ്ങൾക്ക് ജനങ്ങൾ നൽകിയ അംഗീകാരമാണ്. അതാണ് ഏറ്റവും ആഹ്ളാദിപ്പിക്കുന്ന കാര്യം. മൂന്നാംതവണയും ജനവിധി തേടിയത് ആദ്യതവണത്തെ ഭൂരിപക്ഷത്തിൽ നിന്ന് കേവലം ഏഴ് വോട്ടിന്റെ വ്യത്യാസത്തിലാണ്. എന്റെ സേവനത്തിൽ ആദ്യതവണത്തേതിലും അല്ലെങ്കിൽ അതിലുമുപരി മതിപ്പ് ജനങ്ങൾക്കുണ്ടെന്നതിന്റെ തെളിവാണത്. തിരുവനന്തപുരത്ത് ഒരു വികസന അജണ്ടയുമായാണ് മത്സരത്തിനെത്തിയത്. പത്തുവർഷവും അത് ഫലപ്രദമായി മുന്നോട്ടു കൊണ്ടുപോകാനായി. എല്ലാ വിഭാഗത്തെയും ഒരുമിച്ച് നിറുത്താൻ ഞാനും എന്റെ പ്രസ്ഥാനവും നടത്തിയ ഇടപെടലുകളാണ്. പ്രത്യേകിച്ച് തിരുവനന്തപുരത്തും സംസ്ഥാനത്തും ബി.ജെ.പി. വർഗീയതയിൽ അധിഷ്ഠിതമായി പ്രചരണം നടത്തിയ സാഹചര്യത്തിൽ. ഈ ഫലം തെളിയിക്കുന്നതും ബി.ജെ.പി.യുടെ വർഗീയ രാഷ്ട്രീയത്തിനെതിരായ ജനവിധിയാണ്.
? തിരഞ്ഞെടുപ്പിൽ പ്രാദേശിക നേതൃത്വത്തിലെ ചിലർ സഹകരിച്ചില്ലെന്ന ആക്ഷേപം മറികടക്കാനായതെങ്ങനെ
അടിസ്ഥാനരഹിതമായ ആരോപണമാണത്. യു.ഡി.എഫ്. സഹകരിക്കാതിരുന്നിട്ടില്ല. പ്രവർത്തകരുടെയും വോട്ടർമാരുടെയും മനോവീര്യം തകർക്കാൻ എതിരാളികൾ നടത്തിയ ഒരു നീക്കമാണത്.
? ലോക്‌സഭയിൽ കക്ഷിനേതൃസ്ഥാനത്തേക്ക് അങ്ങയെ പരിഗണക്കുന്നുണ്ടെന്നറിയുന്നു.
പാർട്ടി ഏത് ജോലി ഏൽപിച്ചാലും സന്തോഷത്തോടെ ഏറ്റെടുക്കും. അതേസമയം രാഹുൽഗാന്ധി നേതൃത്വപദവി ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷയും ആഗ്രഹവും. സഭയിൽ രാഹുൽഗാന്ധിക്ക് എല്ലാവിധ പിന്തുണയും നൽകും. പ്രതിപക്ഷ എം.പിയെന്ന നിലയിൽ ലോക്‌സഭയിൽ മതേതരത്വ ശബ്ദമുയർത്തും. ഒപ്പം മണ്ഡലത്തിന് വേണ്ടിയും പരിശ്രമിക്കും.
? മൂന്നാം തവണയും തിരുവനന്തപുരത്തിന്റെ എം.പി.യാകുമ്പോൾ മനസിലുള്ള വികസന പദ്ധതികൾ?
ഇത്തവണ മുൻഗണന നൽകാൻ നിശ്ചയിച്ചുറപ്പിച്ച നിരവധി പദ്ധതികളുണ്ട്. അതോടൊപ്പം ദേശീയപാത ബൈപ്പാസ്, വിഴിഞ്ഞം തുറമുഖം എന്നിവ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കും. നഗരത്തിൽ ശക്തവും സുസ്ഥിരവുമായ കുടിവെള്ള വിതരണപദ്ധതി നടപ്പാക്കും. ഖരമാലിന്യ സംസ്ക്കരണപ്രശ്നം പരിഹരിക്കാനുള്ള പദ്ധതികൾ കൊണ്ടുവരും. മത്സ്യത്തൊഴിലാളികൾക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്കും സാമൂഹ്യക്ഷേമ പദ്ധതികളും നടപ്പാക്കും.
? വിഴിഞ്ഞം, തീരദേശ വികസനം, ലൈറ്റ് മെട്രോ,സ്മാർട്ട് സിറ്റി, ദേശീയപാതാ വികസനം തുടങ്ങിയ പദ്ധതികൾ യാഥാർത്ഥ്യമാക്കാൻ എന്ത് ഇടപെടലുകളാണ് നടത്തുക?
വിഴിഞ്ഞം, ദേശീയപാത ബൈപ്പാസ് തുടങ്ങിയവ സമയബന്ധിതമായി പൂർത്തിയാക്കാൻ ശ്രമിക്കും. സ്മാർട്ട് സിറ്റി പദ്ധതിയിൽ നിർണായക പങ്ക് നഗരസഭയ്ക്കാണ്. തിരുവനന്തപുരത്തെ സ്മാർട്ട് സിറ്റി ഒന്നാംഘട്ട പദ്ധതിയിൽ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയില്ല. എന്റെ ഇടപെടലുകളെ തുടർന്നാണ് രണ്ടാംപട്ടികയിൽ തിരുവനന്തപുരത്തെ ഉൾപ്പെടുത്തിയത്. ലൈറ്റ് മെട്രോപദ്ധതി പ്രാരംഭസ്ഥിതിയിലാണ്. യാഥാർത്ഥ്യമാക്കേണ്ടത് എന്റെ പ്രതിബദ്ധതയാണ്.
? സംസ്ഥാനത്തും കേന്ദ്രത്തിലും രാഷ്ട്രീയമായി എതിർചേരിയിലുള്ളവർ ഭരണം കയ്യാളുമ്പോൾ ജനങ്ങളുടെ പ്രശ്നപരിഹാരത്തിനുള്ള വെല്ലുവിളികളെ എങ്ങനെ മറികടക്കും?
കോൺഗ്രസായിരുന്നു കേന്ദ്രത്തിൽ അധികാരത്തിലെങ്കിൽ കാര്യങ്ങൾ കുറേക്കൂടി എളുപ്പമാകുമായിരുന്നു "മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി" എന്ന ശ്രീനാരായണഗുരു വചനം പോലെ "രാഷ്ട്രീയം എന്തായാലും രാഷ്ട്രം നന്നായാൽ മതി" എന്നതാണ് എന്റെ രീതി. രാഷ്ട്രീയ വ്യത്യാസങ്ങളെല്ലാം തിരഞ്ഞെടുപ്പ് കാലത്താണ്. ജനങ്ങളുടെ കാര്യം വരുമ്പോൾ ഉത്തരവാദിത്വമുളള ജനപ്രതിനിധികളും സർക്കാരുകളും എന്ന നിലയിലാണ് പ്രവർത്തിക്കേണ്ടത്. ക്രിയാത്മകവും സഹകരണത്തോടെയുള്ളതുമായ പാത കണ്ടെത്താൻ ശ്രമിക്കും. എന്റേതായ രീതിയിൽ മറികടക്കാൻ ശ്രമിക്കും. രാഷ്ട്രീയ യാഥാർത്ഥ്യം അംഗീകരിച്ചുകൊണ്ട് അത്തരത്തിൽ പ്രവർത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
? ശബരിമല പ്രശ്നത്തിന് വിശ്വാസികളുടെ ആശങ്കകൾ ഇല്ലാതാക്കാനുള്ള പരിഹാരശ്രമം അങ്ങയുടെ ഭാഗത്തു നിന്നുണ്ടാകുമോ?
വിശ്വാസികളുടെ പ്രശ്നം എന്നും മനസിലുണ്ടാകും. വ്രണിതരായ വിശ്വാസികളുടെ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ആവുന്നതെല്ലാം ചെയ്യും. എം.പി.യെക്കാൾ ഭരണത്തിലിരിക്കുന്ന സർക്കാരുകൾക്കാണ് ഇതിൽ കാര്യമായി എന്തെങ്കിലും ചെയ്യാനാകുക. സുപ്രീംകോടതിയിൽ റിവ്യു പെറ്റിഷൻ നൽകുകയാണ് ഒരു പോംവഴി. അത് കോൺഗ്രസ് പാർട്ടി ചെയ്തിട്ടുണ്ട്. ബിജെ.പി നയിക്കുന്ന സർക്കാർ ചെയ്തിട്ടുമില്ല. സുപ്രീംകോടതി വിധി മറികടക്കാൻ പുതിയ നിയമം കൊണ്ടുവരികയാണ് അടുത്ത മാർഗം. അത് ഭൂരിപക്ഷമുള്ള സർക്കാരിന് അനായാസം ചെയ്യാം. അതും എൻ.ഡി.എ സർക്കാർ ചെയ്തിട്ടില്ല. ഇതുസംബന്ധിച്ച് ലോക്‌സഭയിൽ ഉന്നയിച്ച ചോദ്യത്തിന് ഇതുവരെ മറുപടിയും നൽകിയിട്ടില്ല. ഇത് നേടിയെടുക്കാനും പ്രശ്‌നപരിഹാരം കണ്ടെത്താനും സമ്മർദ്ദം ചെലുത്തും.