പോപ് രാജാവ് മൈക്കൽ ജാക്‌സണിന്റെ ഏതെങ്കിലും ഒരു ആരാധകന്റെ കരവിരുതാണ് ഈ അർദ്ധകായ പ്രതിമ എന്ന് തോന്നുന്നുണ്ടെങ്കിൽ തെറ്റി. 3000 വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ ശില്‌പമാണിത്. ബി.സി 1550 നും ബി.സി 1050 നും ഇടയിൽ നിർമിക്കപ്പെട്ടതാണ് ഇതെന്ന് കരുതുന്നു. അതായത് പ്രസിദ്ധ ഈജിപ്ഷ്യൻ ഭരണാധികാരിയായിരുന്ന തുത്തൻഖാമെന്റെ കാലത്തായിരിക്കണം ഈ പ്രതിമ നിർമിക്കപ്പെട്ടത്. ചുണ്ണാമ്പ് കല്ലിൽ നിർമിക്കപ്പെട്ടിരിക്കുന്ന ഈ പ്രതിമയ്‌ക്ക് മൈക്കൽ ജാക്‌സണുമായി അസാമാന്യ സാമ്യമാണുള്ളത്. ഒട്ടിയ കവിളുകളും, വലിയ ചരിഞ്ഞ കണ്ണുകളും, തീരെ കനം കുറഞ്ഞതും അഗ്രമില്ലാത്തതുമായ മൂക്കും കാണുമ്പോൾ ആരോ അദ്ദേഹത്തെ നോക്കി നിർമിച്ച പോലെ തന്നെയാണ്.
2009ൽ മൈക്കൽ ജാക്‌സൺ അന്തരിച്ചതോടെയാണ് ഈ പ്രതിമ കൂടുതൽ പ്രസിദ്ധമാകുന്നത്. മൈക്കൽ ജാക്‌സണിന്റെ ആരാധകർ ഈ പ്രതിമയെ ലോകപ്രസിദ്ധമാക്കുന്നതിൽ വലിയ പങ്കാണ് വഹിച്ചത്. ഷിക്കോഗോയിലെ ഫീൽഡ് മ്യൂസിയം ഒഫ് നാച്ചുറൽ ഹിസ്റ്ററിയിലാണ് ഇപ്പോൾ ഈ പ്രതിമ സൂക്ഷിച്ചിരിക്കുന്നത്. ഗ്ലാസ് കൂടിനുള്ളിൽ ഇരിക്കുന്ന ഈ പ്രതിമയിൽ തൊടാൻ ആർക്കും അനുവാദമില്ല. ദിനംപ്രതി 4,500ലേറെ പേരാണ് ഈ പ്രതിമ കാണാൻ മ്യൂസിയത്തിൽ എത്തുന്നത്.
1993ൽ പുറത്തിറങ്ങിയ മൈക്കൽ ജാക്‌സണിന്റെ ഹിറ്റ് ഗാനം ' റിമെമ്പർ ദ ടൈം ' ഈജിപ്റ്റിലാണ് ചിത്രീകരിച്ചത്. വീഡിയോയിൽ ഈജിപ്ഷ്യൻ ലുക്കിൽ പ്രത്യക്ഷപ്പെടുന്ന ജാക്‌സണിന് ഈ പ്രതിമയുമായി അസാമാന്യ സാമ്യമാണുള്ളത്.