തിരുവനന്തപുരം : വളർത്താനാകാത്ത സാഹചര്യം മൂലം നാലുവർഷത്തിനിടെ 187കുഞ്ഞുങ്ങളെ അമ്മമാർ ഉപേക്ഷിച്ചെന്ന് മന്ത്രി കെ.കെ. ശൈലജ നിയമസഭയെ അറിയിച്ചു. 2015 മുതൽ 2018 വരെയുള്ള കണക്കാണിത്. 95 ആൺകുട്ടികളെയും 92 പെൺകുട്ടികളെയുമാണ് ഉപേക്ഷിച്ചത്. 77 കുട്ടികളെ അമ്മത്തൊട്ടിലിൽ കണ്ടെത്തി. നിലവിൽ 1200 ദമ്പതികൾ ദത്തെടുക്കാൻ അപേക്ഷ നൽകിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
ജി.എസ്.ടി നടപ്പാക്കിയ ശേഷം ആദ്യമായി സംസ്ഥാനത്ത് വാണിജ്യവകുപ്പ് കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 70 കോടിയുടെ നികുതിവെട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതായി മന്ത്രി തോമസ് ഐസക് അറിയിച്ചു. 20 കോടിയിലധികം വരുമാനമുള്ള 20 വ്യാപാരികളുടെ 57 സ്ഥാപനങ്ങളിലാണ് ഒരേസമയം പരിശോധന നടത്തിയത്. ജി.എസ്.ടി വന്നതോടെ സ്വർണ വ്യാപാര രംഗത്ത് 220 കോടി രൂപയുടെ നികുതി നഷ്ടമുണ്ടായി. കണക്കിൽപ്പെടാത്ത സ്വർണം വ്യാപാരികളിലെത്തില്ലെന്ന് ഉറപ്പാക്കാൻ കർശന പരിശോധനയ്‌ക്ക് നിർദ്ദേശിച്ചതായും അദ്ദേഹം പറഞ്ഞു.
21 ഡാമുകളിൽ എമർജൻസി ആക്‌ഷൻ പ്ലാൻ
കെഎസ്.ഇ.ബിക്ക് കീഴിലെ 21 ഡാമുകളുടെ എമർജൻസി ആക്‌ഷൻ പ്ലാൻ കേന്ദ്ര ജല കമ്മിഷൻ അംഗീകരിച്ചതായി മന്ത്രി എം.എം. മണി അറിയിച്ചു. 26 ഡാമുകളുടെ ആക്‌ഷൻ പ്ലാനാണ് സമർപ്പിച്ചിരുന്നത്. ഡാം തുറക്കുമ്പോൾ ഏതൊക്കെ പ്രദേശങ്ങൾ വെള്ളത്തിനടിയിലാകുമെന്നും ആ പ്രദേശങ്ങളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിനുമുള്ള സമഗ്ര നിർദ്ദേശങ്ങളും ആക്‌ഷൻപ്ലാനിലുണ്ട്. ഇന്ത്യയിൽ എമർജൻസി ആക്‌ഷൻ പ്ലാൻ നടപ്പാക്കുന്ന രണ്ടാമത്തെ സ്ഥാപനമാണ് കെ.എസ്.ഇ.ബി.
കേരളത്തിൽ പുതിയ ചെറുകിട ജലവൈദ്യുത പദ്ധതികൾ നടപ്പാക്കില്ല. നിലവിൽ ആരംഭിച്ചതും നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതുമായ പദ്ധതികൾ ഉപേക്ഷിക്കില്ല. സംസ്ഥാനത്ത് മൂന്ന് വൻകിട അണക്കെട്ടുകൾകൂടി നിർമ്മിക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഇതിന്റെ സാദ്ധ്യതാ പഠനം നടക്കുകയാണെന്നും കെ. ദാസൻ, കാരാട്ട് റസാഖ്, പി.ടി. തോമസ്, തിരുവഞ്ചൂർ രാധാകൃഷ്ണൻ, എൻ. ഷംസുദ്ദീൻ, ഷാഫി പറമ്പിൽ, റോഷി അഗസ്റ്റിൻ, വീണ ജോർജ് തുടങ്ങിയവരുടെ ചോദ്യങ്ങൾക്ക് മന്ത്രി മറുപടി നൽകി.