niyamasabha

അശരണർ, ആലംബഹീനർ, പാർശ്വവത്കൃതർ, മിണ്ടാപ്രാണികൾ എന്നുവേണ്ട സകല ചരാചരങ്ങൾക്കും വേണ്ടി തുടിക്കുന്ന ബില്ലുകൾ സാമാജികരുടെ കൈകളിൽ ഭദ്രമാണ്. നിയമനിർമ്മാണ പടുത്വവും സർഗഭാവനകളും സമഞ്ജസമായി സമ്മേളിച്ച് രൂപപ്പെട്ടുവരുന്ന ആ ബില്ലുകൾക്ക് തെല്ലിടനേരത്തേക്കാണെങ്കിലും വെളിച്ചം കാണാൻ ഭാഗ്യം സിദ്ധിക്കുന്ന ദിവസമാണ് വെള്ളിയാഴ്ച. അവതരണവേളയിൽ തന്നെ മന്ത്രിമാരാൽ ഗളഹസ്തം ചെയ്യപ്പെടുന്ന ആ ബില്ലുകൾക്കൊപ്പം അകാലചരമമടയുന്നത് അതിലടങ്ങിയിരിക്കുന്ന സർഗഭാവനകൾ കൂടിയാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. കൂട്ടക്കുരുതി മാരകമാവുന്നതും അതുകൊണ്ടാണ്.

കാളപൂട്ട്, കന്നുപൂട്ട്, മരമടി, ഉഴവ് മത്സരങ്ങൾ ഉറപ്പാക്കാൻ ബിൽ കൊണ്ടുവരാനുള്ള തയ്യാറെടുപ്പിലാണ് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. മൃഗങ്ങളോടുള്ള ക്രൂരതയുടെ ഗണത്തിൽപെടുത്തി ഇതിനുള്ള വിലക്കാണ് മുന്നിലെ തടസം. പരിശോധിച്ച് റിപ്പോർട്ട് തരാൻ മൃഗസംരക്ഷണ ഡയറക്ടറോട് നിർദ്ദേശിച്ചെന്ന് പറഞ്ഞ് അനൂപ് ജേക്കബിന്റെ കാർഷികോത്സവ, കാളയോട്ട, കാളവയൽ (സംരക്ഷിക്കലും നടത്തിപ്പും) ബിൽ മന്ത്രി തള്ളിക്കളഞ്ഞു. കാളയ്ക്ക് സൗന്ദര്യമത്സരം വേണമെന്ന് വാദിച്ചത് കാള സ്നേഹിയായ കെ. ബാബുവാണ്. മന്ത്രി ബിൽ കൊണ്ടുവരുമെന്ന് പറഞ്ഞാലും ആഭ്യന്തരവകുപ്പ് കൊടുത്ത മറുപടിയിൽ ഇതെല്ലാം വിലക്കിയതായി പറഞ്ഞ സ്ഥിതിക്ക് സ്വന്തം ബില്ലിൽ മാത്രം വിശ്വാസമർപ്പിച്ച അനൂപ് ജേക്കബ് അത് തുടർചർച്ചയ്ക്ക് മാറ്റി.

ഐൻസ്റ്റീനെ കേരള സർവകലാശാലയുടെ വി.സിയാക്കാനാഗ്രഹിച്ച സർ സി.പിയുടെ കാഴ്ചപ്പാട് 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ വിചക്ഷണന്മാർക്കില്ലാതെ പോയതിലാണ് പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾക്ക് സങ്കടം. അപകടത്തിൽ പെടുന്നവർക്കും മറ്റും അടിയന്തര വൈദ്യസഹായമെത്തിക്കാൻ ഗുജറാത്ത് മോഡൽ അതോറിട്ടി വേണമെന്ന് പറയാൻ എൻ. ഷംസുദ്ദീന് ആഗ്രഹമുണ്ടെങ്കിലും ഗുജറാത്തിനെപ്പറ്റി മിണ്ടിയാൽ കുഴപ്പമാകുമോയെന്ന ഭയം അദ്ദേഹത്തെ അലട്ടി. ഗുജറാത്തിലേത് ബി.ജെ.പി വരും മുമ്പേയുള്ള അതോറിട്ടിയാണെന്ന് അടുത്തിരുന്ന പി. ഉബൈദുള്ള സമാധാനിപ്പിച്ചു.

പന്തളം കെ.എസ്.ആർ.ടി.സി ഓപ്പറേറ്റിംഗ് സെന്റർ നീണ്ടുപോകുന്നതിൽ ചിറ്റയം ഗോപകുമാറിന് രോഷം അണപൊട്ടി. സ്വന്തം മൂക്ക് മുറിക്കുന്ന ശകുനം മുടക്കികളാണ് കെ.എസ്.ആർ.ടി.സിയിലെ ഉന്നതോദ്യോഗസ്ഥരെന്ന് ചിറ്റയം വിമർശിച്ചപ്പോൾ പ്രതിപക്ഷം പ്രോത്സാഹിപ്പിക്കാതിരുന്നില്ല. മന്ത്രി എ.കെ. ശശീന്ദ്രനെ അങ്ങനെ അവർ പ്രകോപിപ്പിച്ചു.

അശാസ്ത്രീയമായും ചട്ടവിരുദ്ധമായും നിർമ്മിക്കുന്ന ഫ്ലാറ്റുകളടക്കമുള്ള കെട്ടിടങ്ങൾ സൃഷ്ടിക്കുന്ന ഗുരുതരാഘാതങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ചത് പി.ടി. തോമസാണ്. ചട്ടലംഘനങ്ങൾ തടയാൻ അപ്പലേറ്റ് അതോറിട്ടി പരിഗണനയിലുണ്ടെന്ന് മന്ത്രി എ.സി. മൊയ്തീൻ മറുപടി നൽകി.

'ആവിഷ്കാര സ്വാതന്ത്ര്യ'ത്തിനായുള്ള പോരാട്ടത്തിന്റെ അപ്പോസ്തലനാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എന്നാൽ മതവികാരത്തെ വ്രണപ്പെടുത്തുന്ന നീക്കങ്ങളിൽ അങ്ങേയറ്റം ഉത്കണ്ഠാകുലനുമാണ്. ലളിതകലാ അക്കാഡമി കൊടുത്ത കാർട്ടൂൺ പുരസ്കാരം പിൻവലിക്കണമെന്നാണ് അതിനാൽ ആവശ്യം. അക്കാഡമിയുടെ സ്വാതന്ത്ര്യത്തിൽ കൈകടത്തില്ലെങ്കിലും പ്രത്യേക മത ചിഹ്നത്തെ അവഹേളിച്ച കാർട്ടൂണിന് നൽകിയ പുരസ്കാരം പുനഃപരിശോധിക്കാൻ നിർദ്ദേശിച്ചെന്ന് വ്യക്തമാക്കി മന്ത്രി എ.കെ. ബാലൻ പ്രതിപക്ഷ നേതാവിനെ ആശ്വസിപ്പിച്ചു.