മമ്മൂട്ടി ഓരോ തവണയും കാക്കി അണിയുമ്പോൾ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളമാണ്. കാരണം മറ്റൊന്നുമല്ല കരിയറിൽ ഏറ്റവും മികച്ച പൊലീസ് വേഷങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ചു എന്നത് തന്നെ. അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്ത 'ഉണ്ട'യിലും മമ്മൂട്ടി പൊലീസുദ്യോഗസ്ഥന്റെ വേഷമാണ് അവതരിപ്പിക്കുന്നതെങ്കിലും നേരത്തെ കണ്ടുപരിചയിച്ച പൊലീസ് വേഷമല്ലിത്. അത് തന്നെയാണ് സിനിമയുടെ ഹൈലൈറ്റും.
ഉണ്ടയില്ലാതെ വയ്ക്കുന്ന വെടി
മാവോയിസ്റ്റ് കേന്ദ്രമായ ഛത്തീസ്ഗഡിലെ ബസ്തറിൽ തിരഞ്ഞെടുപ്പ് ജോലിക്കായി കേരളത്തിൽ നിന്നെത്തുന്ന ഒരു സംഘം പൊലീസുകാരുടെ കഷ്ടപ്പാടിന്റെയും ബുദ്ധിമുട്ടുകളുടേയും കഥയാണ് നർമ്മത്തിൽ ചാലിച്ച് ഖാലിദ് പറയുന്നത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് തുടങ്ങുന്ന അവരുടെ കഷ്ടപ്പാട് വോട്ടെടുപ്പ് ദിനത്തിലെ അനിഷ്ട സംഭവങ്ങൾ വരെ നീളുന്നു. മതിയായ ആൾബലവും ആയുധബലവും ഇല്ലാതെ വനത്തിനുള്ളിലെ പോളിംഗ് ബൂത്തിന്റെ സുരക്ഷ കാക്കുന്ന അവരെ ആര് കാക്കും എന്നതിനാണ് സിനിമ ഉത്തരം തേടുന്നത്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പൊലീസ് സേനയെന്ന പേരെടുത്ത കേരള പൊലീസിന് ഒരു ആദരം കൂടിയാണ് സിനിമയിലൂടെ സംവിധായകൻ നൽകുന്നത്. 131 മിനിട്ടുള്ള സിനിമയുടെ ആദ്യ പകുതി മുഴുവൻ പൊലീസ് സംഘത്തിന്റെ യാത്രയും മറ്റുമാണ്. രണ്ടാം പകുതിയിലാണ് സിനിമ കൂടുതൽ ആസ്വാദ്യകരമായി പ്രേക്ഷകർക്ക് അനുഭവപ്പെടുക. ഏത് സമയവും മാവോയിസ്റ്റ് ആക്രമണം ഉണ്ടാകാനുള്ള സാദ്ധ്യതയുള്ളപ്പോൾ സംഘത്തിലെ ഒമ്പത് പൊലീസുകാർക്കുമായി ആകെയുള്ള ഒമ്പത് ഉണ്ട കൊണ്ട് എന്തുചെയ്യുമെന്ന് ആലോചിച്ച് ഓരോ നിമിഷവും ആശങ്കപ്പെടുകയും വീട്ടുകാരെ ഓർത്ത് ആകുലപ്പെടുകയും ചെയ്യുന്ന പൊലീസുകാരന്റെ മനസും സിനിമയിലൂടെ വരച്ച് കാണിക്കുന്നു. രണ്ടാം പകുതിയിൽ മാവോയിസ്റ്റ് ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലുള്ള വോട്ടെടുപ്പും തുടർന്നുള്ള സംഭവങ്ങളുമാണ്. യഥാർത്ഥ മാവോയിസ്റ്റുകളെ അറിയണമെങ്കിൽ അത് തിയേറ്ററിൽ നിന്ന് തന്നെ കാണണം. 2017ൽ ഇറങ്ങിയ ന്യൂട്ടൻ എന്ന ഹിന്ദി സിനിമയും സമാനമായ പ്രമേയമായിരുന്നു കൈകാര്യം ചെയ്തത്. ഛത്തീസഗ്ഡിലേക്ക് തിരഞ്ഞെടുപ്പ് ജോലിക്ക് പോയ ന്യൂട്ടൻ എന്ന സർക്കാർ ഉദ്യോഗസ്ഥന് നേരിടേണ്ടി വരുന്ന ദുരനുഭവങ്ങളായിരുന്നു ആ സിനിമ പറഞ്ഞത്. എന്നാൽ, ഈ ചിത്രത്തിൽ തീർത്തും വിഭിന്നമായ രാഷ്രട്രീയവും സംഭവങ്ങളുമാണ് ഉണ്ട പറയുന്നത്.
ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത് ഖാലിദും ഹർഷാദ് പി.കെയും ചേർന്നാണ്. എൻഗേജിംഗും റിയലിസ്റ്റിക്കുമായ ഈ തിരക്കഥ തന്നെയാണ് ഉണ്ടയെ ഒരു ഫീൽഗുഡ് മൂവി എന്ന തരത്തിലേക്ക് മാറ്റുന്നത്. സിനിമയുടെ തുടക്കത്തിൽ രണ്ട് സംഘങ്ങളായി യാത്ര തുടരുകയും പിന്നീട് മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ഒമ്പതംഗ സംഘത്തിലേക്ക് സിനിമ കേന്ദ്രീകരിക്കുകയും ചെയ്യുന്ന രീതിയാണ് തിരക്കഥാകൃത്തുക്കൾ അവതരിപ്പിച്ചിരിക്കുന്നത്. വനത്തിനുള്ളിൽ സൗകര്യങ്ങൾ കുറഞ്ഞ കുടുസുമുറിയിൽ ആഭ്യന്തര സഹായങ്ങളൊന്നുമില്ലാതെ കഴിയേണ്ടി വരുന്ന പൊലീസുകാരുടെ കഷ്ടപ്പാടുകൾ റിയലിസ്റ്റിക്കായി തന്നെ സംവിധായകൻ അവതരിപ്പിക്കുന്നുണ്ട്. അത് തന്നെയാണ് സിനിമയെ പ്രേക്ഷകർക്ക് ആസ്വാദ്യകരമാക്കുന്നതും.
എസ്.ഐ മണികണ്ഠൻ സി.പിയും സംഘവും
മണി എന്ന പേരിൽ അറിയപ്പെടുന്ന എസ്.ഐ മണികണ്ഠൻ സി.പിയെ അവതരിപ്പിക്കുന്ന മമ്മൂട്ടിയുടെ തികച്ചും വ്യത്യസ്തമായ പൊലീസ് വേഷമാണ് ഈ ചിത്രത്തിലേത്. സ്ത്രീലമ്പടനായ പൊലീസ് ഉദ്യോഗസ്ഥനായി വരെയെത്തിയ മമ്മൂട്ടി പക്ഷേ, ഇവിടെ വിസ്‌മയിപ്പിക്കുന്നത് ഉള്ളിൽ ഭയമുള്ള, സഹപ്രവർത്തകരുടെ കാര്യത്തിൽ ആധിയുള്ള മേലുദ്യോഗസ്ഥനായാണ്. ആത്മധൈര്യമുണ്ടെങ്കിലും പരിമിതികളുടെ അപര്യാപ്തത അയാളെ പലപ്പോഴും ആശങ്കപ്പെടുത്തുന്നതെങ്ങനെയെന്ന് മമ്മൂട്ടിയുടെ കഥാപാത്രം ആവർത്തിച്ച് വെളിവാക്കുന്നുണ്ട്. അർജുൻ അശോകൻ, ഷൈൻ ടോം ചാക്കോ, ഡോ.റോണി, ജേക്കബ് ഗ്രിഗറി, ലുക്ക്‌മാൻ, സംവിധായകരായ രഞ‍്ജിത്ത്, ദിലീഷ് പോത്തൻ, കലാഭവൻ ഷാജോൺ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങൾ. ആസിഫ് അലി, വിനയ് ഫോർട്ട് എന്നിവർ അതിഥിതാരമായും പട്ടാള ഉദ്യോഗസ്ഥനായി ഭഗവാൻ തിവാരിയും സിനിമയിലെത്തുന്നുണ്ട്.
സജിത്ത് പുരുഷന്റെ കാമറ മികച്ചുനിൽക്കുന്നു. വികസനം കടന്നുചെന്നിട്ടില്ലാത്ത പ്രദേശങ്ങളെ മനോഹരമായി തന്നെ പ്രശാന്ത് കാമറയിൽ പകർത്തിയിരിക്കുന്നു. പ്രശാന്ത് പിള്ളയുടെ സംഗീതവും സിനിമയുടെ പശ്ചാത്തലത്തിന് ഇണങ്ങുന്നതായി.
വാൽക്കഷണം: നിറതോക്ക് തന്നെയാണ്
റേറ്റിംഗ്: 3