തിരുവനന്തപുരം: തീരത്തെ വിഴുങ്ങുന്ന തിരകൾക്ക് മുന്നിൽ നിസഹായരായി പോകുന്ന ഒരു ജനവിഭാഗത്തിന്റെ മുഴുവൻ സങ്കടവും ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യത്തിന് മുന്നിൽ പൊട്ടിയൊഴുകി. ചിലർ കരഞ്ഞു, ചിലർ രോഷം കൊണ്ടു. കടലാക്രമണം ദുരിതം വിതച്ച കൊച്ചുതോപ്പ്, വലിയതുറ പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയതായിരുന്നു ബിഷപ്പിന്റെ നേതൃത്വത്തിലുള്ള സംഘം.
വീടിന്റെ അടിഭാഗം മുഴുവൻ കടലെടുത്തുപോയ കൊച്ചുതോപ്പിലെ ജോണി ലോറൻസിന്റെ വീട്ടിലാണ് ആദ്യമെത്തിയത്. തുടർന്ന് സമീപത്തുള്ള പ്രദേശങ്ങളും സന്ദർശിച്ച അദ്ദേഹം വലിയതുറ യു.പി സ്കൂളിലെ ക്യാമ്പും സന്ദർശിച്ചു. തിന്നാനും കുടിക്കാനും ഒന്നും വേണ്ട, ഉറങ്ങാൻ ഒരു വീട് കിട്ടിയാൽ മതിയെന്ന വിലാപങ്ങളാണ് ചുറ്റും ഉയർന്നത്.
പ്രായാധിക്യവും രോഗവും മൂലം ക്യാമ്പിലേക്ക് മാറാൻ കഴിയാത്തവർ വരെ ഈ പ്രദേശത്തുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
കഴിഞ്ഞദിവസം മന്ത്രിയെ തടഞ്ഞ തീരദേശം ബിഷപ്പിന് മുന്നിൽ ശാന്തരായിരുന്നെങ്കിലും ചെറിയതോതിൽ ചില പ്രതിഷേധസ്വരങ്ങൾ ഇന്നലെയും ഉയർന്നു. തങ്ങളുടെ വീടുകൾ സന്ദർശിക്കണമെന്നും അവകാശങ്ങൾ ലഭിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. തുടർന്ന് ചില പ്രദേശങ്ങൾ കൂടി സംഘം സന്ദർശിച്ചു. തീരസംരക്ഷണത്തിന്റെ ഭാഗമായി കല്ലിടുന്നതും മണൽചാക്ക് അടുക്കുന്ന സ്ഥലങ്ങളും വീക്ഷിച്ചു.
തീരദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണം: ബിഷപ്പ് സൂസപാക്യം
തിരുവനന്തപുരം: തീരദേശവാസികളുടെ ആശങ്കകൾ പരിഹരിക്കണമെന്നും അവഗണനയും നിസാരവത്കരണവും സമ്മതിച്ച് കൊടുക്കാനാവില്ലെന്നും ആർച്ച് ബിഷപ്പ് ഡോ.എം. സൂസപാക്യം പറഞ്ഞു. വലിയതുറ സെന്റ് ആന്റണീസ് ചർച്ച് പാരിഷ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കടലാക്രമണത്തിൽ 30ഓളം വീടുകൾ പൂർണമായി തകർന്നു. 80ഓളം വീടുകൾ അപകടഭീഷണിയിലാണ്. 72 കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നത്. ഫിഷറീസ്, റവന്യൂ, ജലസേചന വകുപ്പ് മന്ത്രിമാർക്ക് പലയാവർത്തി നിവേദനങ്ങൾ നൽകിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്ന് ബിഷപ്പ് പറഞ്ഞു. ആറിന ആവശ്യങ്ങൾ ഉന്നയിച്ച് പോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വികാരി ജനറൽ യൂജിൻ പെരേര, ഫാ. ഡേവിസൺ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഉന്നയിച്ച പ്രധാന ആവശ്യങ്ങൾ
1. ദുരിതാശ്വാസ ക്യാമ്പുകളിൽ ഭക്ഷണവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കുക
2. കടലാക്രമണഭീഷണിയുള്ളയിടങ്ങളിൽ കരിങ്കല്ലും മണൽചാക്കുമിട്ട് സംരക്ഷിക്കുക
3. അശാസ്ത്രീയമായി നിർമ്മിച്ച മുതലപ്പൊഴി മത്സ്യബന്ധന ഹാർബർ ശാസ്ത്രീയമായി പുനർനിർമിക്കുക
4. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് തീരശോഷണം സംഭവിക്കുന്ന പ്രദേശങ്ങൾ കടൽഭിത്തി കെട്ടി സംരക്ഷിക്കുക
5. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് നടത്തിയ പാരിസ്ഥിതിക ആഘാത വിലയിരുത്തൽ റിപ്പോർട്ട് ഉടൻ പുറത്തിറക്കുക
6. തുറമുഖവുമായി ബന്ധപ്പെട്ട് അനുവദിച്ചിരിക്കുന്ന പുനരധിവാസ പാക്കേജിൽ നിന്ന് വീട് നഷ്ടപ്പെട്ട കുടുംബങ്ങളെയും കടലാക്രമണ ഭീഷണി നേരിടുന്ന കുടുംബങ്ങളെയും പുനരധിവസിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കുക
.