തിരുവനന്തപുരം: ക്രിസ്തീയ മതാചാരത്തിലെ ചില ചിഹ്നങ്ങളെ അധിക്ഷേപിക്കുന്ന കാർട്ടൂണുകളോട് യോജിക്കാനാകാത്ത സാഹചര്യത്തിൽ ലളിത കലാ അക്കാഡമിയുടെ കാർട്ടൂൺ പുരസ്കാരങ്ങൾ പുനഃപരിശോധിക്കാൻ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ടെന്നു മന്ത്രി എ.കെ. ബാലൻ നിയമസഭയെ അറിയിച്ചു. അവാർഡ് പുനഃപരിശോധിക്കണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷനു മറുപടി പറയുകയായിരുന്നു മന്ത്രി.
പുരസ്കാരം ലഭിച്ച കെ.കെ. സുഭാഷിന്റെ കാർട്ടൂൺ പ്രത്യേക മതത്തിന്റെ പ്രതീകങ്ങളെ അവഹേളിക്കുന്നതും പ്രകോപനപരവുമാണെന്നാണ് ആക്ഷേപം. ഒരു പ്രമേയത്തെ അധികരിച്ചുള്ള ആവിഷ്കാര സ്വാതന്ത്ര്യത്തിൽ സർക്കാർ ഇടപെടുന്നില്ല. പ്രമേയത്തെ സർക്കാർ അംഗീകരിക്കുന്നു. പക്ഷേ ക്രിസ്തീയ മതാചാരപ്രകാരമുള്ള ചിഹ്നങ്ങളെ അധിക്ഷേപകരമായി ചിത്രീകരിക്കുന്നതിനോടു സർക്കാരിന് യോജിപ്പില്ലെന്നും മന്ത്രി പറഞ്ഞു.