editorial-

മന്ത്രിമാരായി നിയമിതരായാൽപ്പിന്നെ ശേഷിക്കുന്നതെല്ലാം സ്വന്തം ഇഷ്ടംപോലെ എന്ന പൊതുധാരണ തിരുത്തുന്നതാണ് പുതിയ കേന്ദ്രമന്ത്രിമാർക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയിൽ നിന്ന് ലഭിച്ച നിർദ്ദേശം. മന്ത്രിമാർക്ക് എന്തൊക്കെ ആകാമെന്നും എന്തൊക്കെ ചെയ്തു കൂടെന്നും അനുശാസിച്ചു കൊണ്ടുള്ളതാണ് പ്രധാനമന്ത്രി പുറപ്പെടുവിച്ച പെരുമാറ്റച്ചട്ടം. തലസ്ഥാനത്തുള്ള ദിവസങ്ങളിൽ എല്ലാ മന്ത്രിമാരും കൃത്യമായി രാവിലെ ഒൻപതരമണിക്കു തന്നെ ഒാഫീസുകളിൽ എത്തണമെന്നതാണ് നിർദ്ദേശങ്ങളിൽ ആദ്യത്തേത്. ഒാഫീസിലെത്തി ഹാജർ വച്ചാൽ മാത്രം പോര. വൈകിട്ട് വരെ അവിടെ കാണുകയും വേണം. ആശ്രിതരെക്കൊണ്ട് ഫയലുകൾ എടുപ്പിച്ച് വീട്ടിൽ കൊണ്ടുപോയി സമയം കിട്ടുന്ന മുറയ്ക്ക് പരിശോധിക്കുന്ന ഏർപ്പാടും വിലക്കിയിട്ടുണ്ട്. പാർലമെന്റ് സമ്മേളനമുള്ള നാല്പത് ദിവസം വിദേശയാത്രയ്ക്കും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. ഒൗദ്യോഗിക കൃത്യനിർവഹണത്തിൽ വീഴ്ച പാടില്ല. അടുത്ത അഞ്ച് വർഷത്തിനിടയിൽ ചെയ്തുതീർക്കാവുന്ന പുതിയ വികസന പദ്ധതികളെക്കുറിച്ച് ആലോചിച്ച് കർമ്മപദ്ധതികൾ തയ്യാറാക്കണം. കൂട്ടത്തിൽ പുതിയ എം.പിമാരുമായി ഇതേപ്പറ്റിയെല്ലാം ചർച്ചകൾ നടത്തി അവരുടെ പങ്കാളിത്തം ഉറപ്പാക്കുകയും വേണം. കേന്ദ്രമന്ത്രിസഭയുടെ ആദ്യ യോഗത്തിലാണ് പ്രധാനമന്ത്രി തന്റെ മന്ത്രിമാർക്ക് പെരുമാറ്റ സംഹിതയുമായി എത്തിയത്. പുതിയ സർക്കാരിന്റെ ആദ്യ നൂറുദിനത്തിനിടയിൽ ചെയ്തു തീർക്കേണ്ട കാര്യങ്ങൾ സംബന്ധിച്ച് മന്ത്രിമാർ പ്രധാനമന്ത്രിക്ക് റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.

മന്ത്രിമാർക്കും പെരുമാറ്റച്ചട്ടമോ എന്ന് പുരികം ചുളിക്കുന്നവരുണ്ടാകാമെങ്കിലും സംസ്ഥാന സർക്കാരുകൾക്കും സ്വീകരിക്കാവുന്ന നല്ല നിർദ്ദേശങ്ങളാണിതെന്ന് നിസംശയം പറയാം. ഭരണമെന്നാൽ ഉൗരുചുറ്റലും ഉദ്ഘാടനച്ചടങ്ങുകളും വളുവളുപ്പൻ വായ്‌ത്താരികളുമെന്നു ധരിച്ചുവശായവർക്ക് ഇതൊക്കെ ഉൾക്കൊള്ളാൻ സ്വാഭാവികമായും വൈഷമ്യം കാണും. എന്നാൽ ഭരണനിർവഹണ രംഗത്ത് വിപ്ളവകരമായ ചലനങ്ങൾ സൃഷ്ടിക്കാനുതകുന്നതാണ് പ്രധാനമന്ത്രി മുന്നോട്ടു വച്ചിട്ടുള്ള മാർഗനിർദ്ദേശങ്ങൾ. മന്ത്രിമാർ തങ്ങളുടെ ജോലിയിൽ എത്രമാത്രം ആത്മാർത്ഥത കാണിക്കുന്നോ അതിന്റെ പ്രതിഫലനം താഴെത്തട്ടുകളിലും ഉണ്ടാകും. ഫയലുകളിൽ കാലതാമസം കൂടാതെ തീരുമാനങ്ങൾ സാദ്ധ്യമാകും. ഭരണസിരാകേന്ദ്രത്തിലും മന്ത്രിമാരുടെ മേശപ്പുറത്തും എത്തുന്ന ഒാരോ ഫയലിന് പിന്നിലും നീതിതേടിയുള്ള രോദനം കേൾക്കാം. പ്രശ്നപരിഹാരം തേടി താഴെത്തലങ്ങളിൽ ഒട്ടേറെ അലഞ്ഞ് പരിഹാരമുണ്ടാകാതെ വരുമ്പോഴാണ് അവസാനം അപേക്ഷ ബന്ധപ്പെട്ട മന്ത്രിമാരുടെ പരിഗണനയ്ക്ക് വരാറുള്ളത്. മന്ത്രി ഉൗരുചുറ്റൽ കഴിഞ്ഞ് തലസ്ഥാനത്ത് എത്തിയാൽത്തന്നെ എല്ലാം കാണണമെന്നില്ല. അത്രയധികം ഫയലുകൾ തീർപ്പിനായി കാത്തുകിടപ്പുണ്ടാവും. പ്രവൃത്തിദിനങ്ങളിൽ നിരവധി കോൺഫറൻസുകളും പൊതുയോഗങ്ങളും നിവേദക സംഘങ്ങളുമൊക്കെ മന്ത്രിയെ കാത്തിരിപ്പുണ്ടാകും. ഒന്നിനും സമയം തികയാതെ ഒാടിപ്പായുന്നതിനിടയിൽ ശ്രദ്ധാപൂർവം കൈകാര്യം ചെയ്യേണ്ട പലതും അവഗണിച്ചെന്നു വരാം. മന്ത്രിസഭായോഗത്തിന് കൃത്യമായ ദിവസം നിശ്ചയിച്ചിരുന്നില്ലെങ്കിൽ മന്ത്രിമാരിൽ പലരും തലസ്ഥാനത്ത് വരിക പോലുമില്ലായിരുന്നു എന്നുപറയുന്നത് വെറുതേയല്ല. അനുഭവങ്ങൾ അങ്ങനെയാണ്.

ഏതൊരു സർക്കാരിന്റെയും പ്രവർത്തന മികവ് ഭരണ നിർവഹണത്തിൽ ദൃശ്യമാകുന്ന വേഗത വിലയിരുത്തിയാണ്. പദ്ധതികൾ ആവിഷ്കരിക്കുന്നതിലും നടപ്പാക്കുന്നതിലും ചുറുചുറുക്ക് പരമ പ്രധാനമാണ്. തങ്ങളുടെ വകുപ്പിന്റെ കീഴിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളിൽ മന്ത്രിയുടെ മേൽനോട്ടവും നിരീക്ഷണവുമില്ലെങ്കിൽ ഉദ്യോഗസ്ഥർ നിശ്ചയിക്കുന്ന പടിയായിരിക്കും അവ പോവുക. സമയത്തും കാലത്തും പദ്ധതികൾ പൂർത്തിയാകാതെ പോകുന്നതിന് പ്രധാന കാരണം ബന്ധപ്പെട്ട മന്ത്രിമാരുടെ നേരിട്ടുള്ള ഇടപെടൽ ഉണ്ടാകാത്തതു കൊണ്ടാണ്.

മന്ത്രിമാർ കൃത്യമായി തങ്ങളുടെ ഒാഫീസിൽ ഹാജരാവുകയും മുഷിഞ്ഞിരുന്ന് ജോലി ചെയ്യുകയും ചെയ്താൽ ഗുണം പലതരത്തിലാണ്. ഉദ്യോഗസ്ഥന്മാർ കൂടുതൽ കൃത്യനിഷ്ഠയും അച്ചടക്കമുള്ളവരുമാകും. ബന്ധപ്പെട്ട എല്ലാവരുടെയും സാന്നിദ്ധ്യമുള്ളതിനാൽ തീരുമാനങ്ങളും എളുപ്പത്തിൽ എടുക്കാൻ കഴിയും. ഭരണം കൂടുതൽ വേഗത്തിലായാൽ പ്രയോജനം ജനങ്ങൾക്കാണ്. എന്തിനും ഏതിനും മന്ത്രിമാരെ കെട്ടി എഴുന്നെള്ളിച്ചേ അടങ്ങൂ എന്ന നിർബന്ധബുദ്ധി ഉപേക്ഷിക്കാൻ സമൂഹവും തയാറാകേണ്ടതുണ്ട്. ജനപ്രതിനിധികളെന്ന നിലയ്ക്ക് പൊതുപരിപാടികളിൽ പലതിലും സംബന്ധിക്കാൻ മന്ത്രിമാർ നിർബന്ധിതരാണെങ്കിലും കുറച്ചൊക്കെ നിയന്ത്രണം അത്യാവശ്യമാണെന്ന് ഒാർമ്മിപ്പിക്കുന്നതാണ് ഇപ്പോഴത്തെ അവസ്ഥ.

പ്രധാനമന്ത്രിയുടെ പുതിയ പരീക്ഷണം വിജയിച്ചാൽ രാജ്യത്തിന് വലിയ നേട്ടമാകും. മുകളിൽ ഒരാൾ എല്ലാം നോക്കാനും കാണാനും ഉണ്ടെന്നു വന്നാൽത്തന്നെ മന്ത്രിമാരുടെ പ്രവർത്തനങ്ങളിൽ കൂടുതൽ മികവും കാര്യക്ഷമതയും പ്രകടമാകും. അലസതയും കെടുകാര്യസ്ഥതയുമുള്ളവരെ കണ്ടെത്താനും ഒഴിവാക്കാനുമുള്ള അവസരം കൂടിയാകും ഇത്. മികച്ച ഭൂരിപക്ഷമുള്ളതിനാൽ പ്രധാനമന്ത്രിക്ക് ധീരമായിത്തന്നെ തന്റെ പരീക്ഷണവുമായി മുന്നോട്ടു പോകാനും കഴിയും.