കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ - ന്യൂസിലാന്റ് മത്സരം മഴ മുടക്കിയെങ്കിലും മറ്റൊരു ചരിത്ര നിമിഷത്തിന് ട്രെൻഡ് ബ്രിഡ്‌ജ് വേദിയായി. തന്റെ പ്രിയപ്പെട്ട കോച്ച് ജോൺ റൈറ്റിനെ വീണ്ടും കണ്ടുമുട്ടിയതിന്റെ സന്തോഷത്തിലാണ് മുൻ ഇന്ത്യൻ ക്യാപ്ടൻ സൗരവ് ഗാംഗുലി. ഇന്ത്യൻ ക്രിക്കറ്റിന് നിരവധി സുവർണ നിമിഷങ്ങൾ സമ്മാനിച്ച കോച്ച് - ക്യാപ്ടൻ കൂട്ടുകെട്ടായ ഇരുവരും കമന്ററി ടീമിന്റെ ഭാഗമാണ്. ഒരുമിച്ചുള്ള നല്ല നിമിഷങ്ങൾ ഓരോന്നായി ഇരുവരും ഓർത്തെടുത്തു. ഇന്ത്യൻ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്ന് റൈറ്റ് പറഞ്ഞു. ക്യാപ്ടൻ എന്ന നിലയിൽ ഗാംഗുലിയ്‌ക്കും വിദേശ പരിശീലകൻ എന്ന നിലയിൽ തനിക്കും വെല്ലുവിളികൾ നിരവധി ഉണ്ടായിരുന്നെന്നും റൈറ്റ് കൂട്ടിച്ചേർത്തു.
റൈറ്റിനെ ആദ്യമായി കണ്ട നിമിഷങ്ങൾ ഓർത്തെടുത്തു കൊണ്ടാണ് ഗാംഗുലി തന്റെ സൗഹൃദം പുതുക്കിയത്. റൈറ്റ് തനിക്ക് പരിശീലകൻ എന്നതിലുപരി വളരെ നല്ല ഒരു സുഹൃത്ത് കൂടിയായിരുന്നെന്നും റൈറ്റ് ഇന്ത്യൻ ടീമിനെ വളരെ നന്നായി മനസിലാക്കിയ വ്യക്തിയാണെന്നും ഗാംഗുലി പറഞ്ഞു. 2000 മുതൽ 2005 വരെയാണ് ജോൺ റൈറ്റ് ഇന്ത്യയെ പരിശീലിപ്പിച്ചത്. അക്കാലയളവിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്ടൻ ഗാംഗുലിയായിരുന്നു. 2003 ൽ ഇന്ത്യയെ ലോകകപ്പ് ഫൈനൽ വരെ എത്തിക്കാൻ ഇരുവർക്കും സാധിച്ചു.