ആറ്റിങ്ങൽ: ലോറിയിടിച്ച് തകർന്ന മാമംപാലത്തിന്റെ കൈവരിയും നടപ്പാതയും മാസങ്ങൾ കഴിഞ്ഞിട്ടും നന്നാക്കാത്തത് യാത്രക്കാർക്ക് ഭീഷണി ഉയർത്തുന്നു. അപകടമേഖലയായി മാറിയ ഈ പാലത്തിലൂടെ കാൽനടക്കാർക്ക് സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. തകർന്നു കിടക്കുന്ന കൈവരിയും യാത്രക്കാരിൽ അപകട ഭീതി വളർത്തുന്നു. കഴിഞ്ഞ നവംബർ 10ന് എറണാകുളത്തുനിന്ന് ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി പാലത്തിന്റെ കൈവരിയിലേക്കിടിച്ചുകയറി ഉണ്ടായ അപകടത്തിലാണ് കൈവരിയും നടപ്പാതയും തകർന്നത്. കൈവരി തകർത്ത് മുന്നോട്ടുനീങ്ങിയ ലോറി നടപ്പാതയിലെ സ്ലാബുകൾ തകർത്ത് കുഴിയിൽ ടയർ കുടുങ്ങി നിൽക്കുകയായിരുന്നു. ഇതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവം നടന്ന് ഏഴ് മാസം കഴിഞ്ഞിട്ടും നടപ്പാതയിലെ സ്ലാബ് മാറ്റിയിടാനോ തകർന്ന കൈവരി നന്നാക്കാനോ അധികൃതർ തയ്യാറാകാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.