വെള്ളറട : കുന്നത്തുകാൽ നിവാസികളുടെ വർഷങ്ങളുടെ കാത്തിരിപ്പിന് ശുഭാന്ത്യം.
കുന്നത്തുകാൽ പഞ്ചായത്ത് പ്രദേശത്തിന് സ്വന്തമായൊരു കുടിവെള്ള പദ്ധതിയെന്ന മോഹം പൂവണിയുകയാണ്. പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമ ഘട്ടത്തിലാണ്.
പഞ്ചായത്ത് പ്രദേശത്ത് മുഴുവൻ വെള്ളം എത്തിക്കുകയെന്ന ഉദ്ദേശ്യത്തോടു കൂടി വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പദ്ധതി പാതിവഴിയിൽ മുടങ്ങിപ്പോയിരുന്നു. തുടർന്ന് സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഇടപെട്ട് പ്രതിസന്ധികൾ പരിഹരിച്ചാണ് പദ്ധതി പുനഃരാരംഭിച്ചത്.
മലയോര ഗ്രാമ പഞ്ചായത്ത് പ്രദേശങ്ങളിൽ കുടിവെള്ളം എത്തിക്കാൻ ലോകബാങ്കിന്റെ സഹായത്തോടെ ആരംഭിച്ച കാളിപ്പാറ പദ്ധതി കുന്നത്തുകാലിന്റെ 'ദാഹം" അകറ്റാതായതോടെയാണ് കുന്നത്തുകാലിനു മാത്രമായി ഒരു പദ്ധതി തുടങ്ങിയത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആനാവൂർ നാഗപ്പന്റെ നേതൃത്വത്തിൽ പദ്ധതി രൂപരേഖ തയ്യാറാക്കി സർക്കാരിന് സമർപ്പിച്ചതിനെ തുടർന്ന് 18 കോടി രൂപ അനുവദിച്ചിരുന്നു.
കുന്നത്തുകാലിലെ നെയ്യാറിന്റെ ഭാഗമായ പഴമല ആറ്റിൽ നിന്നുള്ള വെള്ളം മണവാരിയിലെ ട്രീറ്റ്മെന്റ് പ്ളാന്റിലെത്തിച്ച് ശുദ്ധീകരിച്ചശേഷം ഉയരമേറിയ കോട്ടുകോണത്ത് ഓവർ ഹെഡ് ടാങ്ക് പണിത് ജലം വിതരണം ചെയ്യാനായിരുന്നു പദ്ധതി. ഇതിനായി മണവാരിയിൽ ഭൂമി ഏറ്റെടുത്ത് ട്രീറ്റ്മെന്റ് പ്ളാന്റും വിതരണ കുഴലുകളും സ്ഥാപിച്ചു. എന്നാൽ കോട്ടുക്കോണത്ത് ഭൂമി വാങ്ങുന്നതിനെ സംബന്ധിച്ച് തർക്കമുണ്ടാവുകയും തുടർന്നുണ്ടായ രാഷ്ട്രീയ വടംവലികളിൽ പദ്ധതി 'പാളിപ്പോവുകയും' ചെയ്തു.
ഇതിനിടയിൽ ശുദ്ധീകരണ ടാങ്കിൽ നിന്ന് ജലവിതരണം ആരംഭിച്ചെങ്കിലും സാങ്കേതിക തകരാറുകൾ കാരണം വെള്ളം എത്തിക്കാൻ കഴിയാതായി. ശക്തമായ പമ്പിംഗ് കാരണം പൈപ്പുകൾ പൊട്ടി വെള്ളം പാഴാവുകയും റോഡുകൾ തകരുകയും ചെയ്തു. ദിനവും അറ്റകുറ്റപ്പണി നടത്താനേ സമയമുണ്ടായിരുന്നുള്ളൂ.
സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ ഇടപെടലിനെ തുടർന്ന് ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കാൻ 385 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പദ്ധതി നിർമ്മാണം പുനഃരാരംഭിച്ചത്.
നിർമ്മാണം അന്തിമഘട്ടത്തിൽ
സി.കെ. ഹരീന്ദ്രൻ എം.എൽ.എ ഇടപെട്ടതോടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ച് വളരെ വേഗത്തിൽ പണികൾ തുടങ്ങി. നിലവിൽ കുടിവെള്ള പദ്ധതി നിർമ്മാണം പൂർത്തീകരണത്തിന്റെ വക്കിലാണ്. ഇനി വിതരണ ടാങ്ക് നിർമ്മാണവും അനുബന്ധ പൈപ്പുകളും അവസാനഘട്ട മിനുക്കുപണികളും ചെയ്താൽ കുന്നത്തുകാൽ പ്രദേശത്തെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമാകും.
കുന്നത്തുകാൽ കുടിവെള്ള പദ്ധതി
2004ൽ തുടങ്ങി
2010 ഓടെ നിലച്ചു
2017 ൽ പുനഃരാരംഭിച്ചു
ചെലവ് 18 കോടി
ഓവർ ഹെഡ് ടാങ്ക് നിർമ്മിക്കാൻ 385 ലക്ഷം രൂപ