വർക്കല: വീട്ടിലെ അടുക്കള മാലിന്യത്തിൽ നിന്ന് സ്വന്തം വാഹനം ഓടിക്കാനുള്ള ഇന്ധനവും ഇനി ഉത്പാദിപ്പിക്കാം. പാരിപ്പള്ളി വലിയകൂനമ്പായിക്കുളത്തമ്മ കോളേജ് ഒഫ് എൻജിനീയറിംഗ് ആൻഡ് ടെക്നോളജിയിലെ അവസാന വർഷ മെക്കാനിക്കൽ എൻജിനീയറിംഗ് വിദ്യാർത്ഥികളാണ് ഇത്തരം ഒരാശയം യാഥാർത്ഥ്യമാക്കിയത്. അടുക്കള മാലിന്യത്തിൽ നിന്നുത്പാദിപ്പിച്ച ഇന്ധനം ഉപയോഗിച്ച് ഓടുന്ന ഇരുചക്രവാഹനവും വിദ്യാർത്ഥികളായ ശബരീരാജ്, അമൽ, ഹിലാൽ, സൂരജ് എന്നിവർ പ്രദർശിപ്പിച്ചു. വാഹനഇന്ധനം വീട്ടിൽ ഉത്പാദിപ്പിക്കുക എന്ന ആശയത്തിനു പുറമെ ഉയർന്ന ഇന്ധനക്ഷമത, കുറഞ്ഞ മലിനീകരണം എന്നീ ലക്ഷ്യങ്ങൾ കൂടി മുൻനിറുത്തിയാണ് വിദ്യാർത്ഥികൾ പ്രോജക്ട് പൂർത്തിയാക്കിയത്. അടുക്കള മാലിന്യത്തിൽ നിന്നുള്ള ബയോഗ്യാസ് ശുദ്ധീകരിച്ച് ഉയർന്ന മർദ്ദത്തിൽ സംഭരിക്കാനുള്ള സാങ്കേതിക വിദ്യയും ഇതിനോടനുബന്ധമായി വികസിപ്പിച്ചിട്ടുണ്ട്. ബയോഗ്യാസിനു പുറമെ എൽ.പി.ജി, സി.എൻ.ജി, പെട്രോൾ തുടങ്ങിയ ഇന്ധനങ്ങളും ഉപയോഗിക്കാൻ പര്യാപ്തമായ നിലയിൽ വാഹനം രൂപമാറ്റം വരുത്തിയിട്ടുണ്ട്. മെക്കാനിക്കൽ എൻജിനീയറിംഗ് വിഭാഗത്തിലെ അദ്ധ്യാപകരായ വിഷ്ണു.എം, ചന്തു.എസ്, പ്രതീഷ്.കെ എന്നിവരുടെ മേൽനോട്ടത്തിലാണ് വിദ്യാർത്ഥികൾ പ്രോജക്ട് പൂർത്തിയാക്കിയത്.