ഒരു ശില്പി മരത്തെ കാണുന്നത് മരപ്പണിക്കാരൻ കാണുന്നതു പോലെയായിരിക്കുകയില്ല. മരപ്പണിക്കാരന്റെ ചിന്ത മരത്തിൽ നിന്നുകിട്ടുന്ന തടിയുടെ അളവും വിളവുമൊക്കെയായിരിക്കും. എന്നാൽ ശില്പി ചിന്തിക്കുന്നത് അതിൽനിന്ന് കൊത്തിയുണ്ടാക്കാവുന്ന ശില്പങ്ങളെക്കുറിച്ചായിരിക്കും. മരപ്പണിക്കാരൻ മരത്തിൽ തന്റെ ഉളി താഴ്ത്തുന്നത് കൈക്കരുത്തു കൊണ്ടാണെങ്കിൽ ശില്പി മരത്തിൽ ഉളി താഴ്ത്തുന്നത് ദൈവികതയുടെ ഹൃദയമിടിപ്പ് കേൾക്കാവുന്നത്ര ഏകാഗ്രതയോടെയായിരിക്കും. ഇവിടെ രണ്ടുപേരും ഉപയോഗിക്കുന്ന സാമഗ്രികൾ ഒന്നു തന്നെ. പക്ഷേ അവരുടെ സമചിത്തതയും സമീപനവും സമാദരവും വ്യത്യസ്തമാണ്. ഈ ലോകത്തിൽ ഈയൊരു മരമേയുള്ളൂ എന്നപോലെയാവും ശില്പിയുടെ പെരുമാറ്റം.
ഒരു പൂന്തോട്ടത്തെ തോട്ടക്കാരൻ കാണുന്നതിലും പൂജാരി കാണുന്നതിലും വലിയ അന്തരമുണ്ടായിരിക്കും. തോട്ടക്കാരന്റെ ശ്രദ്ധ പൂക്കളേക്കാൾ അതിലിരിക്കുന്ന കീടങ്ങളിലും കളകളിലുമായിരിക്കും. അയാൾ അഴുക്കു നിറഞ്ഞ കൈകൾ കൊണ്ട് പൂക്കളെ വേർപ്പെടുത്തും. പൂക്കളുടെ സൗന്ദര്യവും നിറവും സുഗന്ധവുമൊന്നും അയാളുടെ മനം കവരില്ല. എന്നാൽ പൂജാരി പൂക്കളെ കാണുന്നത് ഭഗവദ് പാദങ്ങളിൽ അർച്ചിക്കാനുള്ള പൂജാമലരുകളായിട്ടാണ്. അയാൾ ശുദ്ധിചെയ്ത കൈകൾ കൊണ്ട് മന്ത്രോച്ചാരണത്തോടെ പൂക്കളെ ഇറുത്തെടുത്ത് തളികയിൽ വയ്ക്കുന്നു. ഭഗവാനു പൂജ ചെയ്യാനായി ഈ ലോകത്ത് ആ പൂക്കളേയുള്ളൂ എന്ന മട്ടിൽ.
ഓരോരുത്തരുടെയും വാസനയും ഇംഗിതവും കർമ്മബന്ധവും അനുസരിച്ചാവും കാഴ്ചകൾ രൂപപ്പെടുന്നത്. ചിലർ വലിയ വിലകൊടുത്ത് കിളികളെ വാങ്ങി കൂട്ടിലടച്ച് പാലും പഴവും കൊടുത്ത് വളർത്തുന്നു. എന്നിട്ട് തന്റെ പക്ഷി സ്നേഹത്തെപ്പറ്റി വാചാലമായി സംസാരിക്കുന്നു. എന്നാൽ മറ്റു ചിലർ വിഹായസിൽ പറന്നുനടക്കുന്ന കിളികൾക്ക് ധാന്യമണികൾ വിതറിക്കൊടുക്കുന്നു. ചില കുട്ടികൾക്ക് കിളികളെ എറിയുന്നതിലാണ് സന്തോഷം. ചില കുട്ടികൾ അവയ്ക്ക് ആഹാരം കൊടുക്കുന്നതിലാണ് സന്തോഷിക്കുന്നത്. ഈയടുത്ത കാലത്ത് തന്റെ സൈക്കിൾ കയറി ചത്തുപോയ ഒരു കോഴിക്കുഞ്ഞിനെയുമെടുത്ത് പത്തുരൂപയുമായി ആശുപത്രിയിലേക്കോടിയ ഒരു കൊച്ചുകുട്ടിയെ ഓർത്തുപോകുന്നു. അവനെക്കൊണ്ട് അത് ചെയ്യിപ്പിച്ചത് അവനിലിരിക്കുന്ന അനുകമ്പയാണ്. മറിച്ച് അവയെ എറിഞ്ഞ് അതിന്റെ രോദനത്തിൽ ആനന്ദിക്കുന്നവൻ വാസ്തവത്തിൽ അവനിൽ ദൈവം നിക്ഷേപിച്ചു വച്ചിരിക്കുന്ന ആനന്ദക്കുടത്തിനു നേരേയാണ് എറിയുന്നത്. അത് തിരിച്ചറിയാൻ ആ പ്രായത്തിൽ അവന് കഴിഞ്ഞെന്നു വരില്ല. അതുകൊണ്ട് മുതിർന്നവരാണ് അവനെ തിരുത്തേണ്ടത്. ഇല്ലെങ്കിൽ അവനെ അന്ന് തിരുത്താതിരുന്നവർ, അവൻ മുതിരുമ്പോൾ അവനിൽ നിന്ന് പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്നോർക്കണം. മുതിർന്നവർ കുഞ്ഞുങ്ങളുടെ ഓരോ കളികളിലും കാര്യങ്ങളിലും ശ്രദ്ധ പുലർത്തണം. അവരുടെ ഉള്ളിൽ പൂക്കളിൽ തേൻകുടമെന്നപോലെ ഇരിക്കുന്ന ആനന്ദക്കുടങ്ങൾക്ക് പൊട്ടലുണ്ടാകുന്ന യാതൊന്നും അനുവദിക്കരുത്.
ഒരിക്കൽ ഗുരുദേവതൃപ്പാദങ്ങൾ അഞ്ചുതെങ്ങ് കടപ്പുറത്ത് കാറ്റുകൊള്ളാൻ ഇരിക്കുകയായിരുന്നു. അപ്പോൾ പത്മനാഭൻ എന്നുപേരുള്ള ഒരു കുട്ടി കടൽത്തീരത്തുള്ള മാളങ്ങളിൽ കൈയിട്ട് ചെറുഞണ്ടുകളെ പിടിക്കുന്നുണ്ടായിരുന്നു. പിന്നീട് അവൻ പച്ചഈർക്കിൽ കീറിമുറിച്ച് അതിന്റെയറ്റത്ത് എണ്ണയിൽ മുക്കിയ തുണി ചുറ്റി കത്തിക്കുകയും അതിന്റെ മറ്റേയറ്റം ഞണ്ടിന്റെ കൺതടത്തിൽ കുത്തിയിറക്കുകയും ചെയ്തു. അതു പ്രാണവേദനയോടെ കത്തിച്ചുവെച്ച ഈർക്കിൽ പന്തവുമായി ഓടിനടക്കുന്നത് കണ്ട് പത്മനാഭൻ പൊട്ടിച്ചിരിക്കുകയും അട്ടഹസിക്കുകയും ചെയ്തു. ആ ക്രൂരവിനോദം കണ്ടിട്ട് ഗുരുദേവൻ പെട്ടെന്ന് അവനെ അടുത്തു വിളിച്ച് ഉപദേശിച്ചു.
'ഈ സാധുജീവികളെ നീ എന്തിനാണ് ഉപദ്രവിക്കുന്നത്? അത് പാപമല്ലേ. മേലാൽ ഞണ്ടിനെ പിടിക്കരുത്. പിടിക്കുമോ? "
അവൻ 'ഇല്ല" എന്ന് പറഞ്ഞു.
അതുകേട്ടിട്ട് ഗുരുദേവൻ പത്മനാഭന് ഒരു മുന്നറിയിപ്പ് കൂടി നല്കി. ഇനി ഞണ്ടിനെ പിടിച്ചാൽ വിരൽ പോകും.
സന്ധ്യയോടെ ഗുരുദേവൻ കടപ്പുറത്തു നിന്നും മടങ്ങിപ്പോയി. അടുത്ത ദിവസവും പത്മനാഭൻ കടപ്പുറത്തെത്തി. അവൻ നാലുപാടും നോക്കി. ഗുരുദേവൻ കടപ്പുറത്തില്ലെന്നു ഉറപ്പുവരുത്തി. അതിനുശേഷം കൈയിൽ കരുതിയിരുന്ന പച്ചഈർക്കിൽ കീറിമുറിച്ച് തലപ്പത്ത് എണ്ണമുക്കിയ തുണി ചുറ്റിവച്ചു. എന്നിട്ട് പതിവുപോലെ മാളങ്ങളിൽ നിന്നും ഞണ്ടിനെ പിടിക്കാനൊരുങ്ങി. ഇത്തവണ വലിയൊരു മാളത്തിൽത്തന്നെ കൈകടത്തി അവൻ വലിയൊരു ഞണ്ടിനെ പിടിച്ചു. പെട്ടെന്ന് പത്മനാഭൻ അലറിവിളിച്ച് കരഞ്ഞു. മാളത്തിൽനിന്നും കൈ പുറത്തേക്ക് വലിച്ചെടുത്തു. നടുവിരൽ മുറിഞ്ഞു തൂങ്ങി രക്തം ഒഴുകുന്നുണ്ടായിരുന്നു. അവൻ പ്രാണവേദനയോടെ വീട്ടിലേക്കോടി. ആ മുറിവുണങ്ങിയപ്പോൾ അവന്റെ നടുവിരൽ ചുരുങ്ങി ചെറുവിരലിനേക്കാൾ ചെറുതായിത്തീർന്നിരുന്നു. തിരുത്തേണ്ടതിനെ തിരുത്തേണ്ട നിലയിൽ തിരുത്താതിരുന്നാൽ ഇതാവും ഫലം.
നമ്മിലിരിക്കുന്ന ആനന്ദക്കുടം പോലെയൊന്ന് ഈ ജഗത്തിലെ സർവപ്രാണിവർഗങ്ങളിലും ഈശ്വരൻ ഒളിപ്പിച്ച് വച്ചിട്ടുണ്ടെന്നോർമ്മ വേണം. അതിനെ പൊട്ടിക്കുന്നതോ പൊട്ടിക്കാൻ കൂട്ടുനില്ക്കുന്നതോ ദൈവഹിതമല്ല.
എന്നിലെ പ്രാണനെ എണ്ണാതെ വിടുന്ന ഞാൻ അതിനെ തിട്ടപ്പെടുത്തി വിടുന്ന ഈശ്വരന്റെ കൃപയോർത്താൽ, ഈശ്വരൻ തന്ന കണ്ണിലൂടെയാണ് ഞാൻ ഈ ലോകത്തെ കാണുന്നതെന്ന ബോദ്ധ്യം ഉറച്ചാൽ ദൈവം നമ്മെ സ്നേഹിക്കുന്നത് ഈ ലോകത്ത് നമ്മൾ ഒരാൾ മാത്രമേയുള്ളൂ എന്ന പോലെയാണെന്നു അനുഭവപ്പെടും.