തിരുവനന്തപുരം: കേരള കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടൻ സത്യന്റെ 48 ാം ചരമവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും സത്യൻ ഫിലിം ഫെസ്റ്റിവലും നടത്തും. ഇന്ന് രാവിലെ 8.30ന് സത്യന്റെ നായികയായി അഭിനയിച്ച കുട്ട്യേടത്തി വിലാസിനിയുടെ നേതൃത്വത്തിൽ കൾച്ചറൽ ഫോറം ഭാരവാഹികൾ സത്യന്റെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തും. ഉച്ചയ്ക്ക് 2ന് സത്യൻ സ്മാരക ഹാളിൽ അവധിക്കാല ക്ലാസിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ കലാപരിപാടികൾ ഉണ്ടായിരിക്കും. സത്യൻ സ്മാരക ഹാളിൽ വൈകിട്ട് 4ന് നടക്കുന്ന അനുസ്മരണ സമ്മേളനം ഐ.ബി. സതീഷ് എം എൽ എ ഉദ്ഘാടനം ചെയ്യും. ഫോറം പ്രസിഡന്റ് ഷാജി വിൽസൻ അദ്ധ്യക്ഷനാവും. സത്യൻ ഫിലിം ഫെസ്റ്റിവൽ ഉദ്ഘാടനം കുട്ട്യേടത്തി വിലാസിനിയും അനുസ്മരണ പ്രഭാഷണം ഗാന രചയിതാവ് ചുനക്കര രാമൻകുട്ടിയും നിർവഹിക്കും. കൗൺസിലർ പാളയം രാജൻ, ജനറൽ സെക്രട്ടറി പി. വിജയൻ, എ.പി. ജലജകുമാർ, പി. മനോഹരൻ, കെ. ജയചന്ദ്രൻ, ജോൺ മനോഹർ, എസ്.കെ. വിജയകുമാർ, ജസ്റ്റിൻ ലൂയിസ്, ജെ. സ്റ്റാലിൻ, പ്രകാശ് റോബർട്ട് തുടങ്ങിയവർ പ്രസംഗിക്കും. സത്യൻ ഫിലിം ഫെസ്റ്റിവൽ ഇന്നു മുതൽ 19 വരെ സത്യൻ സ്മാരക ഹാളിൽ വൈകിട്ട് 6ന് തുടങ്ങും. 15ന് നീലക്കുയിൽ, 16ന് അനുഭവങ്ങൾ പാളിച്ചകൾ, 17ന് അടിമകൾ, 18ന് ചെമ്മീൻ, 19ന് ഭാര്യ എന്നീ സിനിമകൾ പ്രദർശിപ്പിക്കും.