waste

തിരുവനന്തപുരം : തലസ്ഥാന നഗരത്തിൽ ഇനി മാലിന്യങ്ങൾ വലിച്ചെറിയേണ്ട. അജൈവ മാലിന്യങ്ങൾ തരം തിരിച്ച് ഡ്രൈ വേസ്റ്റ് സെഗ്രഗേറ്റഡ് കളക്‌ഷൻ ഹബ്ബിൽ നിക്ഷേപിക്കാം. ശാസ്തമംഗലം ഹെൽത്ത് ഇൻസ്‌പെക്ടർ ഓഫീസിനു മുന്നിൽ ആദ്യ ഹബ്ബ് നഗരസഭ തുറന്നു. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ കൂടുതലെണ്ണം ഉടൻ സ്ഥാപിക്കും. വഴിയാത്രക്കാർക്ക് പുതിയൊരു സംസ്കാരം പകർന്നു നൽകുകയാണ് പ്രധാന ലക്ഷ്യം.

ഗ്ലാസുകൾ, പേപ്പർ, ചെരുപ്പ്, ബാഗ്, പ്ലാസ്റ്റിക്, കണ്ണാടിച്ചില്ലുകൾ, തുണിത്തരങ്ങൾ, മെറ്റൽ ക്യാനുകൾ എന്നിവ വേർതിരിച്ച് നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഈ കേന്ദ്രത്തിൽ ജനങ്ങൾക്ക് സഹായം ലഭ്യമാക്കാൻ രാത്രിയും പകലും ഷിഫ്റ്റ് അടിസ്ഥാനത്തിൽ രണ്ട് നഗരസഭ ജീവനക്കാരെയും നിയോഗിച്ചു. ഹബ്ബിലെ മാലിന്യങ്ങൾ വേർതിരിച്ച് ഏജൻസികൾക്ക് കൈമാറും.

നഗരവാസികൾക്ക് എല്ലാ മാസവും അജൈവ മാലിന്യങ്ങൾ കൈമാറാൻ നഗരസഭ സൗകര്യം ഒരുക്കുന്നുണ്ട്. വഴിയാത്രക്കാരെ കൂടി മാലിന്യമുക്ത നഗരം പദ്ധതിയുടെ ഭാഗമാക്കുകയാണെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു.