p-j-joseph

തിരുവനന്തപുരം: ചെയർമാൻ പദവിയിൽ കുരുങ്ങി സമവായസാദ്ധ്യത വഴിമുട്ടി നിൽക്കെ, കേരള കോൺഗ്രസ്- എമ്മിൽ ശക്തിസംഭരണത്തിന്റെ ഭാഗമായുള്ള നീക്കങ്ങൾ ജോസഫ്, ജോസ് കെ. മാണി പക്ഷങ്ങൾ ശക്തമാക്കി. ഇതിന്റെ ഭാഗമായി ജോസഫ് വിഭാഗം നേതാക്കൾ ഇന്നലെ തലസ്ഥാനത്ത് യോഗം ചേർന്നു. പാർട്ടിയിലെ പ്രശ്നങ്ങൾ സമവായത്തിലൂടെ പരിഹരിക്കുന്നതിന്റെ ഭാഗമായി സാദ്ധ്യമായിടത്തോളം പേരുമായി ആശയവിനിമയം നടത്തിയതേയുള്ളൂ എന്നും യോഗം ചേർന്നിട്ടില്ലെന്നുമാണ് ജോസഫ് വിഭാഗം നേതാക്കൾ അറിയിച്ചത്.

പി.ജെ. ജോസഫിന്റെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിൽ ജോസഫ് പക്ഷത്തെ പ്രമുഖനായ മോൻസ് ജോസഫ് എം.എൽ.എയ്ക്കു പുറമേ സംഘടനാ ചുമതലയുള്ള പാർട്ടി ജനറൽസെക്രട്ടറി ജോയി എബ്രഹാം, മുൻ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ എന്നിവരും സംബന്ധിച്ചു. ജോയി എബ്രഹാമിനു പുറമേ ഉണ്ണിയാടനും മാണിയുടെ വിശ്വസ്തനായിരുന്നു എന്നതാണ് ശ്രദ്ധേയം. നിഷ്പക്ഷനിലപാടിൽ തുടരുന്ന സി.എഫ്. തോമസ് എം.എൽ.എ യോഗത്തിൽ പങ്കെടുത്തില്ല.

ജില്ലാ കമ്മിറ്റികളിൽ ഭൂരിപക്ഷമാണ് ജോസ് കെ. മാണി പക്ഷം അവകാശപ്പെടുന്നത്. അതേസമയം, ജില്ലാ കമ്മിറ്റികളിൽ കാര്യങ്ങൾ മാറിവരികയാണെന്ന് ജോസഫ് പക്ഷവും അവകാശപ്പെടുന്നു. കൊല്ലം, തൃശൂർ, എറണാകുളം ജില്ലകളിൽ ഇതിനകം തങ്ങൾക്കനുകൂലമായി ഭൂരിപക്ഷനിലപാട് വന്നിട്ടുണ്ടെന്ന് ഇവർ വാദിക്കുന്നു. താഴേതട്ടിലടക്കം ചർച്ച ചെയ്ത് സമവായസാദ്ധ്യത രൂപപ്പെടുത്തിയ ശേഷം മാത്രം സംസ്ഥാനകമ്മിറ്റി ചേർന്നാൽ മതിയെന്ന നിലപാടിലാണ് അവർ. സംസ്ഥാനകമ്മിറ്റി വിളിച്ചുചേർത്ത് ചെയർമാനെ തിരഞ്ഞെടുക്കണമെന്ന നിലപാടിൽ ജോസ് വിഭാഗം ഉറച്ചുനിൽക്കുകയാണ്.

ജോസിന് കാര്യങ്ങൾ തിരിച്ചറിഞ്ഞ് വഴങ്ങേണ്ടി വരുമെന്നാണ് ജോസഫ് പക്ഷത്തിന്റെ വാദം. പാർട്ടി ചെയർമാൻ സ്ഥാനം തങ്ങൾക്കു കിട്ടണം, പാർലമെന്ററി പാർട്ടി ലീഡർ സ്ഥാനം പി.ജെ. ജോസഫിന് വിട്ടുകൊടുക്കാം എന്നതാണ് ജോസ് പക്ഷത്തിന്റെ നിലപാട്. സി.എഫ്. തോമസിനെ ചെയർമാനും പി.ജെ. ജോസഫിനെ പാർലമെന്ററി പാർട്ടി ലീഡറും വർക്കിംഗ് ചെയർമാനും ജോസ് കെ. മാണിയെ ഡെപ്യൂട്ടി ലീഡറുമാക്കുകയെന്ന ഫോർമുല ജോസഫ് വിഭാഗം മുന്നോട്ടുവയ്ക്കുന്നു. തീരുമാനങ്ങളെടുക്കാൻ പി.ജെ. ജോസഫ്, സി.എഫ്. തോമസ്, ജോസ് കെ. മാണി എന്നിവർ ഉൾപ്പെട്ട മൂന്നംഗസമിതി എന്ന നിർദ്ദേശവുമുണ്ട്.

സമവായ നീക്കങ്ങൾക്ക് ബിഷപ്പുമാർ ഉൾപ്പെടെ രംഗത്തിറങ്ങിയിട്ടും സാദ്ധ്യമായിട്ടില്ല. തലസ്ഥാനത്ത് സഭാദ്ധ്യക്ഷന്മാർ മുൻകൈയെടുത്ത് സമവായ യോഗം വിളിച്ചെങ്കിലും ജോസ് കെ. മാണി എത്തിയില്ലെന്നാണ് ജോസഫ് വിഭാഗം പറയുന്നത്. മാണിഗ്രൂപ്പ് കെട്ടുറപ്പോടെ മുന്നോട്ടു പോകണമെന്നാണ് യു.ഡി.എഫ് നേതൃത്വവും ആഗ്രഹിക്കുന്നത്. മാണിഗ്രൂപ്പിലെ തർക്കവും ഇന്നത്തെ യു.ഡി.എഫ് നേതൃയോഗം മാറ്റിവയ്ക്കാൻ ഒരു കാരണമാണെന്ന് കോൺഗ്രസിലെ ഒരു മുതിർന്ന നേതാവ് കേരളകൗമുദിയോടു പറഞ്ഞു. പിളർന്ന് മുന്നണി വിട്ടുപോകാൻ ഏതെങ്കിലുമൊരു പക്ഷം ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നും കോൺഗ്രസ് കരുതുന്നു.

പാർട്ടിയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സമവായനീക്കവുമായി മുന്നോട്ടു പോകുമെന്ന് ഇന്നലെ നടന്ന യോഗത്തിനു ശേഷം മാദ്ധ്യമങ്ങളെ കണ്ട പി.ജെ. ജോസഫ് അറിയിച്ചു.