സാവോ പോളോ: ലോക ഫുട്ബാൾ ഇനി കോപ്പയിലെ കൊടുങ്കാറ്റുകൾക്ക് കാതോർക്കും. സൂപ്പർ താരങ്ങളായ മെസിയും ഗബ്രിയേൽ ജീസസും റോബർട്ടോ ഫിർമിനോയും അലക്സിന് സാഞ്ചസും ലൂയിസ് സുവാരേസുമൊക്കെ അണിനിരക്കുന്ന ലാറ്റിനമേരിക്കൻ ഫുട്ബാളിന്റെ ഉത്സവകാലത്തിന് ഇന്ന് ബ്രസീലിൽ കൊടിയേറുകയാണ്. 46-ാമത് കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിന്.
നെയ്‌മറില്ലാതെ ബ്രസീൽ
ഇന്ന് ആദ്യ മത്സരത്തിൽ ബൊളീവിയയെ നേരിടാനിറങ്ങുന്ന ബ്രസീലിയൻ ടീമിന്റെ ഏറ്റവും വലിയ തിരിച്ചടി സൂപ്പർ താരം നെയ്‌മറിന്റെ അഭാവമാണ്. പരിശീലനത്തിനിടെ പരിക്കേറ്റതോടെയാണ് നെയ്‌മറിന് ടൂർണമെന്റ് നഷ്ടമായത്. എന്നാൽ ഫിലിപ്പ് കുടീഞ്ഞോ, ഗബ്രിയേൽ ജീസസ്, വില്ലെയ്‌ൻ, ക്യാപ്ടൻ ഡാനി അൽവ്സ്, റോബർട്ടോ ഫിർമിനോ, ഗോളി അലിസൺ തുടങ്ങിയ ഒന്നാംനിര താരങ്ങളുമായി വിജയം പിടിച്ചടക്കാനാണ് ബ്രസീൽ പരിശീലകൻ ടിറ്റെ തുനിഞ്ഞിറങ്ങുന്നു.
കഴിഞ്ഞ രണ്ട് ടൂർണമെന്റുകളിലും കിരീടം നേടിയത് ചിലിയാണ്. ഫൈനലിൽ തോൽപ്പിച്ചത് അർജന്റീനയെയും.
കോപ്പയിലെ സൂപ്പറുകൾ
ലയണൽ മെസി (അർജന്റീന)
രാജ്യത്തിനായി ആദ്യ കിരീടമെന്ന ലക്ഷ്യവുമായാണ് മെസി ഇറങ്ങുന്നത്. ഇക്കുറിയും അർജന്റീനയുടെ നായക കുപ്പായമണിയുന്നത് മെസിയാണ്. ഏൻജൽ ഡിമരിയ, അഗ്യൂറോ, പൗളോ ഡൈബാല തുടങ്ങിയവരും ടീമിലുണ്ട്.
ലൂയിസ് സുവാരേസ്
ഉറുഗ്വേ
ഉറുഗ്വേ ഫുട്ബാളിന്റെ പ്രതീക്ഷയാണ് ലൂയിസ് സുവാരേസ് എന്ന 32 കാരൻ. സ്പാനിഷ് ക്ളബ് ബാഴ്സലോണയ്ക്ക് വേണ്ടി കളിക്കുന്നു. എഡിൻസൺ കവാനി, ഗോളി ഫെർണാൻഡോ മുസ്‌ലേര, ക്രിസ്റ്റ്യൻ സ്റ്റുവാനി, നായകൻ ഡീഗോ ഗോഡിൻ തുടങ്ങിയവരും ടീമിലുണ്ട്.
ഹാമിഷ് റോഡ്രിഗസ് (കൊളംബിയ)
ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന് കളിക്കുന്ന റോഡ്രിഗസാണ് കൊളംബിയയുടെ കുന്തമുന. യുവാൻ ക്വാർഡാഡോ, യെറി മിന, നായകൻ റഡാമെൽ ഫൽക്കാവോ തുടങ്ങിയവരും സംഘത്തിലുണ്ട്.
അലക്‌സിസ് സാഞ്ചസ് (ചിലി)
ഇംഗ്ളീഷ് ക്ളബ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിക്കുന്ന 30 കാരൻ. ചാൾസ് അരാംഗ്വിസ്, ക്യാപ്ടൻ ഗാരി മെഡൽ, ഗോൺസാലോ യാര, ബാഴ്സലോണ താരം ആർ ടു റോ വിദാൽ തുടങ്ങിയവരാണ് ടീമിലെ പ്രമുഖർ.