cpm

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പിനു ശേഷവും ഭൂരിഭാഗം സീറ്റുകൾ നേടുമെന്ന് പ്രതീക്ഷ പ്രകടിപ്പിച്ച സി.പി.എം സംസ്ഥാന ഘടകത്തിന് എന്തുകൊണ്ട് ജനവികാരം തിരിച്ചറിയാനായില്ല എന്നത് ഗൗരവമുള്ള സ്ഥിതിവിശേഷമാണെന്ന് പാർട്ടി കേന്ദ്രകമ്മിറ്റി. സംസ്ഥാന സി.പി.എമ്മിൽ സംഘടനാ ദൗർബല്യമെന്ന പരോക്ഷ സൂചനയാണ് കേന്ദ്രകമ്മിറ്റി നൽകുന്നത്.

ഭൂരിഭാഗം സീറ്റുകളിലും ഇടതു മുന്നണി പരാജയപ്പെട്ടത് ഒരു ലക്ഷമോ അതിലുമധികമോ വോട്ടുകൾക്കാണ്. സംഘടനാ തലത്തിലെ വീഴ്ചകളും കുറവുകളും പരിഹരിക്കാൻ അനുയോജ്യമായ നടപടികൾ സംസ്ഥാന കമ്മിറ്റി സ്വീകരിക്കണമെന്നും തിരഞ്ഞെടുപ്പ് ഫലത്തിന്റെ അവലോകന റിപ്പോർട്ടിൽ കേന്ദ്രകമ്മിറ്റി നിർദ്ദേശിച്ചു. കഴിഞ്ഞ കേന്ദ്രകമ്മിറ്റി യോഗം അംഗീകരിച്ച റിപ്പോർട്ട് പാർട്ടി വെബ്സൈറ്റിൽ ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്.

വനിതാ മതിലിനു ശേഷം ശബരിമലയിൽ രണ്ടു യുവതികൾ പ്രവേശിച്ചതിനെ യു.ഡി.എഫും ബി.ജെ.പിയും നന്നായി ഉപയോഗപ്പെടുത്തിയെന്നും, പാർട്ടി അനുഭാവികൾക്കിടയിൽ ആ പ്രചരണത്തിന്റെ സ്വാധീനം വ്യത്യസ്ത തലത്തിൽ പ്രതിഫലിച്ചെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പാർട്ടിയിൽ നിന്ന് അകന്നുപോയവർ വിവിധ മണ്ഡലങ്ങളിൽ കോൺഗ്രസിനോ ബി.ജെ.പിക്കോ വോട്ട് ചെയ്തു.

പാർട്ടിയുടെ പരമ്പരാഗത കേന്ദ്രങ്ങളിൽപ്പോലും വോട്ടിംഗ് ശതമാനത്തിൽ വലിയ ഇടിവുണ്ടായി. സംഘടനാപരമായ കഠിനാദ്ധ്വാനവും സംസ്ഥാന സർക്കാരിന്റെ നല്ല പ്രവർത്തനവുമുണ്ടായിട്ടും പാർട്ടിക്ക് എന്തുകൊണ്ട് അടിത്തറ വികസിപ്പിക്കാനാവുന്നില്ല എന്നത് ഗൗരവത്തോടെ പരിശോധിക്കണം.

ശബരിമല വിഷയമായി

ശബരിമല യുവതീപ്രവേശനത്തിനായുള്ള സുപ്രീംകോടതി വിധി വിശ്വാസികൾക്കിടയിൽ ആശയക്കുഴപ്പമുണ്ടാക്കാൻ യു.ഡി.എഫും ബി.ജെ.പിയും ഉപയോഗിച്ചു. ഇതിനായി മുൻനിലപാട് അവർ തിരുത്തി പാർട്ടിക്കും മുന്നണിക്കുമെതിരായ പ്രചരണായുധമാക്കി. ശബരിമല വിഷയത്തിൽ പാർട്ടിക്കും സർക്കാരിനും ശരിയായ നിലപാടായിരുന്നു.

ബി.ജെ.പി വളർച്ച ഗുരുതരം

ബി.ജെ.പിക്ക് 15.56 ശതമാനം വോട്ട് സമാഹരിക്കാനായത് ഗുരുതരമാണ്. ബി.ജെ.പിയുടെ വളർച്ച തടയാൻ രാഷ്ട്രീയവും സംഘടനാപരവും പ്രത്യയശാസ്ത്രപരവുമായ പ്രവർത്തനം നടത്തണം. ഇടതുപക്ഷത്തിന്റെ തോൽവി ഉറപ്പാക്കാൻ ഇത്തവണ തിരുവനന്തപുരം, ആറ്റിങ്ങൽ, പത്തനംതിട്ട, തൃശൂർ, പാലക്കാട് മണ്ഡലങ്ങളിലൊഴികെ എല്ലായിടത്തും ബി.ജെ.പി വോട്ട് മറിച്ചു. സർക്കാരിന്റെ പ്രവർത്തനത്തിൽ ജനങ്ങൾക്കിടയിൽ നല്ല മതിപ്പുണ്ടായിരുന്നിട്ടും തിരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കാതിരുന്നത് പരിശോധിക്കണം.

കേന്ദ്രത്തിൽ ബി.ജെ.പിയും മോദിയും വീണ്ടും അധികാരത്തിലെത്തുമെന്ന ഭയം മതേതര, ജനാധിപത്യ വോട്ടർമാരെ യു.ഡി.എഫിന് അനുകൂലമാക്കി. മുസ്ലിം, ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളിൽ ആ സ്വാധീനം ശക്തമായുണ്ടായിരുന്നു. കേന്ദ്രത്തിൽ മതേതര സർക്കാരുണ്ടാക്കുമെന്ന യു.ഡി.എഫ് പ്രചരണവും, കോൺഗ്രസിനെ പാർലമെന്റിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയാക്കണമെന്ന തോന്നലും തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചു. രാഹുൽഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാർത്ഥിത്വം ഈ പ്രചാരണത്തിന് ബലം കൂട്ടി.

തിരിച്ചടി 77ലേതിന് സമാനം

അടിയന്തരാവസ്ഥയ്ക്ക് ശേഷം നടന്ന 1977ലെ തിരഞ്ഞെടുപ്പു തിരിച്ചടിക്ക് സമാനമാണ് ഇപ്പോഴത്തെ തോൽവി. 2014ൽ 40.2 ശതമാനമായിരുന്ന വോട്ട്നില 35.1ശതമാനത്തിലേക്ക് താഴ്ന്നു- 5.1ശതമാനത്തിന്റെ കുറവ്. 2014 ൽ 72,11,257വോട്ടുകൾ സമാഹരിക്കാനായ സ്ഥാനത്ത് 71,56,387 വോട്ടായി കുറഞ്ഞു. മൊത്തം 54,870 വോട്ടുകളുടെ കുറവ്. യു.ഡി.എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പിലേതിനേക്കാൾ 20,81,204 വോട്ട് അധികം കിട്ടി. ബി.ജെ.പിക്ക് കൂടുതലായി കിട്ടിയത് 12,27,534 വോട്ടുകളാണ്.