മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ ഒരിക്കലും തോറ്റിട്ടില്ലാത്ത യുദ്ധമാണ് പാകിസ്ഥാന് എതിരായുള്ളത്. ഒാരോ ലോകകപ്പ് കഴിയുമ്പോഴും ഇന്ത്യ പാകിസ്ഥാന് ബാലികേറാമലയായി മാറുന്നു. ഇക്കുറി ഇംഗ്ളണ്ടിലും കഥയ്ക്ക് ഒരുമാറ്റവും വരില്ലെന്നാണ് വിരാട് കൊഹ്‌ലിയും കൂട്ടരും പറയുന്നത്.
ഇൗ ലോകകപ്പിലെ ഏറ്റവും ആവേശജനകമായ മത്സരത്തിനാകും നാളെ മാഞ്ചസ്റ്റർ സാക്ഷ്യം വഹിക്കുന്നത്. ലോകകപ്പ് ഫിക്‌സ്‌ചർ പ്രഖ്യാപിച്ചപ്പോൾതന്നെ ഇൗ മത്സരത്തിനുള്ള ടിക്കറ്റുകൾ മുഴുവൻ വിറ്റുപോയിരുന്നു. എന്നാൽ കഴിഞ്ഞദിവസത്തേതുപോലെ മഴ അലോസരപ്പെടുത്താനായി എത്തുമോ എന്നുള്ള പേടിയേ ആരാധകർക്കുള്ളൂ.
കരുത്തോടെ ഇന്ത്യ
ടൂർണമെന്റിൽ ഇതുവരെ തോൽക്കാതെയാണ് ഇന്ത്യ നാലാമത്തെ മത്സരത്തിനിറങ്ങുന്നത്.
ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിന് തോൽപ്പിച്ച ഇന്ത്യ തുടർന്ന് ആസ്ട്രേലിയയെ 36 റൺസിന് കീഴടക്കി.
ന്യൂസിലൻഡുമായുള്ള മൂന്നാം മത്സരം മഴമൂലം ഉപേക്ഷിച്ചു.
മൂന്ന് കളികളിൽനിന്നും അഞ്ച് പോയിന്റായ ഇന്ത്യ പട്ടികയിൽ മൂന്നാംസ്ഥാനത്താണ്.
പതറിയ പാകിസ്ഥാൻ
. ആദ്യ മത്സരത്തിൽതന്നെ വെസ്റ്റ് ഇൻഡീസിനോട് 105 റൺസിന് ആൾ ഒൗട്ടായി ഏഴ് വിക്കറ്റ് തോൽവി വഴങ്ങിയവരാണ് പാകിസ്ഥാൻ.
. എന്നാൽ രണ്ടാംമത്സരത്തിൽ ആതിഥേയരായ ഇംഗ്ളണ്ടിനെ 14 റൺസിന് അട്ടിമറിച്ചിരുന്നു.
. ശ്രീലങ്കയുമായുള്ള മൂന്നാം മത്സരം മഴകാരണം ഉപേക്ഷിച്ചു.
. നാലാം മത്സരത്തിൽ ആസ്ട്രേലിയയോട് 41 റൺസിന്റെ രണ്ടാം തോൽവി ഏറ്റുവാങ്ങി.
. നാല് മത്സരത്തിൽ നിന്ന് മൂന്ന് പോയിന്റ് മാത്രമുള്ള പാകിസ്ഥാൻ പട്ടികയിൽ എട്ടാം സ്ഥാനത്താണ്.
ഒാപ്പണർ ശിഖർ ധവാന് പരിക്ക് മൂലം കളിക്കാൻ കഴിയില്ലെങ്കിലും പാകിസ്ഥാനെതിരെ കളിക്കാനിറങ്ങുമ്പോൾ മറ്റുള്ളവർ മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ ടീം. രോഹിത് ശർമ്മയ്ക്കൊപ്പം കെ.എൽ.രാഹുലാകും ഒാപ്പണിംഗിന് ഇറങ്ങുക. കിവീസിനെതിരായ മത്സരം മഴയെടുത്തതിനാൽ പ്ളേയിംഗ് ഇലവനും ബാറ്റിംഗ് ഒാർഡറും നിശ്ചയിക്കേണ്ട തലവേദനയുണ്ടായിരുന്നില്ല. നാളെ നാലാംനമ്പർ പൊസിഷനിൽ ദിനേഷ് കാർത്തിക്കിനോ വിജയ് ശങ്കറിനോ അവസരം നൽകും. കുൽദീപിനെ ഒഴിവാക്കി പേസർ ഷമിയെ കളിപ്പിക്കാനും സാദ്ധ്യതയുണ്ട്.
രണ്ട് തോൽവികൾ വഴങ്ങിയതിന്റെ ആഘാതത്തിലാണ് പാകിസ്ഥാൻ. എങ്കിലും കഴിഞ്ഞ മത്സരത്തിൽ അഞ്ചുവിക്കറ്റുമായി മുഹമ്മദ് ആമിർ ഫോമിലേക്ക് എത്തിയത് പ്രതീക്ഷ പകരുന്നു. ഷൊയ്ബ് മാലിക്ക്, മുഹമ്മദ് ഹഫീസ്, ഇമാം ഉൽഹഖ്, സർഫ്രാസ് അഹമ്മദ്, ഹസൻ അലി,ഫഖർ സമാൻ തുടങ്ങിയവരാണ് പാക് നിരയിലെ പ്രമുഖർ.
ധവാൻ ജിമ്മിൽ
ആസ്ട്രേലിയയ്ക്ക് എതിരായ മത്സരത്തിനിടെ പരിക്കേറ്റ ഇന്ത്യൻ ഒാപ്പണർ ശിഖർ ധവാൻ ഒടിഞ്ഞ വിരലുമായി ജിംനേഷ്യത്തിൽ പരിശീലനത്തിനെത്തി. ടീമിന്റെ ഒൗട്ട് ഡോർ ട്രെയിനിംഗ് സെഷനിൽ ധവാൻ ഒപ്പമുണ്ടായിരുന്നുവെങ്കിലും പരിശീലനം നടത്തിയിരുന്നില്ല. ജിമ്മിൽ കാലുകൾക്കുള്ള വ്യായാമമാണ് ധവാൻ നടത്തിയത്.
മുഹമ്മദ് ആമിർ ഫോമിലേക്ക് എത്തിയത് ഇന്ത്യയ്ക്ക് വെല്ലുവിളിയാണ്. ആമിറിനെതിരെ പ്രത്യാക്രമണം നടത്തുകയാണ് വേണ്ടത്. മനക്കരുത്തോടെ വേണം കളിക്കാൻ പതറരുത്.
സച്ചിൻ ടെൻഡുൽക്കർ