സതാംപ്ടൺ : ലോക കപ്പിൽ ഇംഗ്ളണ്ടിനെതിരെ വെസ്റ്റ് ഇൻഡീസിനെ വിജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും വിൻഡീസ് ബാറ്റ്സ്മാൻ ക്രിസ്ഗെയ്ലിനെ തേടി ഒരു റെക്കാഡെത്തി. ഏകദിനത്തിൽ ഇംഗ്ളണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന ബാറ്റ്സ്മാൻ എന്ന റെക്കാഡാണ് 39 കാരനായ ഗെയ്ൽ ഇന്നലെ സ്വന്തമാക്കിയത്.
ഇംഗ്ളണ്ടിനെതിരെ 44 മത്സരങ്ങളിൽ നിന്ന് 1625 റൺസ് നേടിയിരുന്ന ശ്രീലങ്കൻ താരം കുമാർ സംഗക്കാരയുടെ റെക്കാഡാണ് ഗെയ്ൽ മറികടന്നത്.
36-ാമത്തെ മത്സരത്തിൽ ഇംഗ്ളണ്ടിനെതിരെ 36 റൺസിൽ പുറത്തായപ്പോൾ ഗെയ്ലിന്റെ ആകെ സമ്പാദ്യം 1632 റൺസിലെത്തിയിരുന്നു.
സംഗക്കാരായെ മറികടന്ന് റെക്കാഡ് സ്വന്തമാക്കുന്നതിന് മുമ്പ് സ്വന്തം നാട്ടുകാരനായ ബാറ്റിംഗ് ഇതിഹാസം വിവിയൻ റിച്ചാർഡ്സിന്റെ റെക്കാഡും ഗെയ്ലിന് വഴിമാറിയിരുന്നു.
36 മത്സരങ്ങളിൽ നിന്ന് 1619 റൺസാണ് റിച്ചാർഡ്സ് ഇംഗ്ളണ്ടിനെതിരെ നേടിയിട്ടുള്ളത്.
കേസുമായി സച്ചിൻ
സിഡ്നി : തന്റെ പേര് വാണിജ്യ താത്പര്യങ്ങൾക്ക് ഉപയോഗിച്ചതിന്റെ റോയൽറ്റി നൽകാതിരുന്ന ആസ്ട്രേലിയൻ ബാറ്റ് നിർമ്മാണ കമ്പനിക്കെതിരെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ ആസ്ട്രേലിയൻ കോടതിയിൽ പരാതി നൽകി. 20 ലക്ഷം ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. 2016ലാണ് സച്ചിനും സ്പോർട്ടൺ സ്പോർട്സ് ഇന്റർനാഷണലുമായി കരാറോപ്പിട്ടത്. സച്ചിൻ ബൈ സ്പാർട്ടൻ എന്ന പേരിൽ കമ്പനി കായിക ഉപകരണങ്ങൾ വിറ്റഴിച്ചിരുന്നുവെങ്കിലും താരത്തിന് കരാർ പ്രകാരമുള്ള പണം നൽകിയിരുന്നില്ല.
ഇന്നത്തെ മത്സരം
ആസ്ട്രേലിയ
Vs
ശ്രീലങ്ക
(വൈകിട്ട് മൂന്ന് മുതൽ സ്റ്റാർ സ്പോർട്സിൽ ലൈവ്)
സ്റ്റോയ്നിസ് കളിക്കില്ല
ഓവൽ : ഇന്ത്യയ്ക്കെതിരായ മത്സരത്തിനിടെ പരിക്കേറ്റ ആസ്ട്രേലിയൻ ആൾ റൗണ്ടർ മാർക്കസ് സ്റ്റോയ്നിസ് ഇന്ന് ശ്രീലങ്കയ്ക്ക് എതിരായ മത്സരത്തിലും കളിക്കില്ല. സ്റ്റോയ്നിസിന് ടൂർണമെന്റിൽ നിന്ന് പുറത്തു പോകേണ്ടിവന്നാൽ കരുതലിനായി മിച്ചൽ മാർഷിനെ ആസ്ട്രേലിയ ടീമിലെടുത്തിട്ടുണ്ട്.
ഈ ലോകകപ്പിൽ ഇതുവരെ ഞങ്ങളുടെ യഥാർത്ഥ കരുത്തിന്റെ ഏഴയലത്തുപോലും എത്താൻ കഴിഞ്ഞിട്ടില്ല. പക്ഷേ, ഞങ്ങൾ ഓരോ മത്സരം കഴിയുന്തോറും നന്നായി വരികയാണ്.
ആരോൺ ഫിഞ്ച്
ആസ്ട്രേലിയൻ കാപ്ടൻ
ധോണിയില്ലെങ്കിൽ ജഴ്സി
കഴിഞ്ഞ ദിവസം ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള മത്സരം മഴ കാരണം തടസ്സപ്പെട്ടപ്പോൾ ഇന്ത്യൻ ഡ്രെസിംഗ് റൂമിന് സമീപത്തു നിന്ന് 'ധോണി'യെന്ന് ആർപ്പുവിളിച്ച ആരാധകരെ ധോണിയുടെ ജഴ്സി ഉയർത്തിക്കാട്ടി സന്തോഷിപ്പിക്കുന്ന ഇന്ത്യൻ കോച്ച് രവിശാസ്ത്രി.