dev-gowda

തിരുവനന്തപുരം: ജനതാദൾ-എസിന്റെ പുതിയ സംസ്ഥാന പ്രസിഡന്റ് ആരാകണമെന്നതിൽ തർക്കം കനത്തതോടെ സംസ്ഥാനത്തെ മൂന്ന് എം.എൽ.എമാരെയും പാർട്ടി അദ്ധ്യക്ഷൻ ദേവഗൗഡ ബംഗളൂരുവിലേക്ക് വിളിപ്പിച്ചു. മാത്യു.ടി.തോമസിന് പകരം സംസ്ഥാന പ്രസിഡന്റ് കെ. കൃഷ്ണൻകുട്ടി മന്ത്രിയായതോടെയാണ് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി വീണ്ടും തർക്കം ഉടലെടുത്തത്. മുൻനിര നേതാക്കളായ മന്ത്രി കൃഷ്ണൻകുട്ടി, മാത്യു.ടി. തോമസ്, സി.കെ. നാണു എന്നിവരുമായാണ് ദേവഗൗഡ ഇന്ന് ചർച്ച നടത്തുക.

നേരത്തേ മാത്യു.ടി.തോമസ് മന്ത്രിയായപ്പോൾ അദ്ദേഹം പ്രസിഡന്റ് സ്ഥാനമൊഴിയണമെന്ന ആവശ്യം മറുപക്ഷം ശക്തമാക്കുകയും തുടർന്ന് അദ്ദേഹം ഒഴിയുകയും കൃഷ്ണൻകുട്ടി പ്രസിഡന്റാവുകയും ചെയ്യുകയായിരുന്നു. പിന്നീട് മന്ത്രിസ്ഥാനത്തെ ചൊല്ലി കൃഷ്ണൻകുട്ടി- മാത്യു.ടി പക്ഷങ്ങൾ തമ്മിൽ ശീതയുദ്ധം മുറുകി. കൃഷ്ണൻകുട്ടിയെ എങ്ങനെയും മന്ത്രിയാക്കുന്നതിനായി അദ്ദേഹത്തിന്റെ പക്ഷം ചരടുവലികൾ ശക്തമാക്കിയതോടെയാണ് ദേശീയ അദ്ധ്യക്ഷൻ തന്നെ ഇടപെട്ട് മാത്യു.ടി. തോമസ് മന്ത്രിപദമൊഴിയുന്ന നിലയുണ്ടായത്. കൃഷ്ണൻകുട്ടി മന്ത്രിയായതോടെ സംസ്ഥാന പ്രസിഡന്റും മന്ത്രിയും അദ്ദേഹം തന്നെയെന്ന നിലയായി.

തുടർന്നാണ് സംസ്ഥാന അദ്ധ്യക്ഷപദവിയിലേക്ക് മാത്യു.ടി.തോമസിനെ തിരികെ കൊണ്ടുവരണമെന്ന ആവശ്യം മാത്യു.ടി പക്ഷം ശക്തമാക്കിയത്. എന്നാൽ സി.കെ. നാണുവിനെ സംസ്ഥാന അദ്ധ്യക്ഷനാക്കണമെന്ന നിലപാടിലാണ് കൃഷ്ണൻകുട്ടി പക്ഷം. നാണുവിന്റെ പ്രായവും മറ്റും വച്ച് അദ്ദേഹത്തിന് പകരം മാത്യു.ടി.തോമസോ നീലലോഹിത ദാസ് നാടാരോ വരട്ടെയെന്ന ആഗ്രഹം ദേവഗൗഡയ്ക്കുമുണ്ടെന്നാണ് അറിയുന്നത്. മൂന്ന് മാസത്തേക്കെങ്കിലും അദ്ധ്യക്ഷനായേ തീരൂവെന്ന ആഗ്രഹത്തിലാണ് നാണുവും. കൃഷ്ണൻകുട്ടിയുടെ പിന്തുണ അദ്ദേഹത്തിനുണ്ട്. സ്ഥാനം ആവശ്യപ്പെടാനില്ലെന്നും ദേശീയ അദ്ധ്യക്ഷൻ യുക്തമായ തീരുമാനമെടുക്കട്ടെയെന്നുമുള്ള നിലപാടിലാണ് മാത്യു.ടി.തോമസ്.