തിരുവനന്തപുരം:മോഷണ പരമ്പര നടത്തി പിടിയിലായ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് ഇയാൾ സിറ്റി ഷാഡോ പൊലീസിന്റെ പിടിയിലായത്. ഇയാൾ ഒളിവിൽ കഴിഞ്ഞിരുന്ന കോവളം കെ.എസ് റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ മോഷ്ടിച്ച വസ്തുക്കളും പണവും കണ്ടെടുത്തു. മോഷണം നടത്തിയ വ്യാപാര സ്ഥാപനങ്ങളിൽ നിന്നു കൊണ്ടുപോയ സി.സി.ടി.വി ഹാർഡ് ഡിസ്‌ക്കുകളും കണ്ടെടുത്തു. കാമറയിൽ നിന്നും ആളെ തിരിച്ചറിഞ്ഞ് പിടിക്കപ്പെടാതിരിക്കാനാണ് ഇയാൾ ഹാർഡ് ഡിസ്‌ക്കുകളും കൊണ്ടുപോയിരുന്നത്. ഒരു പ്രദേശത്ത് ഒരേദിവസം തന്നെ നിരവധിമോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. രാത്രി പന്ത്രണ്ട് മണിക്ക് ശേഷം തന്റെ ആട്ടോറിക്ഷയിൽ കവർച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രദേശത്തെത്തി ആട്ടോ ഒതുക്കിയിട്ട ശേഷം കമ്പി പാരയുമായാണ് മോഷണത്തിനിറങ്ങുന്നത്. സി.സി.ടി.വിയിൽ നിന്ന് രക്ഷപ്പെടാനായി ഹെൽമറ്റ് ധരിച്ചാണ് മോഷണങ്ങൾ നടത്തുന്നത്. വൻ കവർച്ചകൾക്ക് തയ്യാറെടുക്കുന്നതിനിടെയാണ് ഇയാളെ ഷാഡോപോലീസ് പിടികൂടിയത്. വരും ദിവസങ്ങളിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ മോഷണ വസ്തുക്കൾ കണ്ടെത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് സിറ്റിപോലീസ് കമ്മീഷണർ പറഞ്ഞു.