world-cup-england-win
world cup england win

വിൻഡീസിനെ എട്ടുവിക്കറ്റിന് തകർത്ത് ഇംഗ്ളണ്ട്,

രണ്ടു വിക്കറ്റും രണ്ടാം സെഞ്ച്വറിയുമായി ജോ റൂട്ട് വിജയശിൽപ്പി

സതാംപ്ടൺ : കരീബിയൻ കരുത്തിനെ ചുരുട്ടിയെറിഞ്ഞ് ആതിഥേയരായ ഇംഗ്ളണ്ട് ലോകകപ്പിലെ തങ്ങളുടെ മൂന്നാം ജയം നേടി പോയിന്റ് പട്ടികയിലെ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു.

ഇന്നലെ സതാംപ്ടണിൽ എട്ടുവിക്കറ്റിനാണ് ഇംഗ്ളണ്ട് വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത വിൻഡീസിനെ 44.4 ഒാവറിൽ 212 റൺസിന് ആൾഒൗട്ടാക്കിയ ശേഷം 33.1ഒാവറിൽ രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തുകയായിരുന്നു.രണ്ട് വിക്കറ്റുകളും ടൂർണമെന്റിലെ രണ്ടാം സെഞ്ച്വറിയുമായി മിന്നിത്തിളങ്ങിയ ജോ റൂട്ടാണ് (100 നോട്ടൗട്ട്) ഇംഗ്ളണ്ടിനെ വിജയവഴിയിലേക്ക് കൈപിടിച്ച് നടത്തിയത്.

ടോസ് നേടിയ ഇംഗ്ളണ്ട് വിൻഡീസിനെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ഇംഗ്ളണ്ടുകാരുടെ തീരുമാനം ശരിവയ്ക്കുന്ന രീതിൽ തുടക്കം മുതലേ വിൻഡീസ് വിക്കറ്റുകൾ പൊഴിഞ്ഞുതുടങ്ങിയിരുന്നു. മൂന്നാം ഒാവറിൽ ക്രിസ്‌വോക്സ് ലെവിസിന്റെ (2) കുറ്റി തെറുപ്പിച്ചാണ് വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്ന് ക്രിസ്ഗെയ്ലും (36) ഷാനേ ഹോപ്പും (11) ചേർന്ന് 50 കടത്തി. 41 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്‌സുമടക്കം 36 റൺസെടുത്ത ഗെയ്ലിനെ 13-ാം ഒാവറിൽ ലിയാംപ്ളങ്കറ്റാണ് പുറത്താക്കിയത്. അടുത്ത ഒാവറിൽ ഹോപ്പും വീണു. തുടർന്ന് നിക്കോളാസും (63), ഹെട്‌മേയറും (39) പൊരുതി നിന്നപ്പോൾ വിൻഡീസ് കരകയറിയെന്ന് തോന്നിയതാണ്. എന്നാൽ 30-ാം ഒാവറിൽ ഹെട്‌മേയറെ പുറത്താക്കി ജോറൂട്ട് കളിയുടെ ഗതിമാറ്റി. തന്റെ തൊട്ടടുത്ത ഒാവറിൽ ഹോൾഡറെയും പുറത്താക്കി. റൂട്ട് വിൻഡീസിനെ 32 ഒാവറിൽ 156/5 എന്ന നിലയിലെത്തിച്ചു.

തുടർന്ന് നിക്കോളാസ് ക്രീസിലുണ്ടായിരുന്നുവെങ്കിലും റസൽ (21) പുറത്തായത് സ്കോറിംഗിനെ ബാധിച്ചു. 40-ാം ഒാവറിലാണ് 78 പന്തുകളിൽ മൂന്ന് ഫോറും ഒരു സിക്സുമടിച്ച നിക്കോളാസ് പുറത്തായത്.

അപ്പോൾ വിൻഡീസ് 202 ലെത്തിയിരുന്നു. വൈകാതെ കോട്ടെറെൽ (0), ബ്രാത്ത് വെയ്റ്റ് (14), ഷാനോൺ ഗബ്രിയേൽ (0) എന്നിവർകൂടി കൂടാരം കയറിയതോടെ വിൻഡീസ് ബാറ്റിംഗിന് തിരശീല വീണു.

ഇംഗ്ളണ്ടിന് വേണ്ടി മാർക്ക് വുഡും ജൊഫ്രെ ആർച്ചറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോറൂട്ടിന് രണ്ട് വിക്കറ്റ് ലഭിച്ചു. വോക്സും പ്ളങ്കറ്റും ഒാരോ വിക്കറ്റ് സ്വന്തമാക്കി.

മറുപടിക്കിറങ്ങിയ ഇംഗ്ളണ്ടിന് ബെയർസ്റ്റോയും (45) ജോറൂട്ടും ചേർന്ന് തകർപ്പൻ തുടക്കമാണ് നൽകിയത്. 14.4 ഒാവറിൽ 95 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ബെയർസ്റ്റോ പിരിഞ്ഞത്. 46 പന്തുകൾ നേരിട്ട ബെയർ സ്റ്റോ ഏഴ് ബൗണ്ടറികൾ പായിച്ചിരുന്നു.വോക്സ് 40 റൺസെടുത്ത് പുറത്തായി.

റൂട്ടൊരുക്കിയ ജോ

തകർപ്പൻ ആൾ റൗണ്ട് പ്രകടനവുമായി ഇന്നലെ ഇംഗ്ളീഷ് വിജയത്തിന് അടിത്തറയിട്ടത് ജോ റൂട്ടാണ്. ബാറ്റിംഗിലും ബൗളിലും റൂട്ട് ഇംഗ്ളണ്ടിനായി വിജയവഴി ഒരുക്കുകയായിരുന്നു.

ബൗളിംഗിൽ അഞ്ചോവറിൽ 27 റൺസ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് റൂട്ട് വീഴ്തിയത്. എന്നാൽ ഇൗ രണ്ട് വിക്കറ്റുകളും നിർണായക സമയത്തായിരുന്നു. മത്സരത്തിന്റെ ഗതിമാറ്റാൻ കഴിവുള്ള താരങ്ങളുടേതുമായിരുന്നു.

നിക്കോളാസിനൊപ്പം നാലാം വിക്കറ്റിൽ 89 റൺസ് കൂട്ടിച്ചേർത്തിരുന്ന ഹെട്‌മേയറെ (39) പുറത്തക്കിയതായിരുന്നു ആദ്യവഴിത്തിരിവ്. 30-ാം ഒാവറിലായിരുന്നു ഇത്. തുടർന്ന് 32-ാം ഒാവറിൽ വിൻഡീസ് നായകൻ ജാസൺ ഹോൾഡറെയും (9) മടക്കി അയച്ചു. റിട്ടേൺ ക്യാച്ചുകളിലൂടെയായിരുന്നു ജോ രണ്ടുപേരെയും പുറത്താക്കിയത്.

ബാറ്റിംഗിനിറങ്ങിയപ്പോഴും ജോയുടെ ദിവസം തന്നെയായിരുന്നു സതാംപ്ടണിൽ. വിൻഡീസ് പേസർമാർക്കെതിരെ കാലുറപ്പിച്ചുതന്നെ കളിച്ചു. വ്യക്തിഗത സ്കോർ 87 ലെത്തിയപ്പോൾ ടൂർണമെന്റിലെ ടോപ് സ്കോറുമായി. തുടർന്ന് ടൂർണമെന്റിൽ രണ്ട് സെഞ്ച്വറി നേടുന്ന ആദ്യ താരവുമായി.

സ്കോർ കാർഡ്

വിൻഡീസ് 212/10 (44.4 ഒാവർ)

നിക്കോളാസ് പുരാൻ 63, ബാട്മേയർ 39, ഗെയ്ൽ 36, റസൽ 21.

വുഡ് 3/18, ആർച്ചർ 3/30, റൂട്ട് 2/27

ഇംഗ്ളണ്ട് 213/1

റൂട്ട് നോട്ടൗട്ട് 100, ബെയർ സ്റ്റോക് 45, വോക്സ് 40.