കാട്ടാക്കട: സ്വകാര്യ ബാങ്കിൽ ലോൺ തിരിച്ചടവ് മുടങ്ങിയതിന് വൃക്ക രോഗിയായ യുവാവിനെ കാട്ടാക്കട പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി. പൂവച്ചൽ ഉണ്ടപ്പാറ റോഡരികത്ത് കുന്നിൽ വീട്ടിൽ ഫാറൂക്ക് (39)ആണ് ഇതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും മറ്റധികൃതർക്കും പരാതി നൽകിയത്. വായ്പ അടയ്ക്കാൻ ഒരു ദിവസത്തെ സമയം കൂടി നൽകണമെന്ന ആവശ്യം നിരസിച്ചാണ് സ്വകാര്യ ബാങ്ക് അധികൃതരുടെ സാന്നിദ്ധ്യത്തിൽ പൊലീസ് ഭീഷണിപ്പെടുത്തിയതായി പരാതി.

കാട്ടാക്കടയിലെ ഒരു സ്വകാര്യ ബാങ്കിന്റെ ശാഖയിൽ നിന്ന് പരസ്പര ജാമ്യത്തിൽ ഫാറൂക്കിന്റെ ഭാര്യയും മറ്റ് അഞ്ച് പേരും ചേർന്നാണ് ലോൺ എടുത്തത്. എല്ലാമാസവും അഞ്ചാം തീയതിയാണ് ലോണിന്റെ തിരിച്ചടവ്. എന്നാൽ പെരുന്നാൾ അഞ്ചാം തീയതി ആയതിനാൽ ഒരു ദിവസം കൂടി നീട്ടി നൽകണമെന്ന് തലേ ദിവസം തന്നെ ബാങ്ക് അധികൃതരെ ഫോണിലൂടെ ഫാറൂക്ക് അറിയിച്ചിരുന്നു. എന്നാൽ ഇത് നിഷേധിച്ച ബാങ്ക് അധികൃതർ തിരിച്ചടവ് ദിവസത്തിന്റെ തലേന്ന് തന്നെ ദമ്പതികളെ ഫോണിൽ ഭീക്ഷണിപ്പെടുത്തി. ഇതോടെ ഫാറൂക്ക് ബാങ്ക് അധികൃതർക്കെതിരെ കാട്ടാക്കട പൊലീസിൽ പരാതി നൽകി .തുടർന്ന് പൊലീസ് ബാങ്ക് അധികൃതരെ ബന്ധപ്പെട്ടു. പൊലീസ് ഫറൂക്കിനെ കാട്ടാക്കട സ്റ്റേഷനിൽ വിളിച്ച് ബാങ്ക് അധികൃതരുടെ മുന്നിൽ വച്ച് ഭീക്ഷണിപ്പെടുത്തുകയായിരുന്നു. എസ്.ഐ ഫാറൂക്കിനെ അസഭ്യ പറഞ്ഞ് കഴുത്തിന് കുത്തിപ്പിടിച്ചതോടെ താൻ വൃക്ക സംബന്ധമായ അസുഖത്തിന് ചികിൽസയിൽ ആണെന്നു പറഞ്ഞെങ്കിലും തന്നെ കുത്തിപ്പിടിച്ചു തള്ളുകയായിരുന്നുവെന്ന് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നു. അതേ സമയം ഫാറൂക്ക് നൽകിയ പരാതിയുമായി ബന്ധപ്പെട്ട് പൂവച്ചൽ പഞ്ചായത്ത് പ്രസിഡന്റ് രാമചന്ദ്രൻ കാട്ടാക്കട എസ്.ഐയോട് തിരക്കാനായി എസ്.ഐയെ ഫോണിൽ വിളിച്ചെങ്കിലും വളരെ മോശമായി സംസാരിച്ചതായും ആക്ഷേപമുണ്ട്.