പാലാരിവട്ടം മേല്പാലത്തെ പോലെ" എന്നൊരു ചൊല്ല് നാട്ടിലിറങ്ങിയിട്ടുണ്ട്. പാലാരിവട്ടം മേല്പാലം പൊളിഞ്ഞ് പാളീസായിരിക്കുകയാണല്ലോ. കോൺക്രീറ്റിംഗിൽ സിമന്റിന്റെ അളവ് കുറഞ്ഞെന്നോ സിമന്റേ ഉപയോഗിച്ചില്ലെന്നോ ഒക്കെ ഐ.ഐ.ടിയിലെ ശാസ്ത്രജ്ഞർ കണ്ടെത്തിയിട്ടുണ്ട്. അളവ്, അനുപാതം എന്നിവ കിറുകൃത്യമാകാതെ തട്ടിക്കൂട്ട് പാലംപണി നടത്തിയാൽ ഏതാണ്ട് പാലാരിവട്ടത്തെ അവസ്ഥയാകും എന്ന് രത്നച്ചുരുക്കം!
ലളിതകലാ അക്കാഡമി കാർട്ടൂൺ അവാർഡ് കൊടുത്താലത് പാലാരിവട്ടം പാലം പോലെയാകരുത്. 'ആവിഷ്കാരസ്വാതന്ത്ര്യ"ത്തിന് ഒരു നിലയും വിലയുമൊക്കെ ഉണ്ടായില്ലെങ്കിലത് പാലാരിവട്ടം പാലം പോലെയാകുമെന്ന് ചെന്നിത്തല ഗാന്ധി തൊട്ട് ബാലൻ മന്ത്രി വരെയുള്ളവർക്ക് ഉറപ്പുള്ള കാര്യമാണ്. ആവിഷ്കാരത്തിന് പൊടി സ്വാതന്ത്ര്യം കൂടി ഉണ്ടായാൽ ലക്ഷണമൊത്ത 'ആവിഷ്കാരസ്വാതന്ത്ര്യം' ആകും. മുക്കാൽകഴഞ്ച് ആവിഷ്കാരത്തിന് വേണ്ടിവന്നാൽ മാത്രം കാലിഞ്ച് സ്വാതന്ത്ര്യമാവാം. തീരെയില്ലെങ്കിലും കുഴപ്പമില്ല. ചേരുവ കിറുകൃത്യമായിരിക്കണം. ഒറ്റനോട്ടത്തിൽ കണ്ട്രാക്ക് പിണറായിസഖാവ് നോക്കിയാൽ പിടികിട്ടണം. പിടികിട്ടാത്ത വണ്ണം സ്വാതന്ത്ര്യത്തിന്റെ അളവ് കൂടിപ്പോയാലത് പാലാരിവട്ടം പാലം പോലെയാകുമെന്ന് പ്രത്യേകിച്ച് ഓർമ്മിപ്പിക്കേണ്ടതില്ല. സഖാവ് കണ്ണുരുട്ടിയാൽ പിന്നെ ചോദിക്കേണ്ട. പാരതന്ത്ര്യം മാനികൾക്ക് മൃതിയേക്കാൾ ഭയാനകം എന്ന് കവി പാടിയ കാലമെല്ലാമങ്ങ് മാഞ്ഞുപോയിട്ടുണ്ട്. സ്വാതന്ത്ര്യമാണിപ്പോൾ മാനികൾക്ക് മൃതിയേക്കാൾ ഭയാനകം.
പക്ഷേ മേസ്തിരിപ്പണിക്കാർ അക്കാര്യം ഓർക്കാതെ പോയി. അതുകൊണ്ടെന്ത് സംഭവിച്ചു എന്നായിരിക്കും. പി. സഖാവിന് ചേരുവ പിടികിട്ടിയില്ല. വലിയ നഷ്ടം തന്നെയാണ് സംഭവിച്ചിരിക്കുന്നത്. നൂറ്റിച്ചില്വാനം കൊല്ലക്കാലമായി തുടരുന്ന മുല്ലപ്പെരിയാർ അണക്കെട്ട് പോലെ കെട്ടുറപ്പ് ഉണ്ടാവേണ്ടിയിരുന്ന 'ആവിഷ്കാരസ്വാതന്ത്ര്യ"മാണ് ലഭിക്കാതെ പോയത്. കുറഞ്ഞ പക്ഷം പാമ്പൻപാലത്തിന്റെ ഉറപ്പെങ്കിലും ഉണ്ടാവേണ്ടതായിരുന്നു. ഇതൊരുമാതിരി പാലാരിവട്ടം മേല്പാലം പോലെയായിപ്പോയതിന് ആരാണ് ഉത്തരവാദി? കെട്ടുറപ്പില്ലാത്ത 'ആവിഷ്കാര സ്വാതന്ത്ര്യ"ത്തിന് ലളിതകലാ അക്കാഡമി കൊടുക്കേണ്ടിവന്ന വിലയോർത്താൽ ആരുടെയും കണ്ണ് നിറഞ്ഞ് പോകും. വാലിന്റെ അങ്ങേയറ്റത്ത് പുലിയുണ്ടായിരുന്നത് കൊണ്ട് വാലിന്മേൽ പിടിച്ച പിടി വിടാനും വയ്യ, വിടാതിരിക്കാനും വയ്യ എന്ന അവസ്ഥയിൽ നേമം പുഷ്പരാജ് മുതൽ പൊന്ന്യം ചന്ദ്രൻ വരെ നിൽക്കുകയാണ്. ഒരുമാതിരി, കോൺഗ്രസുകാർ മഹാത്മഗാന്ധിയെ പിടിച്ച് നിൽക്കുന്നത് പോലെ!
കണ്ട്രാക്ക് പി. സഖാവാണെങ്കിൽ കണ്ണുരുട്ടി തന്നെ നില്പാണെന്ന് ചില ഡിറ്റക്ടീവുകൾ ചൂണ്ടിക്കാട്ടുന്നുമുണ്ട്. അതൊന്ന് പുനഃപരിശോധിക്കൂ എന്ന് ബാലൻമന്ത്രി കേണപേക്ഷിക്കുന്നതും അതുകൊണ്ടാണ്. ജൂറി തീരുമാനം അന്തിമമാണെന്ന് നേമം പുഷ്പരാജ് പറയുന്നുണ്ടോ, ഏയ് ഇല്ല, ഉണ്ട്, തിത്തെയ് തോ...!
പണ്ട് ക്രിസ്തുവിന്റെ ആറാം തിരുമുറിവ് നാടകത്തെ ലീഡർകരുണാകർജി വിലക്കിയപ്പോൾ ലീഡർജി ആവിഷ്കാരസ്വാതന്ത്ര്യത്തെ തുണ്ടം തുണ്ടമാക്കിയെന്ന് വിലപിച്ച് മുദ്രാവാക്യം വിളിച്ച കൂട്ടത്തിൽ നായനാർസഖാവുണ്ടായിരുന്നു. സഖാവ് പിന്നീട് കണ്ട്രാക്കായപ്പോൾ നാടകം തന്നെ നിരോധിച്ചത് 'ആവിഷ്കാരസ്വാതന്ത്ര്യ"ത്തിന്റെ ചേരുവകൾ കൃത്യമായി മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ്. പാവം ലീഡർജിയെ വെറുതെ സംശയിക്കുകയായിരുന്നു. അതുകൊണ്ടെന്തുണ്ടായി? 'ആവിഷ്കാരസ്വാതന്ത്ര്യം" രക്ഷപ്പെട്ടു.
അക്കാഡമിക്ക് സ്വന്തമായെന്തും ചെയ്യാം, ബാലൻമന്ത്രിക്ക് പറ്റില്ല എന്ന് കാനം സഖാവിന് പറയാം. പുഴയിൽ മുങ്ങിപ്പോകുന്നയാളെ പണിപ്പെട്ട് നീന്തിപ്പിടിച്ച് രക്ഷിക്കാൻ ശ്രമിക്കുന്നയാളിനോട് കരയിലിരുന്ന് ഡയറക്ഷൻ കൊടുക്കാനേ അല്ലെങ്കിലും കാനം സഖാവിന് അറിയൂ. നീന്തലറിയില്ല. അതറിഞ്ഞില്ലെങ്കിലുള്ള കുഴപ്പമെന്ന് പറയുന്നത് ശബരിമല മോഡൽ പണിയാണ്. എവിടന്നും എപ്പോഴും വരാം. ലോകസഭാ തിരഞ്ഞെടുപ്പിലും നിയമസഭാ ഉപതിരഞ്ഞെടുപ്പിലും വരാം. അതുകൊണ്ട് വിശ്വാസം രക്ഷതി! സ്വാമി ശരണം!
* * * * *
മെത്രാൻ കായലിൽ സ്വാതന്ത്ര്യസമരം നയിച്ചാണ് ഓസിഗാന്ധിയെയും കൂട്ടരെയും ഇങ്ങിനി വരാത്ത വണ്ണം നാടുകടത്തി പിണറായിസഖാവ് ആൻഡ് കോ. കേരളനാട് പിടിച്ചെടുത്തത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി മെത്രാൻകായലിലെ ചേറിലും ചെളിയിലുമിറങ്ങി കൊയ്ത്തുത്സവം നടത്താൻ പിണറായി സഖാവ് കർഷകശിരോമണി സുനിൽകുമാർ സഖാവിനെയും സംഘത്തെയും ചുമതലപ്പെടുത്തുകയുണ്ടായി. സഖാവും കൂട്ടരും ചെളിയിലിറങ്ങി നടത്തിയ മെത്രാൻകായൽ ഉത്സവം തൃശൂർപൂരം പോലെ ചരിത്രപ്രസിദ്ധമായെന്നാണ് ഐതിഹ്യം.
ഓസിഗാന്ധിയും കൂട്ടരും വാണരുളിയ കാലത്ത് മെത്രാൻ കായൽ, ആറന്മുള പുഞ്ച, കുന്നത്തുനാട് പാടം എന്നിത്യാദി മേഖലകളിൽ നടത്തിയ വേലകളിക്കെതിരെയായിരുന്നു ഘോരഘോരം പിണറായി സഖാവ് തൊട്ട് കോടിയേരി സഖാവ് വരെയുള്ളവർ സ്വാതന്ത്ര്യസമരം നയിച്ചത്. ഇന്നത് മൂന്നാം സ്വാതന്ത്ര്യസമരം എന്നാണറിയപ്പെടുന്നത്.
പക്ഷേ കാലം മാറുമ്പോൾ കോലവും മാറേണ്ടതുണ്ടായിരുന്നു. അതുകൊണ്ട് കുന്നത്തുനാട് പാടത്ത് പുതിയൊരു വേലകളിക്ക് ആരൊക്കെയോ ചേർന്ന് ചട്ടം കെട്ടുകയുണ്ടായി. വേലകളിക്ക് ചുവട് പറഞ്ഞ് കൊടുക്കുന്നത് പിണറായി സഖാവിന്റെ സ്വന്തം അവതാരമായ ജേബിയെന്നോ മറ്റോ പേരായ ഏതോ ജംഗ്ഷനിലെ ചാനൽബ്രോ ആണെന്ന് പാണന്മാർ പാടി നടക്കുന്നുണ്ട്. വാസ്തവമാണോ എന്നറിയില്ല. ഏതോ വെറുക്കപ്പെട്ടവനും അവതാരവും തമ്മിലുണ്ടാക്കിയ ധാരണാപത്രമനുസരിച്ച് കാര്യങ്ങൾ ഒരു കരയ്ക്കെത്തുമെന്നാണ് എല്ലാവരും ധരിച്ചുപോയത്. അപ്പോഴല്ലേ, ഒരു കളക്ടർബ്രോ ഇടപെട്ടതും കുളമാക്കി കൈയിൽ കൊടുത്തതും! കുന്നത്തുനാട്ടിലെ നിലം നികത്തലിൽ എന്തൊക്കെയോ ചീഞ്ഞുനാറുന്നുണ്ടെന്നാണ് നിയമസഭയിലിപ്പോൾ പ്രതിപക്ഷം ആരോപിക്കുന്നത്. വിനാശകാലേ വിപരീതബുദ്ധി എന്നല്ലാതെന്ത് പറയാനാണ്!