ഒരു സന്ദർശകൻ. പ്രായമുള്ള ആളാണ്. നാരായണഗുരുവിന്റെ ഗൃഹസ്ഥശിഷ്യനായിരുന്ന ആലുമ്മൂട്ടിൽ ചാന്നാരുടെ കുടുംബത്തിലുള്ളയാൾ. അമേരിക്കയിലാണ് താമസം. പണ്ട് സ്വന്തമായിരുന്ന നാട് ഒന്നുകൂടി കാണാൻ വന്നതാണ്. കൂട്ടത്തിൽ ഇവിടെയും വന്നു. മനസുകൊണ്ട് അദ്ദേഹത്തിന്റെ സ്വന്തം നാട് കേരളമാണ്. പ്രായോഗിക ജീവിതത്തിൽ അമേരിക്കയും. അപ്പോൾ ഏതാണ് അദ്ദേഹത്തിന്റെ സ്വന്തം നാട്?
സംസാരിച്ച കൂട്ടത്തിൽ ആലുംമൂട്ടിൽ ചാന്നാർ ഉണ്ടാക്കിയ മാളികവീട് കാണാൻ നാരായണഗുരു പോയ കഥ പറഞ്ഞു. അധഃസ്ഥിതരെന്നു വിളിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ ചാന്നാരാണ് ആദ്യമായൊരു മാളികവീട് പണിതത്. ഇന്ന് മാളികവീട് സർവസാധാരണമായി.
ഗുരു അവിടെ ചെല്ലുമ്പോൾ കണ്ടത് ധാരാളം പ്രാവുകൾ മാളികവീട്ടിൽ താമസമുറപ്പിച്ചിരിക്കുന്നതായിട്ടാണ്. ഗുരു പറഞ്ഞു,
''ചാന്നാർ കരുതുന്നത് ഈ മാളികവീട് അദ്ദേഹത്തിന്റേതാണെന്നാണ്. പ്രാവുകൾ കരുതുന്നത് മാളികവീട് അവരുടേതാണെന്നാണ്."
ശരിയല്ലേ? വീട് ചാന്നാരുടേതാണെന്ന് പ്രാവുകൾ അറിയുന്നില്ല. വീട് പ്രാവുകളുടേതാണെന്ന് ചാന്നാരും കരുതുന്നില്ല. അപ്പോൾ വീട് ആരുടെ സ്വന്തമാണ്?
ഉടമസ്ഥാവകാശം രണ്ടു തരത്തിലുണ്ടാകാം. ഒന്നു പ്രകൃതിസഹജമായി സംഭവിക്കുന്നത്. അതാണ് പ്രാവുകളുടേത്. ആ ഉടമസ്ഥാവകാശത്തിനു രേഖകളില്ല. അതു പ്രകൃതിയുടെ ഭാഗമായ ജീവിതക്രമത്തിൽ സ്വാഭാവികമായി സംഭവിക്കുന്നതാണ്. അതു സകല ജീവികളുടെ ജീവിതത്തിലും കാണാം.
മറ്റേ ഉടമസ്ഥാവകാശം മനുഷ്യൻ ഉണ്ടാക്കിയതാണ്. പ്രകൃതിയിൽ സ്വാഭാവികമായി സംഭവിക്കുന്ന നിലയിലല്ലാതെ, മനുഷ്യൻ ഉണ്ടാക്കിയെടുത്ത സാമൂഹികമായ ജീവിതക്രമത്തിന്റെ ഭാഗമായുണ്ടായതാണത്. ആ ജീവിതക്രമത്തിന്റെ ഭാഗമായിത്തന്നെ ഓരോരുത്തരുടെയും ഉടമസ്ഥാവകാശത്തിന് കടലാസിലെഴുതിയ രേഖകളും ഉണ്ടാക്കിവയ്ക്കുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഭൂമിയും വീടുകളുമൊക്കെ സ്വന്തമാണെന്ന് മനുഷ്യർ കരുതുന്നത്. ഈ ഉടമസ്ഥാവകാശം മനുഷ്യന്റെ കൃത്രിമ സൃഷ്ടിയാണ്, പ്രകൃതിനിയമത്തിൽ പെട്ടതല്ല. അതുകൊണ്ട് മാളികവീട് ചാന്നാരുടേതാണെന്ന വിചാരമൊന്നും പ്രാവുകൾക്കില്ല. തന്റെ ഉടമസ്ഥതാബോധം വച്ചുകൊണ്ട് ചാന്നാർക്ക് പ്രാവുകളെ ഓടിച്ചുകളയാം. അപ്പോൾ പ്രകൃതിയിൽത്തന്നെ മറ്റൊരിടം പ്രാവുകൾ കണ്ടെത്തും. പക്ഷേ ചാന്നാരെ ഇറക്കിവിടാൻ പ്രാവുകൾക്ക് കഴിയുമോ?
ഈ കുറിപ്പെഴുതുന്നയാൾ ഒരിക്കൽ ആ മാളിക വീട്ടിൽ പോയി. പഴകിദ്രവിച്ചുകൊണ്ടിരിക്കുന്ന ആ മാളികയിൽ ഇപ്പോൾ താമസം പ്രാവുകൾ മാത്രം! മനുഷ്യനുണ്ടാക്കിയ രേഖപ്രകാരം ഇപ്പോഴും ഈ വീട് അമേരിക്കയെ സ്വന്തം നാടാക്കിയ ഈ സന്ദർശകന്റേതാണ്.
ഈ വീട് ആർക്കു സ്വന്തം?