psc

തിരുവനന്തപുരം: ടൗൺ പ്ലാനിംഗ് ഓഫീസർ തസ്‌തികയിലേക്കുള്ള ജനറൽ റിക്രൂട്ട്മെന്റിൽ ഒന്നാം റാങ്ക് നേടിയ പട്ടികവിഭാഗക്കാരനായ യുവാവിന് വിശാല കൊച്ചി വികസന അതോറിട്ടിയിൽ (ജി.സി.ഡി.എ) പി.എസ്.സി അഡ്വൈസ് മെമ്മോ കിട്ടി രണ്ടുവർഷം കഴിഞ്ഞിട്ടും നിയമനം നൽകുന്നില്ല. ഇടുക്കി കുമളി സ്വദേശി എസ്. സുഭാഷിനാണ് ഈ ദുർഗതി.

നിയമനം നിഷേധിക്കുന്നതിനെതിരെയുള്ള സുഭാഷിന്റെ ഹർജിയിൽ അടിയന്തര നടപടിക്ക് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നിട്ടും ഫലമുണ്ടായില്ല. തുടർന്ന് നിയമസഭയുടെ പട്ടികജാതി,പട്ടികവർഗ ക്ഷേമ കമ്മിറ്റിയെയും പട്ടികജാതി, വർഗ കമ്മിഷനെയും സമീപിച്ചിരിക്കയാണ് സുഭാഷ്. 22ന് ജി.സി.ഡി.എ സെക്രട്ടറിയെയും ഉദ്യോഗാർത്ഥിയെയും ഹിയറിംഗിന് വിളിച്ചിട്ടുണ്ട്.

2013 ജൂണിലാണ് അപേക്ഷ ക്ഷണിച്ചത്. മുന്നൂറോളം അപേക്ഷകരിൽ ഷോർട്ട് ലിസ്റ്റ് ചെയ്ത പത്ത് പേരുടെ ഇന്റർവ്യൂ കഴിഞ്ഞപ്പോൾ ജനറൽ ലിസ്റ്റിൽ സുഭാഷ് ഒന്നാം റാങ്ക് നേടി. 2017 മേയ് 17ന് അഡ്വൈസ് മെമ്മോ ലഭിച്ചു. സുഭാഷിന് മുൻപരിചയമില്ലെന്നതാണ് ജി.എസ്.ഡി.എ പറയുന്ന ന്യായം. എട്ട് വർഷത്തെ മുൻപരിചയം വേണമന്ന് വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. സുഭാഷിന് മൂന്ന് വർഷത്തെ മുൻപരിചയമേയുള്ളൂ. എന്നാൽ, എസ്.സി / എസ്.ടിക്കാർക്ക് മുൻപരിചയം ആവശ്യമില്ലെന്ന് വ്യവസ്ഥയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥിയെ തിരഞ്ഞെടുത്തതെന്നും ഉടൻ നിയമനം നടത്തി റിപ്പോർട്ട് ചെയ്യണമെന്നും പി.എസ്.സി നിർദ്ദേശിച്ചു. എന്നിട്ടും ജി.സി.ഡി.എ അനങ്ങിയില്ല.

തുടർന്ന് പി.എസ്.സിയുടെ നിർദ്ദേശ പ്രകാരമാണ് 2017 ആഗസ്റ്റിൽ സുഭാഷ് ഹൈക്കോടതിയെ സമീപിച്ചത്. നിയമനം നടത്താൻ കഴിഞ്ഞ മാർച്ചിൽ നിർദ്ദേശിച്ചു. തുടർന്ന് ജി.സി.ഡി.എ ചെയർമാനെ സമീപിച്ചപ്പോഴും കൈമലർത്തുകയായിരുന്നു.

മറ്റു രണ്ടു പേർക്കും ഇതേ ഗതി

2014ലെ വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഡെപ്യൂട്ടി ടൗൺ പ്ലാനിംഗ് ഓഫീസർ തസ്തികയിൽ ഒന്നും രണ്ടും റാങ്ക് നേടി പി.എസ്.സി അഡ്വൈസ് മെമ്മോ ലഭിച്ച എസ്.സി / എസ്.ടി വിഭാഗത്തിലെ ലീലാവതി,​ ഹിന്ദുജ എന്നിവർക്കും ജി.സി.ഡി.എയിൽ നിയമനം ലഭിച്ചിട്ടില്ല. ഇവരും ഹൈക്കോടതിയെ സമീപിച്ച് അനുകൂല ഉത്തരവ് നേടിയിരുന്നു. കോടതിയലക്ഷ്യ ഹർജി നൽകിയിട്ടുണ്ട് ഇരുവരും.

'നിയമനം ലഭിക്കാത്തത് ശ്രദ്ധയിൽ പെട്ടിട്ടില്ല. വിവേചനം ബോദ്ധ്യപ്പെട്ടാൽ നടപടികൾ സ്വീകരിക്കും".

- പട്ടികജാതി പട്ടികവർഗ വികസന മന്ത്രിയുടെ ഓഫീസ്

'ഹൈക്കോടതി ഉത്തരവ് നടപ്പാക്കാത്തതിന് കോടതിയലക്ഷ്യ ഹർജി നൽകും".

-സുഭാഷ്

2013ലെ വിജ്ഞാപന പ്രകാരം ജി.സി.ഡി.എ പറഞ്ഞ മുൻപരിചയം ഇല്ലാത്തത് കൊണ്ടാണ് നിയമനം നൽകാതിരുന്നത്. ടൗൺ പ്ലാനിംഗ് ഓഫീസർ, ഡെപ്യൂട്ടി ടൗൺ പ്ലാനിംഗ് ഓഫീസർ എന്നിവ സൂപർവൈസിംഗ് തസ്തികകളാണ്. പരാതിക്കാരന് അനുകൂലമായ ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഇടക്കാല ഉത്തരവിനെതിരെ ജി.സി.ഡി.എ സുപ്രീം കോടതിയെ സമീപിക്കാനിരിക്കുകയാണ്

- വി.സലീം, ചെയർമാൻജി.സി.ഡി.എ