തിരുവനന്തപുരം : തലസ്ഥാനവാസികളുടെ ഉറക്കംകെടുത്തിയ കുപ്രസിദ്ധ മോഷ്ടാവ് തിരുവല്ലം ഉണ്ണി പിടിയിലായതോടെ ചുരുളഴിഞ്ഞത് നിരവധി മോഷണ പരമ്പരകൾ. കാട്ടാക്കട, മലയിൻകീഴ്, ഉരൂട്ടമ്പലം, വീരണകാവ്, പൂങ്കുളം തുടങ്ങിയ പ്രദേശങ്ങളിൽ മോഷണ പരമ്പര നടത്തിയ പെരും കള്ളനാണ് വലയിലായത്. പൂഴനാട് ചാനൽ പാലത്തിന് സമീപം വിഷ്ണുഭവനിലെ തിരുവല്ലം ഉണ്ണി എന്ന ഉണ്ണികൃഷ്ണനെ സിറ്റി ഷാഡോ പൊലീസ് കഴിഞ്ഞ ദിവസമാണ് പിടികൂടിയത്. കാട്ടാക്കടയിൽ മാത്രം രണ്ടു ദിവസത്തിനിടെ പതിനാറിടങ്ങളിൽ മോഷണം നടത്തിയ വിരുതനാണ് ഉണ്ണി. നെയ്യാറ്റിൻകര ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ തെളിവെടുപ്പ് നടത്തും.
ചില്ലറ പൈസമുതൽ വിലയേറിയ വസ്തുക്കൾവരെയാണ് കഴിഞ്ഞ ദിവസം ഉണ്ണിയുടെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് കണ്ടെടുത്തത്. ഉണ്ണി ഒളിവിൽ കഴിഞ്ഞിരുന്ന കോവളം കെ.എസ് റോഡിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് വ്യാപാര സ്ഥാപനങ്ങളിലും വീടുകളിലും നിന്നുള്ള മോഷണ വസ്തുക്കളും പണവും കണ്ടെടുത്തത്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നു മോഷ്ടിച്ച സിസി ടിവി ഹാർഡ് ഡിസ്ക്കുകളും ഇവയിൽ ഉൾപ്പെടുന്നു. കാമറയിൽ ആളെ തിരിച്ചറിയാതിരിക്കാനാണ് സ്ഥാപനങ്ങളിലെ ഹാർഡ് ഡിസ്ക്കുകൾ മോഷ്ടിക്കുന്നത്.
മോഷണം ഇങ്ങനെ
ഒരു പ്രദേശത്ത് ഒരു ദിവസം നിരവധി മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി. അർദ്ധരാത്രിക്കു ശേഷം തന്റെ ആട്ടോറിക്ഷയിൽ കവർച്ച ചെയ്യാനുദ്ദേശിക്കുന്ന പ്രദേശത്ത് എത്തും. ആട്ടോ സുരക്ഷിതമായി പാർക്കു ചെയ്യും. ശേഷം കമ്പിപ്പാരയുമായാണ് മോഷണത്തിനിറങ്ങുന്നത്. സിസി ടിവിയിൽ നിന്ന് രക്ഷപ്പെടുന്നതിന് ഹെൽമറ്റ് ധരിച്ചാണ് മിക്ക മോഷണങ്ങളും നടത്തുന്നത്.
മോഷണം നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് വീണ്ടും വൻ കവർച്ചകൾക്കു തയ്യാറെടുക്കുന്നതിനിടെയാണ് ഉണ്ണിയെ ഷാഡോ പൊലീസ് പിടികൂടിയത്.
പൊലീസിനെ വെട്ടിച്ചത് പലതവണ
ആദ്യം വാടകയ്ക്കെടുത്തത് കോവളം കെ.എസ് റോഡ് ചുനക്കരയിലെ വീട്. തുടർന്ന് വണ്ടിത്തടത്തേക്ക് മാറി. ഇവിടെ വച്ച് പൊലീസ് പിടിക്കുമെന്നായപ്പോൾ കാറുപേക്ഷിച്ചു ഓടി. അന്നു കൂട്ടുപ്രതിയായ ഭാര്യ പിടിയിലായി. തുടർന്നാണ് കോവളം കെ.എസ് റോഡിലെ വീട്ടിൽ വാടകയ്ക്കെത്തുന്നത്.
വാഹനമോഷ്ടാവ് കൊള്ളക്കരനായി
ആദ്യം വാഹനമോഷ്ടാവായി തുടങ്ങി പിന്നീട് സ്പെയർപാർട്സുകൾ, കടകൾ, വീടുകൾ എന്നിവിടങ്ങളിലേക്ക് മോഷണം വ്യാപിപ്പിച്ചു. മോഷണ വസ്തുക്കൾ ആക്രിക്കടകളിൽ വിൽക്കുന്ന പ്രതി ആഢംബര ജീവിതമാണ് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊലീസിനെക്കണ്ടാൽ ഓടി രക്ഷപ്പെടാൻ നോക്കുന്നതാണ് പതിവെന്നും ഇപ്പോൾ പിടിയിലായത് ഏറെ നേരത്തെ ഓട്ടത്തിനൊടുവിലാണെന്നും പൊലീസ് പറഞ്ഞു.