പാറശാല: കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങൾ ഇന്ന് തമിഴ്നാടിന്റെ മാലിന്യം നിക്ഷേപ കേന്ദ്രങ്ങളായി മാറുകയാണ്. കഴിഞ്ഞ കുറച്ചുനാളുകളായി തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും കണ്ടെയിനർ ലോറികളിലും മറ്റും രാത്രികാലങ്ങളിൽ കേരളത്തിലേക്ക് മാലിന്യം എത്തിച്ച് റോഡുവക്കിലും കനാലുകളിലും നിക്ഷേപിക്കുകയാണ്. അറവ് മാലന്യം, മത്സ്യ സംസ്കരണ ശാലകളിൽ നിന്നും പുറം തള്ളുന്ന മലിന ജലം, ചീഞ്ഞ മുട്ടകളുടെ വൻ ശേഖരം, കക്കൂസ് മാലിന്യം തുടങ്ങി പ്രദേശം മുഴുവൻ മലിനമാക്കാൻ കഴിയുന്ന എല്ലാ മാലിന്യങ്ങളും അതിർത്തികടന്നെത്തുന്നത് കേരളത്തിന്റെ ആളൊഴിഞ്ഞ പ്രദേശങ്ങൾ ലക്ഷ്യംവച്ചാണ്. പാറശാല പഞ്ചായത്തിലെ പല പ്രദേശങ്ങളിലും പല തവണ വൻ മാലിന്യ നിക്ഷേപമാണ് കണ്ടെത്തിയത്. ഇവ പഞ്ചായത്ത് അധികൃതർ ഇടപെട്ട് സ്വന്തം ചെലവിലാണ് സംസ്കരിക്കുന്നത്.
കേരളത്തലെ നദികളെ ലക്ഷ്യമിട്ട് തമിഴ്നാട്ടിലെ മത്സ്യ സംരക്ഷണ ശാലകലിൽ നിന്നും ദുർഗന്ധം വമിക്കുന്ന മലിന ജലവുമായി എത്തിയ കണ്ടെയ്നർ ലേറികളെ നാട്ടുകാർ പല തവണ തടഞ്ഞുനിറുത്തി തമിഴ്നാട്ടിലേക്ക് തിരികെ അയച്ചിട്ടുണ്ട്. കക്കൂസ് മാലിന്യം ഒഴുക്കിവരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു.
പല തരത്തിലുള്ളമാലിന്യങ്ങൾ പിടികൂടിയിട്ടുണ്ടെങ്കിലും ഇപ്പോൾ അതിർത്തി കടന്നെത്തുന്നത് ചീത്തയായ മുട്ടകളാണ്. ഇത്തരത്തിൽ ഉപേക്ഷിക്കപ്പെട്ട മുട്ടകളുടെ വൻ ശേഖരമാണ് രണ്ട് തവണയായി കനാലിൽ കണ്ടെത്തിയത്. ദുർഗന്ധം രൂക്ഷമായതോടെ ഇവ നാട്ടുകാർ ഇടപെട്ടാണ് സംസ്കരിച്ചത്. പരിസര മലിനീകരണത്തിന് കാരണമാകുന്ന മാഫിയകൾ പ്രദേശത്ത് ശക്തമാകുന്നുണ്ടെന്നും പരാതിയുണ്ട്. മാലിന്യം നിക്ഷേപിക്കുന്നവർക്ക് നിസാര പിഴ ചുമത്തി വിട്ടയ്യ്ക്കുന്നത് കാരണം ഇത്തരം കുറ്റകൃത്യങ്ങൾ വീണ്ടും ആവർത്തിക്കുന്നതെന്നാണ് നാട്ടുകാരുടെ പരാതി.