മേലുദ്യോഗസ്ഥരെ സംശയനിഴലിൽ നിറുത്തി രണ്ടുദിവസം മുൻപ് എറണാകുളത്തുനിന്ന് അപ്രത്യക്ഷനായ സെൻട്രൽ സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ നവാസിനെ തമിഴ്നാട്ടിലെ കരൂരിൽ ശനിയാഴ്ച പുലർച്ചെ കണ്ടെത്തിയെന്ന വാർത്ത കുടുംബാംഗങ്ങളെ മാത്രമല്ല സംസ്ഥാന പൊലീസ് സേനയെയും ഒട്ടൊന്നുമല്ല ആശ്വസിപ്പിക്കുന്നത്. ഉന്നത ഒാഫീസറുടെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ രണ്ടുദിവസം നവാസിനായി പൊലീസ് സംഘം അരിച്ചുപെറുക്കിയിരുന്നു. ഏവരുടെയും കണ്ണിൽ പെടാതെതന്നെ തമിഴ്നാട്ടിലേക്ക് പോയ അദ്ദേഹം ട്രെയിൻയാത്രയ്ക്കിടെയാണ് റെയിൽവേ പൊലീസ് ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെട്ടതും വിവരം കേരള പൊലീസിനെ അറിയിച്ചതും.
സർക്കിൾ ഇൻസ്പെക്ടറുടെ തിരോധാനത്തിനുള്ള കാരണം തിരക്കിച്ചെല്ലുമ്പോൾ ലഭിക്കുന്ന വിവരങ്ങൾ കേൾക്കാൻ അത്ര സുഖമുള്ളതൊന്നുമല്ല. സത്യസന്ധനെന്നും അഴിമതിക്ക് വഴങ്ങാത്തവനെന്നും പേരെടുത്ത ഒരു പൊലീസ് ഒാഫീസറാണ് നവാസ്. അതുകൊണ്ടുതന്നെ വീട്ടുകാരോടുപോലും ഒരക്ഷരം പറയാതെ ഒരു സുപ്രഭാതത്തിൽ അദ്ദേഹം വീടുംനാടും ഉപേക്ഷിച്ച് പോകണമെങ്കിൽ മതിയായ കാരണങ്ങൾ തന്നെകാണും. മേലുദ്യോഗസ്ഥനായ അസിസ്റ്റന്റ് കമ്മിഷണറിൽ നിന്നു നേരിടേണ്ടിവന്ന ശകാരവും പീഡനവും സഹിക്കവയ്യാതെയാണ് സർക്കിൾ ഇൻസ്പെക്ടർ നാടുവിട്ടതെന്ന് വ്യാഴാഴ്ചതന്നെ വാർത്ത പരന്നിരുന്നു. വയർലസ് വഴിയായിരുന്നുവത്രെ ഭർത്സനം. ദുരൂഹമായ മറ്റൊരു കാര്യം ഇൗ വയർലസ് സംഭാഷണത്തിന്റെ തെളിവൊന്നും ശേഷിപ്പിച്ചിട്ടില്ലെന്നതാണ്. ആ സമയത്തെ റെക്കാഡിംഗ് നഷ്ടപ്പെട്ടിരിക്കുന്നതായാണ് കേൾക്കുന്നത്. ഒരു സംഭവത്തിന്റെ തെളിവ് ഇല്ലാതാക്കാനുള്ള വിദ്യ പൊലീസിനെ ആരും പഠിപ്പിക്കേണ്ടതില്ലാത്തതിനാൽ ഇതിൽ അതിശയപ്പെടാനുമില്ല.
കുടുംബത്തെ കണ്ണീരിലാഴ്ത്തി സർക്കിൾ ഇൻസ്പെക്ടർ തിരോധാനം ചെയ്തതിനെത്തുടർന്ന് പത്നിയും വീട്ടമ്മയുമായ ആരിഫ മാദ്ധ്യമങ്ങളോട് നടത്തിയ വെളിപ്പെടുത്തൽ പൊലീസ് സേനയ്ക്കുള്ളിൽ പുറംലോകം അറിയാതെ നടന്നുകൊണ്ടിരിക്കുന്ന അടിച്ചമർത്തലിന്റെയും സത്യസന്ധരായ ഉദ്യോഗസ്ഥർ നേരിടേണ്ടിവരുന്ന കടുത്ത മാനസിക സമ്മർദ്ദത്തിന്റെയും ചെറിയൊരു ചിത്രം മാത്രമാണ് കാട്ടിത്തരുന്നത്. പ്രാരബ്ധങ്ങളിലൂടെ പ്രതികൂല സാഹചര്യങ്ങളോട് മല്ലിട്ട് സ്വപ്രയത്നംകൊണ്ട് പൊലീസിലെത്തിയ നവാസ് കർക്കശക്കാരനായ ഒാഫീസർ എന്ന് പേരെടുത്ത ആളാണ്. വഴിവിട്ട ശുപാർശകൾക്ക് വഴങ്ങാത്തതിനാൽ ഡിപ്പാർട്ട്മെന്റിൽത്തന്നെ ധാരാളം പേരുടെ വിരോധവും സമ്പാദിച്ചിരുന്നു. സത്യസന്ധനെന്ന പേര്: ഒരു പൊലീസ് ഒാഫീസറെ സംബന്ധിച്ചിടത്തോളം പലപ്പോഴും ഭാരമാകുമെന്നതിന് നവാസിനെപ്പോലുള്ളവർ ഉദാഹരണങ്ങളാണ്. വ്യക്തിഹത്യയും മേലുദ്യോഗസ്ഥന്മാരുടെ അനാവശ്യശാസനകളും വഴിവിട്ട ഇടപെടലുകളുമെല്ലാം നേരിടേണ്ടിവരുന്നതിലെ മനഃക്ളേശം വിട്ടൊഴിയാതെ തന്റെ ഭർത്താവിന് നേരിടേണ്ടിവരാറുണ്ടെന്ന ആരിഫയുടെ വെളിപ്പെടുത്തൽ അവിശ്വസിക്കേണ്ട കാര്യമില്ല. നാടോടുമ്പോൾ നടുവേ ഒാടാനറിയാത്തവർക്ക് സാധാരണ സംഭവിക്കുന്ന ജീവിത പരാജയത്തിന്റെ ഇരയാകാം ഇൗ പൊലീസ് ഒാഫീസർ. എന്നാൽ സി.ഐ തലത്തിലുള്ള ഒരുദ്യോഗസ്ഥനുപോലും സേനയിൽ സമാധാനത്തോടും ഭയപ്പാടില്ലാതെയും പ്രവർത്തിക്കാനുള്ള അന്തരീക്ഷമില്ലെന്നു വരുന്നത് തീർച്ചയായും ഗൗരവമായി കാണേണ്ട പ്രശ്നം തന്നെയാണ്. പൊട്ടിത്തെറിക്കാനോ നേർക്കുനേർനിന്ന് എതിരിടാനോ കഴിയാത്തവിധം അച്ചടക്കത്തിന്റെ ബലമേറിയ ചങ്ങലകളാൽ ബന്ധിതമായതിനാലാണ് സേനയ്ക്കുള്ളിൽ നടക്കുന്ന ഇതുപോലുള്ള സംഗതികൾ പുറത്തുവരാത്തത്. തീരെ സഹിക്കാൻ പറ്റാത്ത ഘട്ടമെത്തിയപ്പോഴാകും സർക്കിൾ ഇൻസ്പെക്ടർ നവാസ് ഭവിഷ്യത്തുകളെക്കുറിച്ചുപോലും ചിന്തിക്കാതെ ആ ചങ്ങല അറുത്തുമാറ്റി രക്ഷപ്പെടാനൊരുങ്ങിയത്.
കേരള പൊലീസിൽ നവാസിന്റേത് ഒറ്റപ്പെട്ട കഥയല്ല. നവാസിന്റെ തിരോധന വാർത്ത കാട്ടുതീപോലെ പടരുന്നതിനിടയിലാണ് കണ്ണൂർ എ.ആർ. ക്യാമ്പിലെ സിവിൽ പൊലീസ് ഒാഫീസറായ കെ. രതീഷിന്റെ രാജിവാർത്ത എത്തുന്നത്. കുറിച്യ വിഭാഗത്തിൽപ്പെട്ട രതീഷും മേലുദ്യോഗസ്ഥന്മാരുടെ മോശം പെരുമാറ്റത്തിലും പീഡനങ്ങളിലും മനംമടുത്ത് ജോലി ഉപേക്ഷിക്കാൻ നിർബന്ധിതനായത്. എസ്.ഐ ഉൾപ്പെടെയുള്ളവർ തന്നോടുകാട്ടുന്ന ക്രൂരതകൾ വിവരിച്ചുകൊണ്ട് പരാതി സമർപ്പിച്ചശേഷമാണ് ഇൗ ആദിവാസി യുവാവ് പൊലീസിന്റെ യൂണിഫോം ഉപേക്ഷിച്ചത്. ജാതി വിവേചനം നേരിടേണ്ടിവരുന്നതിലെ കഠിനവ്യഥയിലായിരുന്നു രതീഷ്. ജാതി പറഞ്ഞ് അധിക്ഷേപിക്കുക, സ്ഥിരമായി ജയിൽ തടവുകാരായ രോഗികൾക്ക് അകമ്പടിപ്പോവുക, അവധി നൽകാതിരിക്കുക എന്നിങ്ങനെ പരാതികൾ പലതാണ്.
സേനാംഗങ്ങളുടെ ഇതുപോലുള്ള പരാതികൾക്കുപരിഹാരം കാണാനുള്ള സംവിധാനം വേണ്ടവിധം പ്രവർത്തിക്കുന്നില്ലെന്ന് വേണം കരുതാൻ. നവാസും രതീഷും പൊലീസ് സേനയിൽ വളർന്നുകൊണ്ടിരിക്കുന്ന ചില മൂല്യച്യുതികളെക്കുറിച്ച് ഗൗരവമായ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. അവ സർക്കാർ കാണാതെ പോകരുത്. തിരോധാനത്തിന്റെ പേരിൽ സർക്കിൾ ഇൻസ്പെക്ടർ കൂടുതൽ ക്രൂരമായ നടപടികൾക്ക് ഇരയാകുകയില്ലെന്ന് ഉറപ്പാക്കുകയും വേണം. പൊലീസിൽ നിന്ന് രക്ഷപെട്ടോടാനിടയായ സാഹചര്യങ്ങളെക്കറിച്ച് വസ്തുനിഷ്ഠമായ അന്വേഷണം നടത്തി പരിഹാര നടപടി അടിയന്തരമായി സ്വീകരിക്കുകയും വേണം. സേനയെ ബാധിച്ച ഗുരുതരമായ രോഗം തിരിച്ചറിഞ്ഞ് ചികിത്സ തുടങ്ങുന്നില്ലെങ്കിൽ കൂടുതൽ ഇടങ്ങളിലേക്ക് അത് പടരുകതന്നെ ചെയ്യും.