facebook

തിരുവനന്തപുരം: മുഖ്യമന്ത്രിയെയും സംസ്ഥാന സർക്കാരിനെയും സമൂഹ മാദ്ധ്യമങ്ങളിലൂടെ അവഹേളിച്ചെന്ന പരാതിയിൽ സെക്രട്ടേറിയറ്റ് നിയമവകുപ്പിൽ ബൈൻഡർ തസ്തികയിലുള്ള കോൺഗ്രസ് അനുകൂല ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഒ.പി അശോക്‌കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. ഫേസ്ബുക്കിൽ വന്ന പോസ്റ്റ് ഷെയർ ചെയ്തതിനാണ് നടപടി. വൃക്ക മാറ്റിവയ്ക്കൽ ചികിത്സയ്ക്ക് വിധേയനായ മകൻ ഉൾപ്പെടുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് അശോക്‌കുമാ‌ർ. സസ്പെൻഷനോടെ കുടുംബം വഴിയാധാരമായെന്ന് ഒരു വിഭാഗം ജീവനക്കാർ പറയുന്നു. മകന്റെ തുടർ ചികിത്സ മുടങ്ങുന്ന അവസ്ഥയാണ്.

നിലവിൽ ഇതര ഡ്യൂട്ടിയിൽ ഔദ്യോഗിക ഭാഷാ (നിയമ നിർമ്മാണ) കമ്മിഷനിൽ ബൈൻഡറാണ് അശോക്‌കുമാർ. 1960ലെ സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടത്തിലെ വകുപ്പ് പ്രകാരമാണ് നടപടി. കേരള സിവിൽ സർവീസ് (ക്ലാസിഫിക്കേഷൻ കൺട്രോൾ ആൻഡ് അപ്പീൽ) ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരം നടപടി സ്വീകരിക്കാനും ഉത്തരവിൽ നിർദ്ദേശിച്ചിട്ടുണ്ട്. കുറഞ്ഞത് ആറു മാസമെങ്കിലും ഇയാൾക്ക് പുറത്തു നിൽക്കേണ്ടിവരുമെന്നാണറിയുന്നത്.

സസ്പെൻഷൻ കാലയളവിൽ സബ്സിസ്റ്റൻസ് അലവൻസിന് മാത്രമാകും അശോക്‌കുമാർ അർഹനാവുക എന്ന് ഉത്തരവിൽ പറയുന്നു.

വൃക്ക മാറ്റിവയ്ക്കലിനെ തുടർന്ന് മകന്റെ തുടർചികിത്സയ്ക്കും മരുന്നുകൾക്കും കുടുംബത്തിന് ഭാരിച്ച ചെലവാണുണ്ടാകുന്നത്. മറ്റൊരു വരുമാന മാർഗവുമില്ലാതെ നിസ്സഹായാവസ്ഥയിലാണ് ഈ ജീവനക്കാരൻ.