വിതുര: മഴക്കാലമാരംഭിച്ചതോടെ മലയോരമേഖലയായ കല്ലാറിൽ വൈദ്യുതി വിതരണം മുടങ്ങുന്നത് പതിവാകുന്നു.ശക്തമായ മഴയും കാറ്റുമാണ് വൈദ്യുതി വിതരണം മുടങ്ങാനുള്ള പ്രധാനകാരണം. മരങ്ങൾ ഇടതൂർന്ന് നിൽക്കുന്നതും അനവധി റബർ പ്ലാന്റേഷനുകളും വൻമരങ്ങളുമുള്ള മേഖല ആയതിനാൽ കാറ്റടിച്ചാൽ കറണ്ട് പോകുന്നതിൽ അദ്ഭുതപ്പെടാനില്ല. എന്നാൽ അടിക്കടിയുണ്ടാകുന്ന വൈദ്യുതി മുടക്കം ജനങ്ങളെ ദുരിതത്തിലാക്കി. മഴപെയ്യുമ്പോൾ പോകുന്ന കറണ്ട് മഴതോർന്നാലും വരില്ലെന്നാണ് വീട്ടമ്മമാരുടെ പരാതി. അടുക്കളയിലെ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാനാകാത്തത് വീട്ടമ്മമാരെ വലയ്ക്കുകയാണ്. അതുപോലെ ചെറുകിട സ്ഥാപനങ്ങളേയും ഇത് ബാധിക്കുന്നുണ്ട്. രാത്രിയിൽ വൈദ്യുതി നിലച്ചാൽ പുനഃസ്ഥാപിക്കുന്നത് പിറ്റേ ദിവസമാണ്. നാല് ദിവസമായി കല്ലാർ മേഖലയിൽ വൈദ്യുതി കിട്ടാക്കനിയായെന്നാണ് നാട്ടുകാരുടെ പരാതി. വിതുര ഇലക്ട്രിക് സിറ്റി ഒാഫീസിൽ പരാതി പറഞ്ഞ് മടത്തുവെന്നാണ് കല്ലാർ നിവാസികൾ പറയുന്നത്.
പൊൻമുടി-കല്ലാർ റൂട്ടിൽ മഴയത്തും, കാറ്റത്തും മരങ്ങൾ ഒടിയുന്നതും കടപുഴകുന്നതും പതിവാകുന്നു. മഴയത്ത് ഏറ്റവും കൂടുതൽ മരങ്ങൾ നിലം പൊത്തിയത് കല്ലാർ, ആനപ്പാറ മേഖലകളിലാണ്. ആനപ്പാറ മുതൽ കല്ലാർ വരെ റോഡരികിൽ നിൽക്കുന്ന റബർ മരങ്ങളാണ് അധികവും ഒടിഞ്ഞു വീണത്. കല്ലാർ മുതൽ പൊൻമുടി വരെയുള്ള റൂട്ടിൽ നിൽക്കുന്ന നിരവധി മരങ്ങളും കാറ്റത്ത് റോഡിലേക്ക് വീണു. അനവധി റബർ മരങ്ങൾ ഇപ്പോഴും വൈദ്യുതി ലൈനിൽ ഉരസി അപകടാവസ്ഥയിൽ നിൽക്കുന്നുണ്ട്. ഇവയിൽ തൊട്ടാൽ കറണ്ടടിക്കുമെന്നത് ഭീതി വർദ്ധിപ്പിക്കുന്നു.
മഴക്കാലമായതോടെ ഫയർഫോഴ്സ്, വൈദ്യുതി വകുപ്പ് ജീവനക്കാർക്ക് പിടിപ്പത് പണിയാണ്. മരം മുറിക്കലും ഒടിഞ്ഞു വീഴുന്ന ഇലക്ട്രിക് പോസ്റ്റുകൾ മാറ്റലുമൊക്കെ ഇവിടെ തകൃതിയായി നടക്കുകയാണ്. കനത്ത മഴയത്തും ഇവർ ജോലി നോക്കുകയാണ്. വൈദ്യുതി ലൈനുകൾ വ്യാപകമായി തകർന്നതിനാൽ ഇലക്ട്രിസിറ്റി വകുപ്പിന് കനത്ത നഷ്ടമുണ്ടായി.
മഴക്കാലമായതോടെ വിതുര, തൊളിക്കോട് മേഖലകളിലും വൈദ്യുതി മുടക്കം രൂക്ഷമാണ്.
ഇടവിട്ട് വൈദ്യുതി മുടങ്ങുന്നത് വ്യാപാരി സമൂഹത്തെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മാത്രമല്ല മിക്ക മേഖലകളിലും വോൾട്ടേജ് ക്ഷാമവും നേരിടുകയാണ്. കെ.എസ്.ഇ.ബിക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതിയുണ്ട്.