തിരുവനന്തപുരം:പൊലീസിലെ അധികാരത്തർക്കത്തിനും ഒഴിഞ്ഞുപോകലിനും റാങ്ക് ഭേദമില്ല. എസ്.ഐ മുതൽ അഡിഷണൽ എസ്.പി വരെയുള്ളവർ ഇരകളായും വില്ലന്മാരായുമുണ്ട്. അധികാരത്തർക്കത്തിന് പിന്നിൽ സാമ്പത്തിക നേട്ടമാണെന്ന് പൊലീസിൽ പാട്ടാണ്. പ്രതികളെ സഹായിക്കാനും കേസ് ദുർബലമാക്കാനും തെളിവുകൾ രേഖപ്പെടുത്താതിരിക്കാനുമൊക്കെ ഉന്നത ഉദ്യോഗസ്ഥൻ കീഴുദ്യോഗസ്ഥനോട് നിർദ്ദേശിക്കും. പിടിക്കപ്പെട്ടാൽ തൊപ്പി തെറിക്കുമെന്നതിനാൽ വിസമ്മതിക്കുന്ന ഉദ്യോഗസ്ഥർക്കു നേരെ ഏമാൻ അധികാരപ്രയോഗം തുടങ്ങും. നിസാരകാരണങ്ങൾ പറഞ്ഞുള്ള അധികാരത്തർക്കം കീഴുദ്യോഗസ്ഥന്റെ ഒഴിഞ്ഞുപോകലിലേ അവസാനിക്കൂ. മെഡിക്കൽ അവധിയിൽ ദീർഘകാലം വിട്ടുനിൽക്കുന്നവരിൽ ഭൂരിപക്ഷവും ഈ ഇരകളാണ്. ഉദാഹരണങ്ങൾ നിരവധിയാണ്.
ഒരു അഡി.എസ്.പിയുടെ ദുരവസ്ഥ
ലോക്സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് തിരുവനന്തപുരത്ത് അഡിഷണൽ എസ്.പിയായി നിയമിതനായ മുതിർന്ന ഡിവൈ.എസ്.പിയെ, ജില്ലാ പൊലീസ് മേധാവിയായ ഐ.പി.എസുകാരൻ അംഗീകരിച്ചില്ല. അദ്ദേഹത്തിന് എസ്.പി ഫയലുകൾ നൽകിത് ഡിവൈ.എസ്.പി എന്നെഴുതിയാണ്. അഡി.എസ്.പിയായി അംഗീകരിക്കില്ലെന്നും അധികാരം നൽകില്ലെന്നും എസ്.പി പരസ്യമായി പറഞ്ഞു. അഡ്മിനിസ്ട്രേഷൻ ചുമതലയാണ് അഡി.എസ്.പിക്ക് നൽകിയതെങ്കിലും, പൊലീസിന്റെയോ മിനിസ്റ്റീരിയൽ ജീവനക്കാരുടെയും കാര്യങ്ങൾ നോക്കേണ്ടെന്നും താൻ നൽകുന്ന ഫയലുകൾ മാത്രം നോക്കിയാൽ മതിയെന്നും ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടേണ്ടെന്നും എസ്.പി താക്കീത് നൽകി. സ്ഥാനത്തും അസ്ഥാനത്തുമുള്ള ശകാരം കൂടിയായതോടെ അഡി. എസ്.പി മെഡിക്കൽ അവധിയിൽ പ്രവേശിച്ചു. 90ദിവസം പൂർത്തിയാകുമ്പോൾ മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകി അവധി നീട്ടാനൊരുങ്ങുകയാണ് അദ്ദേഹം. അഡി.എസ്.പിയുടെ ദുരവസ്ഥയെ പറ്റി പൊലീസ് സർവീസ് ഓഫീസേഴ്സ് അസോസിയേഷൻ, ഡി.ജി.പി ലോക്നാഥ് ബെഹറയ്ക്ക് പരാതി നൽകിയിട്ടും നടപടിയില്ല. അഡി.എസ്.പിയുടെ കസേര കാലിയായിക്കിടക്കുന്നു. സ്ഥാനക്കയറ്റത്തോടെ ഐ.പി.എസ് ലഭിച്ച എസ്.പി അതേ പദവിയിൽ തുടരുന്നു.
അധികാരത്തർക്കങ്ങൾ
മുൻപ് വിഴിഞ്ഞത്ത് അധികാരത്തർക്കം മൂത്തപ്പോൾ സി.ഐയെ, ഓഫീസിൽ കയറി എസ്.ഐ അടിക്കാനോങ്ങി. പൊലീസുകാർ നോക്കിനിൽക്കെ സി.ഐ പിൻവാതിലിലൂടെ ഇറങ്ങിയോടി.
അടുത്തിടെ പേരൂർക്കട സ്റ്റേഷനിൽ പൊലീസ് സംഘടനാ നേതാവും എസ്.ഐയും തമ്മിൽ തർക്കം. പൊലീസുകാരെ പരിശീലനത്തിന് കൊണ്ടുപോകാൻ സ്റ്റേഷൻ വാഹനം നൽകുന്നതാണ് വിഷയം. അധികാരത്തർക്കം മൂത്തതോടെ ഭീഷണിയും ചീത്തവിളിയുമായി. സംഘടനാനേതാവ് സസ്പെൻഷനിലായി.
ഐ.ജിക്കെതിരെ വാട്സ്ആപ് ഗ്രൂപ്പിൽ പരാമർശം നടത്തിയതിന് കോഴിക്കോട്ടെ പൊലീസുകാരനെ പുറത്താക്കാൻ ഐ.ജി ശ്രമിച്ചു. ആ തർക്കം പൊലീസുകാരന്റെ ആത്മഹത്യയിലാണ് കലാശിച്ചത്.
മേലുദ്യോഗസ്ഥന്റെ പീഡനം മൂലം തിരുവനന്തപുരത്തുകാരനായ പ്രൊബേഷൻ എസ്.ഐ കൊച്ചിയിലെ ലോഡ്ജിൽ ആത്മഹത്യ ചെയ്തത് അടുത്തിടെയാണ്.
''പൊലീസുദ്യോഗസ്ഥർ തമ്മിൽ അധികാരത്തർക്കത്തിന്റെ കാര്യമില്ല. വ്യക്തിപരമായ കാര്യങ്ങൾ ഔദ്യോഗിക കാര്യങ്ങളുമായി കൂട്ടിക്കുഴയ്ക്കരുത്. അങ്ങനെയുള്ളവർക്കെതിരെ അച്ചടക്കനടപടിയെടുക്കും.''
ലോക്നാഥ് ബെഹറ
പൊലീസ് മേധാവി