വിഴിഞ്ഞം: സംസ്ഥാനത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷയ്ക്കായി ടൂറിസം വകുപ്പിന് കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈഫ് ഗാർഡുകൾക്ക് റിസ്ക് അലവൻസും ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പരിരക്ഷയും അനുവദിച്ച് സർക്കാർ ഉത്തരവായി. ലൈഫ് ഗാർഡുകളുടെ ദുരിതത്തെക്കുറിച്ച് ജൂൺ 2ന് കേരളകൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. വാർത്ത ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് നടപടി.
സൂപ്പർവൈസർ, ചീഫ് കോർഡിനേറ്റർ ഉൾപ്പടെ ഉള്ള ലൈഫ് ഗാർഡുകൾക്ക് ദിനംപ്രതി 100 രൂപ നിരക്കിലാണ് റിസ്ക് അലവൻസ്. ലൈഫ് ഗാർഡുമാരുടെ ജോലിയുടെ സ്വഭാവം പരിഗണിച്ച് ഒരു പ്രത്യേക കേസ്സായി കണ്ടാണ് റിസ്ക് അലവൻസും ഇൻഷ്വറൻസ് പരിരക്ഷയും ഏർപ്പെടുത്തിയതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. നിലവിൽ ടൂറിസം വകുപ്പിന് കീഴിൽ സൂപ്പർവൈസർമാർ ഉൾപ്പടെ 178 പേർ ലൈഫ് ഗാർഡുമാരായി സേവനമനുഷ്ടിക്കുന്നത്. സംസ്ഥാന ഇന്‍ഷ്വറൻസ് വകുപ്പിന് മുൻഗണന നൽകികൊണ്ടാണ് ഇൻഷ്വറൻസ് പദ്ധതി നടപ്പിലാക്കുക. സംസ്ഥാനത്ത് ആദ്യമായാണ് ടൂറിസം മേഖലയിൽ ലൈഫ് ഗാർഡുമാർക്ക് സർക്കാർ ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു.
തീരത്തെത്തുന്ന സഞ്ചാരികളുടെ സുരക്ഷ നോക്കുന്ന ലൈഫ് ഗാർഡുകൾക്ക് വിശ്രമിക്കാൻ ആവശ്യത്തിന് സൗകര്യങ്ങൾ ഉന്നും തന്നെയില്ല. രാവിലെ മുതൽ വൈകിട്ട് വരെ ഡ്യൂട്ടിയിലുള്ള ഇവർ വേനൽ ചൂടിൽ ചുട്ടുപഴുത്താണ് കഴിയുന്നത്. ആവശ്യത്തിന് ജീവൻരക്ഷാ ഉപകരണങ്ങളും ഇവർക്കില്ല. ചുട്ടുപഴുത്ത തീരത്ത് ഇവർക്ക് ഇരിക്കാൻ ഉള്ളതാകട്ടെ കാലുകൾ ഉടിഞ്ഞ് തടികൊണ്ട് കെട്ടി ബലപ്പെടുത്തിയ കസേരകൾ മാത്രം. ബുദ്ധിമുട്ടുകൾ സഹിച്ച് തീരത്ത് വേയിലേറ്റ് കഴിയുന്ന ഇവർക്ക് മുൻപ് ലഭിച്ചിരുന്ന ഫുഡ് അലവൻസും റിസ്ക് അലവൻസും വെട്ടിക്കുറച്ചതായും പരാതി ഉയർന്നിരുന്നു. ആധുനിക റെസ്‌ക്യൂ ടൂബുകളും ലൈഫ് ബോയ്കളും ഇരിക്കാൻ നല്ല കസേരകളും ആയിരുന്നു ഈ ലൈഫ് ഗാർഡുകളുടെ ആകെ ആവശ്യം.