ഇന്ത്യയ്ക്കെതിരെ ഇതുവരെ ലോകകപ്പിൽ വിജയം നേടാൻ കഴിയാത്ത ടീമാണ് പാകിസ്ഥാൻ.
ഇതുവരെ ആറ് ലോകകപ്പുകളിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടി. ആറിലും ജയം ഇന്ത്യയ്ക്ക്.
ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ആദ്യമായി ഏകദിനം കളിക്കുന്നത് 1978 ലാണ്. എന്നാൽ ഇരു ടീമുകളും ലോകകപ്പിൽ ഏറ്റുമുട്ടുന്നത് കാണാൻ 1992 വരെ കാത്തിരിക്കേണ്ടിവന്നു.
1992
സിഡ്‌നിയിൽ പാകിസ്ഥാനെ തകർത്തത് 43 റൺസിന്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 216/7 എന്ന സ്കോർ ഉയർത്തിയപ്പോൾ പാകിസ്ഥാൻ 48.1 ഒാവറിൽ 173 ആൾ ഒൗട്ടായി. ഇന്ത്യൻ വിക്കറ്റ് കീപ്പർ കിരൺ മോറെയെ കളിയാക്കാൻ പാക് താരം ജാവേദ് മിയാൻ ദാദ് തവളച്ചാട്ടം നടത്തിയത് ഇൗ മത്സരത്തിലാണ്.
ഇന്ത്യയോട് തോറ്റെങ്കിലും പാകിസ്ഥാൻ അത്തവണ ലോകചാമ്പ്യന്മാരായി.
1996
ബാംഗ്ളൂരിൽ തന്റെ പന്തിൽ ബൗണ്ടറികളടിച്ച ശേഷം പുറത്തേക്ക് ബാറ്റ് ചൂണ്ടികളിയാക്കിയ അമിർ സൊഹൈലിന്റെ കുറ്റിതെറുതിച്ച് വെങ്കിടേഷർ പ്രസാദ് ഗാലറിയിലേക്ക് തിരികെ വിരൽചൂണ്ടി അയച്ച മത്സരം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 278/8 എന്ന സ്കോർ ഉയർത്തി. പാകിസ്ഥാൻ 248-9 ൽ ഒതുങ്ങി. ഇന്ത്യൻ ജയം 39 റൺസിന്. അജയ് ജഡേജ വഖാർ യൂനിസിനെ തല്ലിത്തകർത്ത് കരയിച്ചതും കടുത്ത പനിയിലും പന്തെറിഞ്ഞ വാസിം അക്രമത്തിനും പാകിസ്ഥാനെ രക്ഷിക്കാനാകാതെ പോയത് ചരിത്രം.
1999
ഒാൾഡ് ട്രാഫോൾഡിലെ സൂപ്പർ സിക്സ് മത്സരത്തിൽ പാക് തോൽവി 47 റൺസിന്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 227/6 എന്ന സ്കോറിലെത്തി. പാകിസ്ഥാൻ 45.3 ഒാവറിൽ 180ന് ആൾ ഒൗട്ടായി. 27 റൺസ് വാങ്ങി അഞ്ചുവിക്കറ്റ് വീഴ്ത്തിയ വെങ്കിടേഷ് പ്രസാദായിരുന്നു മത്സരത്തിലെ സ്റ്റാർ. കാർഗിൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയിലാണ് മത്സരം നടന്നതെങ്കിലും കളിക്കളത്തിലോ ഗാലറിയിലോ സുരക്ഷാ പ്രശ്നങ്ങളുണ്ടായില്ല.
2003
സെഞ്ച്വറിയനിൽ പാകിസ്ഥാൻ ഉയർത്തിയ 279 റൺസ് ലക്ഷ്യം 45.4 ഒാവറിൽ ചേസ് ചെയ്ത് ഇന്ത്യ നേടിയ വിജയം ഷൊയ്ബ് അക്തറിന്റെ തീപാറുന്ന പന്തുകളെ ബാക്ക്‌വേഡ് പോയിന്റിലേക്കുപോലും സിക്സിന് പായിച്ച സച്ചിന്റെ 98 റൺസാണ് സയീദ് അൻവറിന്റെ സെഞ്ച്വറിയെപ്പോലും അപ്രസക്തമാക്കിയത്.
2011
മൊഹാലിയിൽ ലോകകപ്പിന്റെ സെമിഫൈനലിൽ അഫ്രീദി നയിച്ച പാകിസ്ഥാനെ ഇന്ത്യ തകർത്തത് 29 റൺസിന്. ഇന്ത്യ 260/9 എന്ന സ്കോർ ഉയർത്തിയപ്പോൾ പാകിസ്ഥാൻ 231ന് ആൾ ഒൗട്ടായി. 85 റൺസെടുത്ത ടെൻഡുൽക്കറുടെ ക്യാച്ച് മൂന്നുതവണ കൈവിട്ട പാകിസ്ഥാൻ ടീമിന് വേണ്ടി നായകൻ അഫ്രീദിക്ക് രാജ്യത്തോട് മാപ്പുപറയേണ്ടിവന്നു. ഇന്ത്യ ഫൈനലിൽ ലങ്കയെ തോൽപ്പിച്ച് കിരീടവും നേടി.
2015
അഡ്‌ലെയ്ഡിൽ ഇന്ത്യയ്ക്ക് 76 റൺസ് ജയം. ഇന്ത്യ 300 എന്ന സ്കോർ ഉയർത്തിയപ്പോൾ പാകിസ്ഥാൻ 224 ന് ആൾ ഒൗട്ടായി. സെഞ്ച്വറി നേടിയ വിരാട് കൊഹ്‌ലി (107) മാൻ ഒഫ് ദ മാച്ചായി.