ആറ്റിങ്ങൽ: ദേശീയപാത അതോറിട്ടി ചാത്തമ്പറ ജംഗ്ഷൻ വികസനം നടപ്പിലാക്കുന്നു. ജംഗ്ഷനിലെ അപകടാവസ്ഥ ചൂണ്ടിക്കാട്ടി അഡ്വ. ബി.സത്യൻ എം.എൽ.എ ദേശീയപാത അതോറിട്ടിക്ക് നൽകിയ നിവേദനത്തെ തുടർന്നാണ് ജംഗ്ഷൻ വികസിപ്പിക്കുന്നത്. ഇതിനോടനുബന്ധിച്ച് ബസ്ബേയും നിർമ്മിക്കും.നിലവിൽ തിരുവനന്തപുരത്തേക്കുള്ള ബസുകൾ നിറുത്തുന്നതിനുള്ള ബസ് ഷെൽട്ടറിനോടനുബന്ധിച്ചാണ് പുതിയ ബസ്‌ബേ വരുന്നത്. എം.എൽ.എ ഫണ്ട് വിനിയോഗിച്ച് ഒരു വർഷം മുമ്പാണ് ബസ് ഷെൽട്ടർ നിർമ്മിച്ചത്. ബസ്‌ബേ വരുമെന്ന് പ്രതീക്ഷിച്ചിരുന്നതിനാൽ അതിനാവശ്യമായ ഉയരത്തിലും അകലത്തിലുമാണ് അന്ന് ബസ് ഷെൽട്ടർ നിർമ്മിച്ചത്. ജംഗ്ഷനിൽ നിന്നും ഏറ്റവും കൂടുതൽ വാഹനങ്ങൾ കടന്ന് പോകുന്നത് ചപ്പാത്ത്മുക്ക് നഗരൂർ റോഡിലേക്കാണ്. ഈ റോഡ് കടന്നു പോകുന്ന നെടുമ്പറമ്പിലാണ് രാജധാനി എൻജിനിയറിംഗ് കോളേജ്, ബിസിനസ് സ്‌കൂൾ എന്നിവ സ്ഥിതിചെയ്യുന്നത്.സി.ബി.ടി. പരീക്ഷകളുടെ കേരളത്തിലെ ഏക സെന്റർ കൂടിയാണ് ഈ കാമ്പസ്. ഈ റോഡിൽ നിന്നും കടന്ന് വരുന്ന വാഹനങ്ങൾ തിരുവനന്തപുരം ഭാഗത്തേക്ക് പോകുവാൻ ദേശീയപാതയിൽ കയറുമ്പോൾ അപകടത്തിൽ പെടാറുണ്ട്. ഇതൊഴിവാക്കാൻ ഈ ഭാഗത്ത് കൂടുതൽ വീതി വർദ്ധിപ്പിക്കും. ആട്ടോസ്റ്റാൻഡ് പ്രവർത്തിക്കുന്ന പഴയ ദേശീയപാത ഉയർന്നാണ് സ്ഥിതി ചെയ്യുന്നത്. ഉയർന്ന ഭാഗം ഇടിച്ച് നിലവിലെ റോഡിന് സമാന്തരമാക്കും. ഇതോടെ ചപ്പാത്ത് മുക്ക് നഗരൂർ ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങൾക്ക് തിരിയുവാൻ കൂടുതൽ സ്ഥലസൗകര്യം ലഭിക്കും. അപകടരഹിതമാക്കുന്നതിനുള്ള സൂചനാ ബോർഡുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങളും ഇതോടനുബന്ധിച്ച് സ്ഥാപിക്കുമെന്ന് എം.എൽ.എ അറിയിച്ചു.ദേശീയപാതയിലേക്ക് രണ്ട് പ്രധാന റോഡുകൾ വന്നു ചേരുന്ന ജംഗ്ഷനായതിനാൽ എല്ലാ സമയത്തും തിരക്കുണ്ടാകും. ഇരുഭാഗത്ത് നിന്നും വന്ന് ചേരുന്ന റോഡുകളിൽ നിന്നും ഇരു വശത്തേക്കും തിരിഞ്ഞു പോകുവാനുള്ള വാഹനങ്ങളുടെ ശ്രമം പലപ്പോഴും അപകടങ്ങൾ ഉണ്ടാക്കാറുണ്ട്. റോഡിന് ആവശ്യമായ വീതിയില്ലാത്തതാണ് കാരണം. രണ്ട് മീറ്റർ കൂടി വീതി കൂടുന്നത് സൗകര്യം വർദ്ധിപ്പിക്കും.