jeevan

തിരുവനന്തപുരം: അതിജീവനത്തിനായുള്ള ജീവന്റെ സ്വപ്‌നതുല്യമായ പോരാട്ടവും വിജയവും സമൂഹത്തിന് പരിചയപ്പെടുത്തുകയാണ് ഋത്വിക് ബൈജുവിന്റെ 'ജീവനുള്ള സ്വപ്നങ്ങൾ". ജന്മനാ എല്ലുകൾ പൊടിയുന്ന രോഗാവസ്ഥയെ (ഓസ്റ്റിയോ ജെനസിസ് ഇമ്പെർഫെക്ട) നേരിട്ട് അതിനോട് പതറാതെ സധൈര്യം ജീവിച്ചു വിജയിച്ച ജീവൻ എന്ന ഇരുപത്തെട്ടുകാരനെയാണ് 'ജീവനുള്ള സ്വപ്നങ്ങളിൽ" പകർത്തിയത്.

കൊല്ലം മയ്യനാട് സ്വദേശിയായ ജീവൻ ഇപ്പോൾ ബംഗളൂരുവിൽ മൈക്രോസോഫ്റ്റിൽ സോഫ്റ്റ്‌വെയർ എൻജിനിയറാണ്. തിരുവനന്തപുരം കലാഭവൻ തിയേറ്ററിൽ ഇന്നലെ നടന്ന ഡോക്യുമെന്ററിയുടെ പ്രിവ്യൂ കാണാൻ കുടുംബസമേതമാണ് ജീവനെത്തിയത്.

എല്ലാ പ്രതീക്ഷയും നഷ്ടപ്പെടുന്നിടത്തു നിന്ന് തുഴഞ്ഞുകയറിയ ജീവന്റെ പ്രചോദനം നൽകുന്ന ജീവിതമാണ് അര മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററിയിലുള്ളത്. ജീവന്റെ പ്രയത്നങ്ങളും ജീവിത വീക്ഷണങ്ങളും പങ്കുവച്ച് ദൈനംദിന ജീവിതത്തിലൂടെ സഞ്ചരിച്ചാണ് ഡോക്യുമെന്ററിയുടെ ആവിഷ്‌കാരം. ജീവനൊപ്പം അച്ഛൻ മനോജിന്റെയും അമ്മ താരയുടെയും വിവരണങ്ങളിലൂടെയാണ് ജീവിതകഥ അവതരിപ്പിക്കുന്നത്.

ഒരു സാധാരണ കുടുംബത്തിന്റെ സഹനത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും വിജയ കഥയാണിതെന്ന് സംവിധായകൻ ഋത്വിക് ബൈജു പറഞ്ഞു.
ദൂരദർശൻ തിരുവനന്തപുരം കേന്ദ്രം ഡയറക്ടർ ബൈജു ചന്ദ്രന്റെയും എഴുത്തുകാരി കെ.എ. ബീനയുടെയും മകനാണ് ഋത്വിക് ബൈജു. ശ്യാമപ്രസാദിന്റെ അസോസിയേറ്റ് ഡയറക്ടറായി 'ഒരു ഞായറാഴ്ച" എന്ന സിനിമയിൽ പ്രവർത്തിച്ച ഋത്വിക് 'ചിലപ്പോൾ ചിലർ", 'പകലുകളുടെ റാണി", 'റോപ്" എന്നീ ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്‌തിട്ടുണ്ട്. അശ്വിൻ നന്ദകുമാറിന്റേതാണ് കാമറ. എഡിറ്റിംഗ് -അരവിന്ദ് മന്മദൻ. സംഗീതം - സിദ്ധാർത്ഥ പ്രദീപ്. ഫ്യൂച്ചർ സിനിമയാണ് നിർമ്മാണം.