. കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ബ്രസീൽ 3- 0ത്തിന് ബൊളീവിയയെ കീഴടക്കി.
3-0
കുടീഞ്ഞേയ്ക്ക് ഇരട്ട ഗോൾ
സാവോപോളോ : സൂപ്പർ താരം നെയ്മറില്ലാതെ ഇറങ്ങേണ്ടിവന്നതിന്റെ സങ്കടം കുടീഞ്ഞോയുടെ ഇരട്ടഗോളുകളുടെ സന്തോഷത്തിൽ അലിയിച്ചുകളഞ്ഞ കാനറികൾക്ക് സ്വന്തം മണ്ണിൽ നടക്കുന്ന കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ ആവേശത്തുടക്കം.
ഇന്നലെ ഉദ്ഘാടന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ബ്രസീൽ തകർത്തത് ബൊളീവിയയെയാണ്. എസ്റ്റോഡിയോ മോറുംബി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗോൾ രഹിതമായി കലാശിച്ച ആദ്യപകുതിയുടെ നിരാശ മാറ്റുന്നരീതിയിൽ രണ്ടാംപകുതിയിലേക്കായി മൂന്നുഗോളുകൾ കാത്തുവച്ചിരിക്കുകയായിരുന്നു ബ്രസീൽ. ഇതിൽ രണ്ടെണ്ണം ബാഴ്സലോണ താരം ഫിലിപ്പ് കുടിഞ്ഞോയുടെ വകയായിരുന്നു. അവസാനത്തേത് എവർട്ടണിന്റെ ബൂട്ടിൽനിന്നും. ഡേവിഡ് നെരെസിന് പകരക്കാരനായിറങ്ങി തൊട്ടടുത്ത മിനിട്ടിലായിരുന്നു എവർട്ടന്റെ ഗോൾ.
ഗോളുകൾ ഇങ്ങനെ
1. 50-ാം മിനിട്ട്
കുടീഞ്ഞോ
ഇൗ കോപ്പയിലെ ആദ്യഗോൾ പിറന്നത് പെനാൽറ്റിയിൽ നിന്നാണ്. ബൊളീവിയൻ താരം യുസിനോയുടെ ഹാൻഡ്ബാൾ ഫൗളിനാണ് റഫറി പെനാൽറ്റി വിധിച്ചത്.
2. 53-ാം മിനിട്ട്
കുടീഞ്ഞോ
ആദ്യഗോളിന് തൊട്ടുപിറകെ കുടീഞ്ഞോ വീണ്ടും വലകുലുക്കി. വലതുവിംഗിൽ നിന്നുള്ള റോബർട്ടോ ഫിർമിനോയുടെ ക്രോസിന് തലവയ്ക്കുകയായിരുന്നു കുടീഞ്ഞോ.
3. 85-ാം മിനിട്ട്
എവർട്ടൺ
20 വാര അകലെനിന്ന് പന്തുമായി കട്ട് ചെയ്ത് കയറിവന്ന എവർട്ടന്റെ തകർപ്പൻ ഷോട്ടാണ് അദ്ദേഹത്തിന്റെ ആദ്യ അന്താരാഷ്ട്ര ഗോളായി മാറിയത്.
ചൊവ്വാഴ്ച ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ബ്രസീൽ വെനിസ്വേലയെ നേരിടും. അന്ന് ബൊളീവിയ പെറുവുമായി ഏറ്റുമുട്ടും.
ഇൗ വിജയത്തോടെ മൂന്ന് പോയിന്റുമായി ബ്രസീൽ ഗ്രൂപ്പ് എയിൽ ഒന്നാമതെത്തി.
100
കോപ്പ അമേരിക്ക ഫുട്ബാൾ ടൂർണമെന്റിൽ ബ്രസീൽ ടീമിന്റെ നൂറാമത് വിജയമായിരുന്നു ഇത്.
8
തവണ ബ്രസീൽ കോപ്പ അമേരിക്ക ചാമ്പ്യൻമാരായിട്ടുണ്ട്.
2007
ലാണ് അവസാനമായി കിരീടം നേടിയത്.
ഇന്നത്തെ മത്സരം
അർജന്റീന Vs കൊളംബിയ
(വെളുപ്പിന് 3.30 മുതൽ)