മലയിൻകീഴ്: മച്ചേൽ പോസ്റ്റ് ഓഫീസിലെ കമ്പ്യൂട്ടർ നെറ്റ്‌വർക്ക് തകരാറിലായതിനാൽ രണ്ടാഴ്ചയായി പെൻഷൻ വിതരണമുൾപ്പെടെ മുടങ്ങുന്നതായി പരാതി. വിവിധ ക്ഷേമ പെൻഷനുകൾ, സർവീസ് പെൻഷൻ എന്നിവയുടെ വിതരണമാണ് മുടങ്ങിയിരിക്കുന്നത്. പോസ്റ്റ് ഓഫീസിലെ ഇന്റർനെറ്റ് തകരാർ ബി.എസ്.എൻ.എൽ പരിഹരിച്ചെങ്കിലും പോസ്റ്റൽ മേഖലയിലെ നെറ്റ്‌വർക്ക് സംവിധാനങ്ങൾ നിയന്ത്രിക്കുന്നത് സിഫി ഐ.ടി. കമ്പനിയാണ്. സിഫി ഉദ്യോഗസ്ഥരെ വിവരം അറിയിച്ചെങ്കിലും അപാകത പരിഹരിക്കാൻ കാര്യക്ഷമത കാട്ടുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. പെൻഷൻ മുടങ്ങിയതോടെ നിരവധി പേർ ചികിത്സയ്ക്കും, മരുന്നിനും ഭക്ഷണത്തിനുമടക്കം ഏറെ ബുദ്ധിമുട്ടുന്നുണ്ട്. പാഴ്‌സൽ സർവീസുകൾ, ഇ -മണിയോർഡർ, രജിസ്‌ട്രേഡ് തപാൽ തുടങ്ങിയവയും മുടങ്ങിയിരിക്കുകയാണ്. പ്രശ്നത്തിന് എത്രയും പെട്ടെന്ന് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.