behara

തിരുവനന്തപുരം: അധികാരത്തർക്കവും സമ്മർദ്ദവും ഉൾപ്പെടെ ഏത്

പ്രതിസന്ധിയിലും പൊലീസുദ്യോഗസ്ഥർക്ക് മാർഗനിർദ്ദേശം നൽകാനും പ്രശ്‌നങ്ങൾ പരിഹരിക്കാനും മെന്ററിംഗ് സംവിധാനം ഏർപ്പെടുത്തുന്നു. എസ്.ഐ മുതൽ അഡി.എസ്.പി വരെയുള്ള ഉദ്യോഗസ്ഥർക്കാണ് മാർഗദർശിയെ (മെന്റർ ) നൽകുക. അടുത്തുള്ള സ്റ്റേഷനുകളിലെ മുതിർന്ന ഉദ്യോഗസ്ഥനാവും മാർഗദർശി. അദ്ദേഹത്തോട് തുറന്ന് സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കാം.

അന്യസംസ്ഥാന ഐ.പി.എസ് ഉദ്യോഗസ്ഥർക്ക് ഇവിടത്തെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ നിലവിൽ 'സീനിയർ മെന്ററിംഗ് സ്‌കീം' ഉണ്ട്. ശബരിമലയിൽ കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്‌ണനുമായി എസ്. പി യതീഷ്‌ചന്ദ്ര പരസ്യ വാഗ്വാദത്തിലേർപ്പെട്ടതിനു പിന്നാലെയാണ് മെന്ററിംഗ് ഏർപ്പെടുത്തിയത്.

മികച്ച പ്രവർത്തന റെക്കാർഡുള്ളവരും അഴിമതിരഹിതരുമായ ഉദ്യോഗസ്ഥരെയാവും മാർഗദർശികളാക്കുക. ഇവരുടെ പട്ടിക ജില്ലാ പൊലീസ് മേധാവിമാർ തയ്യാറാക്കും. മുൻവിധികളില്ലാതെയും നിയമപ്രകാരവും പ്രവർത്തിക്കാനും മേലുദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയാൽ എങ്ങനെ പ്രതികരിക്കണമെന്നും കേസൊതുക്കാനോ പ്രതികളെ രക്ഷിക്കാനോ ശ്രമിച്ചാൽ എന്തൊക്കെ നടപടികളെടുക്കണമെന്നും മെന്റർമാർ പരിശീലനം നൽകും. ഗുരുതരമായ പ്രശ്‌നങ്ങൾ മെന്റർമാർക്ക് ജില്ലാപൊലീസ് മേധാവിയെയും പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പിയെയും അറിയിക്കാം.

പൊലീസ് ആസ്ഥാനത്തെ എ.ഡി.ജി.പി പദ്ധതി ഏകോപിപ്പിക്കും.

എസ്.ഐ വരെയുള്ളവർക്ക് തൊട്ടുമുകളിലെ റാങ്കുള്ള ഉദ്യോഗസ്ഥൻ മാർഗദർശിയാവും

ജൂനിയർ ഐ.പി.എസുകാരുടെ മെന്റർ ഡി.ഐ.ജിയോ അതിനുമുകളിലുള്ള ഉദ്യോഗസ്ഥനോ ആയിരിക്കും.

ജോലിഭാരം, മേലുദ്യോഗസ്ഥന്റെ പീഡനം, അപമര്യാദ തുടങ്ങി എന്തുപരാതിയും പറയാം‌

പ്രശ്‌നങ്ങൾ പൊലീസ് ആസ്ഥാനത്ത് അറിയിച്ച് പരിഹാരമുണ്ടാക്കുക മെന്ററുടെ ചുമതല

പ്രശ്‌നങ്ങൾ പരിഹരിക്കാൻ പൊലീസ് ആസ്ഥാനത്ത് പ്രത്യേക സംവിധാനം വരും

സേനയിൽ

61,000

പൊലീസുകാർ

''പൊലീസുദ്യോഗസ്ഥർക്ക് മെന്ററോട് പ്രശ്‌നങ്ങൾ തുറന്നുപറയാം. എന്തുപ്രശ്‌നത്തിനും പരിഹാരമുണ്ടാക്കും. അതോടെ പ്രശ്‌നങ്ങൾ കുറയും.''

ലോക്‌നാഥ്ബെഹറ

പൊലീസ് മേധാവി