തിരുവനന്തപുരം : ഒറ്റ നോട്ടത്തിൽ 'നാണു" ഒരു നാണം കുണുങ്ങിയാണ്. പക്ഷേ ചെസ് ബോർഡിന് മുന്നിലെത്തിയാൽ ലോകത്തുള്ള മറ്റൊന്നും കാണാനാവില്ല. ചെറുപ്രായത്തിൽ ചതുരംഗക്കളത്തിൽ തുടങ്ങിയ കരുനീക്കങ്ങളിലൂടെ ചെസ് ലോകകപ്പിൽ കളിക്കാൻ യോഗ്യത നേടുന്ന ആദ്യ മലയാളിതാരം എന്ന ചരിത്രനേട്ടത്തിലെത്തി നിൽക്കുകയാണ് വീട്ടുകാർ നാണുവെന്ന് വിളിപ്പേരിട്ടിരിക്കുന്ന ഗ്രാൻഡ് മാസ്റ്റർ എസ്.എൽ. നാരായണൻ.
ചൈനയിൽ കോണ്ടിനെന്റൽ ചാമ്പ്യൻഷിപ്പിലെ ആദ്യ അഞ്ചുപേരിൽ ഒരാളായതോടെ അടുത്ത ലോക ചെസ് ചാമ്പ്യൻഷിപ്പിൽ മാഗ്നസ് കാൾസന്റെ എതിരാളിയാകാൻ അവസരം കാത്തിരിക്കുന്ന 128 പേരുടെ പട്ടികയിലേക്കാണ് നാരായണനും ഇടംപിടിച്ചിരിക്കുന്നത്. ലോകകപ്പിലെ 128 പേരിൽ ആദ്യസ്ഥാനങ്ങളിലെത്തുന്ന രണ്ടുപേർക്കാണ് ലോകചാമ്പ്യൻഷിപ്പിലെ നിലവിലെ ജേതാവിനെ കണ്ടെത്താനുള്ള കാൻഡിഡേറ്റ് ടൂർണമെന്റിൽ മത്സരിക്കാനുള്ള അവസരം. റഷ്യയിൽ നടക്കുന്ന ലോകകപ്പ് നോക്കൗട്ട് ടൂർണമെന്റാണ്. മത്സരിക്കുന്ന 128 പേരിൽ 64 പേർ ആദ്യ റൗണ്ട് കഴിയുമ്പോൾ പുറത്താകും. അങ്ങനെ റൗണ്ടുകൾ പിന്നിട്ട് രണ്ടുപേരായി ശേഷിക്കും. ഇൗ രണ്ടുപേർ കാർഡിഡേറ്റ്സ് ടൂർണമെന്റിൽ എതിരിട്ട് വിജയിക്കുന്നയാൾ ലോക ചാമ്പ്യനെ നേരിടും.
ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ നാരായണനൊപ്പം മൂന്ന് ഇന്ത്യൻ താരങ്ങൾ കൂടി ലോകകപ്പിന് യോഗ്യതനേടിയിട്ടുണ്ടെന്നത് രാജ്യത്തെ ചെസ് ആരാധകർക്ക് സന്തോഷം പകരുന്നു. കാർത്തികേയൻ മുരളി, സേതുരാമൻ എന്നിവരാണ് നാരായണനൊപ്പം റഷ്യയിലേക്ക് തിരിക്കാൻ ഒരുങ്ങുന്നത്. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയത് ചൈനീസ് താരം ലീ ഷാംഗ് ലിം ആണ്. ഏഴ് പോയിന്റാണ് ലീ ഷാംഗ് നേടിയത്. മൂന്ന് ഇന്ത്യൻ താരങ്ങളും ആറര പോയിന്റ് വീതം സ്വന്തമാക്കി.
തിരുവനന്തപുരം മണ്ണന്തലയിൽ സുനിൽ ദത്തിന്റെയും എൽ.ഐ.സി ജീവനക്കാരിയായ ലൈനയുടെയും മകനാണ് നാരായണൻ. ബിരുദം വിജയകരമായ നിലയിൽ പൂർത്തിയാക്കിയ നാരായണൻ പഠനത്തിലും ഗ്രാൻഡ് മാസ്റ്റർ തന്നെയാണ്.