തിരുവനന്തപുരം: ജനവികാരം തിരിച്ചറിയുന്നതിൽ കേരളത്തിലെ പാർട്ടി സംഘടനാ സംവിധാനം പരാജയപ്പെട്ടത് ഗുരുതര സ്ഥിതിവിശേഷമായി സി.പി.എം കേന്ദ്രകമ്മിറ്റി വിലയിരുത്തിയിരിക്കെ, തിരുത്തൽ പ്രക്രിയകളിലേക്ക് പാർട്ടി കടക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വിലയിരുത്തിയ കേന്ദ്ര കമ്മിറ്റിയുടെ തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യാനും തുടർ നടപടികൾക്കുമായി സി.പി.എം സംസ്ഥാന കമ്മിറ്റി യോഗം 23, 24 തീയതികളിൽ ചേരും.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലേറ്റ തിരിച്ചടി അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977ലുണ്ടായ തോൽവിക്ക് സമാനമെന്നാണ് കേന്ദ്ര കമ്മിറ്റിയുടെ നിരീക്ഷണം. വോട്ടെടുപ്പിന് ശേഷവും ഭൂരിഭാഗം സീറ്റുകളും നേടുമെന്ന പ്രതീക്ഷ പങ്കുവച്ച പാർട്ടിക്ക് ജനവികാരം തിരിച്ചറിയാനാവാതെ പോയത് ഗുരുതര സ്ഥിതിവിശേഷമായാണ് വിലയിരുത്തിയത്. സ്വയം വിമർശനപരമായ ഈ വിലയിരുത്തലിന്റെ കൂടി അടിസ്ഥാനത്തിലാവും തിരുത്തലിലേക്ക് കടക്കുക.
സംഘടനാശാക്തീകരണം ലക്ഷ്യമിട്ടുള്ള 2015ലെ കൊൽക്കത്ത പ്ലീനം തീരുമാനങ്ങൾ കേരളത്തിൽ എത്രത്തോളം നടപ്പാക്കിയെന്ന പരിശോധനയും നടന്നേക്കും. പാർട്ടി ജനങ്ങളിൽ നിന്ന് അകലുന്നെന്ന നിരീക്ഷണമാണ് കേന്ദ്രകമ്മിറ്റി പങ്കുവച്ചത്. കീഴ്ഘടകങ്ങളിലെ പ്രവർത്തന പോരായ്മകൾ പരിശോധിച്ചുള്ള തിരുത്തൽ നടപടികളാവും അതിനാൽ സ്വീകരിക്കുക. വരാൻ പോകുന്ന ഉപതിരഞ്ഞെടുപ്പും 2020ലെ തദ്ദേശഭരണ തിരഞ്ഞെടുപ്പും 2021ലെ നിയമസഭാ തിരഞ്ഞെടുപ്പും മുന്നിൽ കണ്ട് സംഘടനാപ്രവർത്തനം ശക്തിപ്പെടുത്തും.
ശബരിമല: വിശ്വാസികളുടെ
തെറ്റിദ്ധാരണ മാറ്റും
ശബരിമല യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ട് യു.ഡി.എഫും ബി.ജെ.പിയും നടത്തിയ പ്രചാരണങ്ങൾ വിശ്വാസികളിൽ ഒരു വിഭാഗത്തെ തെറ്റിദ്ധരിപ്പിച്ചെന്ന് സി.പി.എം നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. വനിതാ മതിലിന് ശേഷം ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതിനെ യു.ഡി.എഫും ബി.ജെ.പിയും ഉപയോഗപ്പെടുത്തിയത് പാർട്ടി അനുഭാവികൾക്കിടയിൽ സ്വാധീനം ചെലുത്തിയെന്ന് കേന്ദ്രകമ്മിറ്റി റിവ്യുറിപ്പോർട്ടിലുണ്ട്. പാർട്ടി നിലപാട് തിരഞ്ഞെടുപ്പ് സമയത്ത് വേണ്ടത്ര വിശദീകരിക്കാതിരുന്നത് പോരായ്മയായി കഴിഞ്ഞ സംസ്ഥാനകമ്മിറ്റിയും വിലയിരുത്തി. ഈ സാഹചര്യത്തിൽ തെറ്റിദ്ധാരണ മാറ്റി വിശ്വാസികളെ തിരിച്ചു കൊണ്ടുവരാനുള്ള പ്രചാരണം എങ്ങനെ വേണമെന്നും സി.പി.എം ആലോചിക്കുന്നുണ്ട്. ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന വിധി നടപ്പാക്കാനാണ് ശ്രമിച്ചതെന്ന വസ്തുത ബോദ്ധ്യപ്പെടുത്തി തെറ്റിദ്ധാരണ നീക്കാനുമാകുമെന്നാണ് പ്രതീക്ഷ. ഇതിനുള്ള പ്രചാരണം തീവ്രമാക്കുകയും ഇടപെടലുകൾ ശക്തമാക്കുകയും ചെയ്യും.