തിരുവനന്തപുരം: ചെയർമാൻ സ്ഥാനത്തിനായി തർക്കിച്ചു നിന്ന ജോസ് കെ.മാണി വിഭാഗം, സംഘടനാചുമതലയുള്ള ജനറൽ സെക്രട്ടറിയുടേതും നിയമസഭാകക്ഷി ഉപനേതാവിന്റേതും ഉൾപ്പെടെയുള്ള സുപ്രധാന പദവികൾ കൂടി കിട്ടണമെന്നതിലേക്ക് നിലപാട് കടുപ്പിച്ചതോടെ കാര്യങ്ങൾ കൂടുതൽ സങ്കീർണ്ണമായി. തലസ്ഥാനത്ത് കഴിഞ്ഞ ദിവസം പി.ജെ. ജോസഫ് പക്ഷം യോഗം ചേർന്നതാണ് ഒടുവിലത്തെ പ്രകോപനം.
ജോസഫ് വിഭാഗത്തിന്റെ യോഗത്തിന് രണ്ട് ദിവസം മുമ്പേ ചെയർമാൻ സ്ഥാനത്തിൽ കുറഞ്ഞ് വിട്ടുവീഴ്ചയ്‌ക്കില്ലെന്ന നിലപാടിലേക്ക് ജോസ് കെ.മാണി എത്തിയിരുന്നു. തുടക്കത്തിലായിരുന്നെങ്കിൽ സമവായ സാദ്ധ്യതയുണ്ടായിരുന്നെന്നും കാര്യങ്ങൾ വഷളായതിനാൽ ഒത്തുതീർപ്പില്ലെന്നുമാണ് നിലപാട്.
സംഘടനാചുമതലയുള്ള ജനറൽസെക്രട്ടറി ജോയി എബ്രഹാം ജോസഫ് പക്ഷത്തേക്ക് കൂറുമാറിയതോടെ അദ്ദേഹത്തെ നീക്കണമെന്ന നിലപാടിലാണ് ജോസ് വിഭാഗം. ലയനസമയത്തെ ധാരണപ്രകാരം അത് തങ്ങളുടെ പക്ഷത്തിന് വേണമെന്നതിനാൽ തങ്ങൾക്ക് താല്പര്യമുള്ള ആളെ വയ്ക്കണം. നിയമസഭയിലെ കക്ഷിനേതാവായി ജോസഫിനെ അംഗീകരിച്ചാലും ഉപനേതാവ് സ്ഥാനം തങ്ങൾക്ക് കിട്ടണം. അതുപോലെ ജോസഫിന്റെ യോഗത്തിൽ പങ്കെടുത്ത തോമസ് ഉണ്ണിയാടനെയും ഇനി തങ്ങളുടെ അക്കൗണ്ടിൽ ജനറൽസെക്രട്ടറിയാക്കാനാവില്ല. അദ്ദേഹത്തെ ജനറൽ സെക്രട്ടറിയാക്കുന്നെങ്കിൽ ജോസഫിന്റെ അക്കൗണ്ടിൽ വേണം. കൂറുമാറിയ തിരുവനന്തപുരം, പത്തനംതിട്ട ജില്ലാ പ്രസിഡന്റുമാരും തങ്ങളുടെ അക്കൗണ്ടിൽ പറ്റില്ല. എന്നാൽ രണ്ട് ജില്ലാസെക്രട്ടറി പദവും തങ്ങൾക്കവകാശപ്പെട്ടതാണ്. ഇങ്ങനെ നിലപാട് കടുപ്പിക്കുമ്പോൾ ജോസഫിന് വഴങ്ങേണ്ടി വന്നാൽ ക്ഷീണമാകും. ആകെ കുഴഞ്ഞുമറിഞ്ഞ സാഹചര്യത്തിൽ ഇന്ന് കോട്ടയത്ത് ജോസ് കെ.മാണി വിളിച്ച യോഗത്തിൽ പിളർപ്പ് പൂർണമാകുമെന്ന് രാഷ്ട്രീയവൃത്തങ്ങൾ നിരീക്ഷിക്കുന്നു.