തിരുവനന്തപുരം: ഏകജാലക സംവിധാനത്തിൽ അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും സീറ്റ് ഉറപ്പായി. സപ്ലിമെന്ററി അലോട്ട്‌മെന്റിൽ സീറ്റ് ക്രമീകരണം നടത്തിയതോടെയാണ് എല്ലാവർക്കും പ്രവേശനം ഉറപ്പായത്.
വർദ്ധിപ്പിച്ച 20 ശതമാനം സീറ്റ് ഉൾപ്പെടെ 80,471 സീറ്റുകളിലേക്കായിരുന്നു സപ്ലിമെന്ററി അലോട്ട്‌മെന്റ്. ആകെ 4,79,730 വിദ്യാർത്ഥികളാണ് പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ചത്. മുഖ്യ അലോട്ട്‌മെന്റിൽ 3,61,713 കുട്ടികളാണ് പ്രവേശനം നേടിയത്.
ഹയർ സെക്കൻഡറിക്കു പുറമേ 30,000 വി.എച്ച്.എസ്.ഇ സീറ്റും പോളി ടെക്നിക്, ഐ.ടി.ഐ സീറ്റുകളും കൂടിയാകുമ്പോൾ ഇക്കൊല്ലം എസ്.എസ്.എൽ.സി വിജയിച്ച മുഴുവൻ വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് വഴി തെളിയും. പ്രവേശനം നേടിയവരുടെ പൂർണ വിവരം നാളെ പ്രസിദ്ധീകരിക്കും.
ആദ്യ രണ്ട് അലോട്ട്‌മെന്റുകളിൽ 2,12,341 പേർ സ്ഥിര പ്രവേശനം നേടി. മാനേജ്‌മെന്റ് ക്വാട്ട, അൺ എയ്ഡഡ് വിഭാഗങ്ങളിലായിരുന്നു ബാക്കി ഒന്നര ലക്ഷത്തോളം വിദ്യാർത്ഥികളുടെ പ്രവേശനം.
തുണച്ചത് സംവരണ സീറ്റ് ക്രമീകരണം
ഏറ്റവുമധികം അപേക്ഷകരുള്ള മലപ്പുറം ജില്ലയുൾപ്പെടെ മലബാർ മേഖലയിൽ വിദ്യാർത്ഥികൾക്ക് സീറ്റ് കിട്ടാത്ത അവസ്ഥയുണ്ടാകുമോ എന്ന ആശങ്ക മുഖ്യ അലോട്ട്‌മെന്റിൽ നിലനിന്നിരുന്നു. എന്നാൽ അധികമായി അനുവദിച്ച 20 ശതമാനം സീറ്റിൽ സംവരണ തത്വങ്ങൾ പാലിച്ച് പ്രവേശനം നടത്തിയതോടെ കൂടുതൽ പേർക്ക് പ്രവേശനം നേടാനായി. ഏറ്റവുമധികം കുട്ടികൾ പ്രവേശനം നേടിയത് മലപ്പുറത്താണ്, 40000 പേർ.
നഗര സ്‌കൂളുകൾക്ക് ഡിമാൻഡ്
ആദ്യ രണ്ട് അലോട്ട്‌മെന്റുകളിൽ തന്നെ നഗര പ്രദേശങ്ങളിലെ സ്‌കൂളുകളിലെ മുഴുവൻ സീറ്റുകളിലും പ്രവേശനം നടന്നു. കേന്ദ്ര സിലബസുകളിലെ കുട്ടികളും അപേക്ഷിച്ചതോടെ വിജയശതമാനം കൂടുതലുള്ള സ്‌കൂളുകളിൽ പ്രവേശനത്തിന് കടുത്ത മത്സരമാണ് നടന്നത്. കൂടുതൽ കുട്ടികൾ തിരഞ്ഞെടുത്തത് ജില്ല, മുനിസിപ്പാലിറ്റി പ്രദേശങ്ങളിലെ സ്‌കൂളുകളാണ്. ഇവിടെ പ്രവേശനം ലഭിക്കാത്തവർ ഗ്രാമീണ സ്‌കൂളുകളെ തേടിയെത്തി.
'ഇത്തവണ എസ്.എസ്.എൽ.സി വിജയിച്ച പരമാവധി കുട്ടികൾക്ക് പൊതു വിദ്യാലയങ്ങളിൽ പഠിക്കാനുതകുന്ന തരത്തിൽ സപ്ലിമെന്ററി അലോട്ട്‌മെന്റ് ക്രമീകരിച്ചിരുന്നു. ഇതനുസരിച്ചാണ് പ്രവേശനം നടത്തിയത് ".
-പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ്