kerala-university

തിരുവനന്തപുരം: വിദ്യാർത്ഥികൾ കഷ്ടപ്പെട്ട് പഠിച്ചെഴുതിയ ഡിഗ്രി സെമസ്റ്റർ പരീക്ഷകളുടെ ഉത്തരക്കടലാസുകളോട് കേരള സർവകലാശാല കാട്ടുന്നത് തികഞ്ഞ അനാസ്ഥ. വിദ്യാർത്ഥികളുടെ സെമസ്റ്ററുകൾ തോറുമുള്ള അധ്വാനത്തിന് യാതൊരു വിലയും പരിഗണനയും സർവകലാശാല നൽകുന്നില്ലെന്ന് വ്യക്തമാക്കുന്ന കാഴ്ചകളാണ് തിരുവനന്തപുരം സംസ്‌കൃത കോളേജിൽ നടന്നു വരുന്ന മൂല്യ നിർണയ ക്യാമ്പിൽ കാണാൻ കഴിയുന്നത്.
അലക്ഷ്യമായി ഹാളിൽ കൂട്ടിയിട്ടിരിക്കുന്ന ഉത്തരക്കടലാസുകൾ ആർക്കും കയറി എടുത്തു കൊണ്ട് പോകാം. പരീക്ഷാ പേപ്പറുകൾക്കു ഒരു സുരക്ഷയുമില്ല. കേന്ദ്രീകൃത വാല്യുവേഷൻ ക്യാമ്പ് ആണെങ്കിലും അദ്ധ്യാപകർ എത്തുന്നത് തോന്നും പോലെയാണ്. സമയക്രമം തെറ്റിച്ചെത്തുന്ന ചില അദ്ധ്യാപകർ തോന്നുന്ന പടി ഉത്തരക്കടലാസുകൾ ഏറ്റു വാങ്ങി വീട്ടിലോ കോളേജിലോ കൊണ്ട് പോയി മൂല്യനിർണയം നടത്തി തിരിച്ചു കൊണ്ട് കൊടുക്കും. ക്യാമ്പിലാകട്ടെ ഇരിക്കാൻ പോലും സ്ഥലമില്ല. അദ്ധ്യാപകർ കോളേജ് വരാന്തയിലെ ബെഞ്ചിലും ഡെസ്കിലും ഇരുന്നു മഴയും കാറ്റും കൊണ്ട് മൂല്യനിർണയം നടത്തുന്ന കാഴ്ചകളാണു എങ്ങും.
കേരള സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിൽ നടത്തിയ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി അടക്കമുള്ള സയൻസ് വിഷയങ്ങളുടെ ഒന്നും മൂന്നും സെമസ്റ്റർ പരീക്ഷാ മൂല്യ നിർണയ ക്യാമ്പ് നടക്കുന്നത് ഒരു അടിസ്ഥാന സൗകര്യവും ഇല്ലാതെയാണ്. ചില കോളേജുകളിലെ അദ്ധ്യാപകർക്ക് ക്യാമ്പിൽ തന്നെ ഇരുന്നു മൂല്യ നിർണയം നടത്തണമെന്ന ചട്ടം ബാധകമല്ല. വീട്ടിലോ കോളേജിലോ ഇരുന്നാകും ഇവർ ഈ കടലാസുകൾ നോക്കുക. ഇങ്ങനെ പുറത്തു പോകുന്ന ഉത്തരക്കടലാസുകൾ കൈമോശം വന്നു പോയാൽ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് അധികൃതർക്ക് ഉത്തരവുമില്ല. ക്യാമ്പിൽ കൃത്യമായി എത്തുന്ന ദൂര സ്ഥലങ്ങളിൽ നിന്നുള്ള അദ്ധ്യാപകരുമുണ്ട്. പക്ഷേ സംസ്‌കൃത കോളേജിൽ അവർക്കു മനഃസമാധാനമായി മൂല്യനിർണയം നടത്താൻ സൗകര്യങ്ങളില്ല. ഇരുളടഞ്ഞ മുറിയിൽ വാരി കൂട്ടി ഇട്ടിരിക്കുന്ന ഉത്തരക്കടലാസുകൾ ഏറ്റുവാങ്ങി കഴിഞ്ഞാൽ പിന്നെ മഴ നനയാതെ ഇരിക്കാൻ സ്ഥലമുണ്ടോ എന്ന് അന്വേഷിച്ചു നടക്കേണ്ട ഗതികേടിലാണ് ഇവർ. സ്ഥലം കിട്ടാത്തവർ കോളേജിലെ ലൈബ്രറി കെട്ടിടത്തിലെ വരാന്തയിലുള്ള ബെഞ്ചിലിരുന്ന് മൂല്യ നിർണയം നടത്തണം.
ഉത്തരക്കടലാസുകൾ വിതരണം ചെയ്യുന്ന ലൈബ്രറി കെട്ടിടത്തിൽ ആവശ്യത്തിന് വെളിച്ചവുമില്ല. വാരി വലിച്ചിട്ടിരിക്കുന്ന ഉത്തരക്കടലാസുകൾക്ക് പേരിനു പോലും ഒരു സുരക്ഷാ ജീവനക്കാരൻ ഇല്ല. കൗണ്ടറിൽ നിന്ന് അദ്ധ്യാപകർ വാങ്ങുന്ന ഉത്തര കടലാസുകൾ എങ്ങോട്ടു കൊണ്ട് പോകുന്നുവെന്നോ അവ തിരികെ എത്തുന്നുണ്ടോ എന്നോ ഉള്ള പരിശോധനയും നടക്കുന്നില്ല. ഇത്തരം കാര്യങ്ങളിൽ കേരളാ സർവകലാശാലയുടെ പരീക്ഷാ നടത്തിപ്പ് വിഭാഗത്തിന് യാതൊരുവിധ ചുമതലയോ ഉത്തരവാദിത്വമോ ഇല്ലെന്ന് തോന്നും സംസ്‌കൃത കോളേജിലെ ക്യാമ്പിന്റെ അവസ്ഥ കണ്ടാൽ. സയൻസ് വിഷയങ്ങളുടെ മൂല്യ നിർണായ ക്യാമ്പ് ചൊവ്വാഴ്ച അവസാനിക്കേണ്ടതാണ്. പക്ഷേ എത്ര അദ്ധ്യാപകർ ഉത്തരക്കടലാസ് വീട്ടിൽ കൊണ്ട് പോയെന്നും അവ എപ്പോൾ തിരികെയെത്തിക്കുമെന്നും അധികൃതർക്ക് ഒരു കണക്കുമില്ല.