ലണ്ടൻ : ലോകകപ്പിൽ ഇന്നലെ ശ്രീലങ്കയെ 87 റൺസിന് കീഴടക്കി അഞ്ചുമത്സരങ്ങളിലെ നാലാം വിജയവുമായി ആസ്ട്രേലിയ പോയിന്റ് പട്ടികയിൽ ഒന്നാമതായി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ആസ്ട്രേലിയ നിശ്ചിത 50 ഒാവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 334 റൺസെടുത്തു. നന്നായി തിരിച്ചടിച്ചു തുടങ്ങിയ ലങ്ക പക്ഷേ നാലുവിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കിന്റെയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിച്ചാർഡ്സന്റെയും രണ്ട് വിക്കറ്റ് വീഴ്ത്തിയ കമ്മിൻസിന്റെയും ഏറിന് മുന്നിൽ 45.5 ഒാവറിൽ 247 റൺസിന് ആൾഒൗാാവുകയായിരുന്നു. നായകൻ ആരോൺ ഫിഞ്ചിന്റെ സെഞ്ച്വറിയും (153), സ്റ്റീവൻ സ്മിത്തിന്റെ (73) അർദ്ധ സെഞ്ച്വറിയുമാണ് കംഗാരുകൾക്ക് മികച്ച സ്കോർ നൽകിയത്.ലങ്കൻ നിരയിൽ നായകൻ കരുണരത്നെയും (97) കുശാൽ പെരേരയും (52) കുശാൽ മെൻഡിസും (30) മാത്രമാണ് പൊരുതി നോക്കിയത്. ലങ്കയുടെ രണ്ടാംതോൽവിയാണിത്.
മൂർച്ചയില്ലാത്ത ലങ്കൻ ബൗളിംഗിനെതിരെ മികച്ചപ്രകടനമാണ് ആസ്ട്രേലിയൻ ബാറ്റ്സ്‌മാൻമാർ പുറത്തെടുത്തത്. ഒാപ്പണിംഗിൽ ഡേവിഡ് വാർണറും (26) ഫിഞ്ചും ചേർന്ന് 16.4 ഒാവറിൽ 80 റൺസാണ് കൂട്ടിച്ചേർത്തത്. വാർണർക്ക് പകരമെത്തിയ ഖ്വാജ (10) നിരാശപ്പെടുത്തിയെങ്കിലും മൂന്നാം വിക്കറ്റിൽ ഫിഞ്ചും സ്മിത്തും ഒന്നിച്ചതോടെ ഒാസീസ് കുതിച്ചുകയറി. 173 റൺസാണ് ഇവർ കൂട്ടിച്ചേർത്തത്.
നായകന്റെ പ്രകടനം പുറത്തെടുത്ത ഫിഞ്ച് നേരിട്ട 132 പന്തുകളിൽ 15 ബൗണ്ടറികളും അഞ്ച് സിക്സുകളുമാണ് പായിച്ചത്. 43-ാം ഒാവറിലാണ് ഫിഞ്ച് പുറത്തായത്. അടുത്ത ഒാവറിൽ സ്മിത്തിനെ മലിംഗ ബൗൾഡാക്കി. 59 പന്തുകൾ നേരിട്ട സ്മിത്ത് ഏഴ് ഫോറുകളും ഒരു സിക്സും പായിച്ചു.
തുടർന്ന് ക്രീസിലെത്തിയ ഗ്ളെൻ മാക്‌സ്‌വെൽ 25 പന്തുകളിൽ അഞ്ചു ഫോറുകളും ഒരു സിക്‌സുമായി പുറത്താകാതെ നിന്നപ്പോൾ ഒാസീസ് 334 ലെത്തി. ഷോൺ മാർഷ് (3), കാരേയ് (4), കമ്മിൻസ് (0) എന്നിവരുടെ വിക്കറ്റുകൾ അവസാന ഒാവറുകളിൽ നഷ്ടമായി.
ലങ്കയ്ക്കുവേണ്ടി ഉസാനയും ധനഞ്ജയ ഡിസിൽവയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. മലിംഗയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു. കാരേയും കമ്മിൻസും റൺ ഒൗട്ടാവുകയായിരുന്നു.
മറുപടിക്കിറങ്ങിയ ലങ്കയും മികച്ച രീതിയിലാണ് തുടങ്ങിയത്. 15.3 ഒാവറിൽ ടീം സ്കോർ 115 ൽ നിൽക്കുമ്പോഴാണ് അവർക്ക് ആദ്യവിക്കറ്റ് നഷ്ടമായത്. 36 പന്തുകളിൽ അഞ്ചുഫോറും ഒരു സിക്‌സുമടക്കം 52 റൺസ് നേടിയ കുശാൽ പെരേരയെ സ്റ്റാർക്ക് ക്ളീൻ ബൗൾഡാക്കുകയായിരുന്നു.
മഴക്കളിയിൽ അഫ്ഗാൻ തകർന്നു
കാർഡിഫ് : ഇന്നലെ കാർഡിഫിൽ ദക്ഷിണാഫ്രിക്കയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള മത്സരത്തിൽ ഇടയ്ക്കിടെ വില്ലനായെത്തിയ മഴയിൽ അഫ്ഗാൻ ബാറ്റിംഗ് തകർന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിസ്ഥാൻ 34. ഒാവറിൽ 125 റൺസിൽ ആൾഒൗട്ടായി.
ആറാം ഒാവറിൽ അഫ്ഗാൻ വിക്കറ്റ് നഷ്ടംകൂടാതെ 33 റൺസിലെത്തിയപ്പോഴാണ് ആദ്യം കളിനിറുത്തേണ്ടിവന്നത്. കളി പുനരാരംഭിച്ചപ്പോൾ ഒാപ്പണർ ഹസ്രത്തുള്ള സസായ് (22) , റഹ്‌മത്ത് ഷാ (6) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി. തുടർന്ന് 69/2ൽ വീണ്ടും കളി നിറുത്തി. വീണ്ടും ഗ്രൗണ്ടിലിറങ്ങിയ അഫ്ഗാന് ഞൊടിയിടയിൽ അഞ്ചുവിക്കറ്റുകൾ നഷ്ടമായി.തുടർന്ന് എട്ടാം വിക്കറ്റിൽ റാഷിദ് ഖാൻ (35)പൊരുതിയതിനാലാണ് 125ലെത്തിയത്.