പാങ്ങോട് : പാലം നിർമ്മിക്കണമെന്ന മൈലമൂട് സ്വദേശികളുടെ ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിച്ചില്ല. ഉടൻ തന്നെ പണിത് കൊടുത്തു ഉഗ്രനൊരു പാലം! പക്ഷേ നിർമ്മിച്ചത് പാലം മാത്രം; അപ്രോച്ച് റോഡിന്റെ നിർമ്മാണം തഥൈവ. പാങ്ങോട് പഞ്ചായത്തിലെ മൈലമൂട് അഞ്ചാനക്കുഴിക്കരയിൽ നിർമ്മിച്ച പാലത്തിന്റെ അവസ്ഥയാണിത്. പാലം നിർമ്മിച്ച് എട്ട് വർഷം കഴിഞ്ഞിട്ടും അപ്രോച്ച് റോഡിന്റെ നിർമ്മാണം പൂർത്തിയാക്കാനായിട്ടില്ല. 2011ൽ എം.പിയായിരുന്ന ടി.എൻ. സീമയുടെ ഫണ്ടിൽ നിന്നനുവദിച്ച പതിനാറ് ലക്ഷം രൂപയും, പാങ്ങോട് പഞ്ചായത്തിന്റെ എസ്.ടി ഫണ്ടിൽ നിന്നുള്ള പത്ത് ലക്ഷം രൂപയും ഉൾപ്പടെ ഇരുപത്തിയാറ് ലക്ഷം രൂപ ചെലവിട്ടാണ് ഇവിടെ പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും പണികൾ ആരംഭിച്ചത്. പാലത്തിന്റെ ഒരു വശത്ത് ഭാഗികമായി നിർമ്മിച്ച അപ്രോച്ച് റോഡ് ഇപ്പോഴും അതേ നിലയിൽ തുടരുകയാണ്. മറു ഭാഗത്ത് അപ്രോച്ച് റോഡിന്റെ പണികൾ ആരംഭിച്ചതുമില്ല.
റോഡിനായി എറ്റെടുത്ത സ്ഥലത്ത് കാട് കയറി കിടക്കുന്നതിനാൽ ഇത് വഴി നടന്ന് പോലും പോകാൻ കഴിയാത്ത അവസ്ഥയാണ് നാട്ടുകാർക്ക്. അഞ്ചാനക്കുഴിക്കര , ചെട്ടിയ കൊന്ന കയം , വെള്ളയം ദേശം എന്നിവിടങ്ങളിലെ നൂറ് കണക്കിന് കുടുംബങ്ങൾക്ക് മൈലമൂട്, പാലോട്, ഭരതന്നൂർ, കല്ലറ എന്നിവിടങ്ങളിൽ വന്നുപോകാൻ ഈ വഴിയാണ് ആശ്രയം. അപ്രോച്ച് റോഡിന്റെ ജോലികൾ പാതി വഴിയിൽ നിലച്ചതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്നാണ് നാട്ടുകാരുടെ ആരോപണം. പാലത്തിന്റെ ജോലികൾ പൂർത്തിയായി ആഴ്ചകൾക്കുള്ളിൽ തൂണുകളിലും പാർശ്വഭിത്തികളിലും വിള്ളലുകൾ ഉണ്ടായിരുന്നു. പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമ്മാണത്തിൽ നടന്ന ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി വിജിലൻസിൽ പരാതി നൽകിയിരുന്നെങ്കിലും സ്വാധീനം ഉപയോഗിച്ച് മരവിപ്പിക്കുകയായിരുന്നുവെന്നും നാട്ടുകാർ ആരോപിക്കുന്നു. എത്രയും പെട്ടെന്ന് അപ്രോച്ച് റോഡിന്റെ പണികൾ പൂർത്തിയാക്കാൻ നടപടികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.