hhh

നെയ്യാറ്റിൻകര: മദ്ധ്യവേനൽ അവധിക്കാലം കഴിഞ്ഞു, സ്കൂളുകളും തുറന്നു. എന്നിട്ടും അവധിക്കാലത്ത് നടത്തേണ്ട മഴക്കാല പൂർവ ശുചീകരണം മാത്രം നടന്നിട്ടില്ല. ടൗണിലെ ഓട ശുചീകരണവും മാലിന്യം നീക്കം ചെയ്യലും എങ്ങുമെത്തിയില്ല. കഴിഞ്ഞ ദിവസം ധൃതി പിടിച്ച് ഓട വൃത്തിയാക്കിയത് പരക്കെ പരാതിക്ക് കാരണമായി. രണ്ട് മാസത്തോളമുള്ള അവധിക്കാലത്ത് ചെയ്യാമായിരുന്ന ശുചീകരണപ്രവർത്തനങ്ങൾ മഴ തുടങ്ങിയപ്പോൾ തന്നെ നടത്തിയതാണ് ഏറെ പ്രതിഷേധത്തിന് കാരണമാക്കിയത്. പ്രതിഷേധത്തിന്റെ പ്രധാനകാരമം മഴക്കാലത്തിന് മുന്നെ നടത്തേണ്ട മഴക്കാല പൂർവ ശുചീകരണം നടത്തിയത് മഴ തുടങ്ങിയതിന് ശേഷമായതുകൊണ്ട്തന്നെ. ധൃതി പിടിച്ചുള്ള ഓട വൃത്തിയാക്കലിൽ റോഡിലേക്ക് വാരിവലിച്ചിട്ട പ്ലാസ്റ്റിക്കും ചെളിയും നിറഞ്ഞ മാലിന്യം തൊട്ടുപിന്നാലെ പെയ്ത മഴയിൽ റോഡ് മുഴുവൻ നിരന്നു. നിലവിൽ ഈ റോഡിലൂടെ ആർക്കും നടക്കാൻ പറ്റാത്ത അവസ്ഥ. നടന്നുപോകാമെന്ന് കരുതിയാൽ ചെളിയിൽ തെന്നിവീഴും അല്ലെങ്കിൽ തൊട്ടടുത്തുകൂടെ വരുന്ന വാഹനം ദേഹത്തേക്കുതന്നെ ചെളി തെറുപ്പിക്കും. എന്നാൽ ഇരുചക്രവാഹനത്തിൽ പോകാമെന്നു കരുതിയാലും ഗതി അതുതന്നെ.

പ്ലാസ്റ്റിക് ഉൾപ്പടെയുള്ള ജൈവമാലിന്യം വന്നു നിറഞ്ഞ് ടൗൺ പ്രദേശത്തെ ഓടകളെല്ലാം അടഞ്ഞ നിലയിലാണ്. ദിവസവും ടൗണിൽ വന്നടിയുന്ന മാലിന്യം നീക്കം ചെയ്യാൻ സംവിധാനമില്ലാത്തതാണ് ഓടകളിൽ ഖരമാലിന്യം വന്നടിയാൻ പ്രധാന കാരണം. ഈ മാലിന്യം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് പകരം മഴക്കാലം എത്തുമ്പോൾ റോഡിലേക്ക് എടുത്തിട്ട് മഴവെള്ളത്തിനൊപ്പം ഓഴുക്കിവിടുന്ന കുറുക്കുവഴിയാണ് അധികൃതർ നടത്തുന്നതെന്നാണ് സമീപവാസികൾ പറയുന്നത്. ഇടയ്ക്ക് പ്ലാസ്റ്റ് മാലിന്യം ശേഖരിച്ച് റോഡരുകിൽ കത്തിക്കുന്നത് സമീപത്തെ താമസക്കാർ തടഞ്ഞിരുന്നു. അതിനുശേഷം പ്ലാസ്റ്റിക് കത്തിക്കുന്നതിന് അല്പം ശമനം കിട്ടിയെങ്കിലും കണ്ടിജൻസി ജീവനക്കാരെത്തി ഇവ കത്തിക്കുന്നുണ്ട്.

ജംഗ്ഷൻ കേന്ദ്രീകരിച്ച് എയ്റോബിന്നുകൾ സ്ഥാപിച്ചെങ്കിലും അവിടെനിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ മാറ്റാൻ പോലും ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ അവസ്ഥയിൽ പ്രദേശത്ത് വേസ്റ്റ് ബിന്നുകൾ സ്ഥാപിച്ചാൽ മാലിന്യം കുന്നുകൂടുമെന്നാലെ പരിഹാരം കാണാൻ കഴിയില്ലെന്നാണ് അധികൃതർ പറയുന്നത്.

നെയ്യാറ്റിൻകര ടൗൺ പ്ലാസ്റ്രിക് നിരോധിത മേഖലയായി പ്രഖ്യാപിച്ചിട്ടും താലൂക്കിൽ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് ലഭിക്കുന്നത് ടൗണായി ഇന്ന് നെയ്യാറ്റിൻകര മാറി. പ്രദേശത്ത് കുന്നുകൂടുന്ന മാലിന്യത്തിൽ നിന്നും പ്ലാസ്റ്റിക് മാറ്റിയ ശേഷം മിച്ചം വരുന്ന ജൈവമാലിന്യം കർഷകർക്ക് ഫ്രീയായി നൽകുമെന്ന വാക്കുകേട്ട് കാത്തിരുന്ന കർഷകർക്ക് കിട്ടിയത് നിരാശമാത്രമാണ്.

എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങൾ

1. 2019ൽ നഗരത്തെ മാലിന്യ മുക്തമായി പ്രഖ്യാപിക്കും

2. കൂടുതൽ എയ്റോബിന്നുകൾ സ്ഥാപിക്കും.

3. ജനങ്ങളെ മാലിന്യം വലിച്ചെറിയാത്ത മനസിന്റെ ഉടമകളാക്കി മാറ്റുവാൻ കാമ്പയിൻ

4. വിവിധ സ്ഥലങ്ങളിൽ പ്ലാസ്ടിക് കളക്ഷൻ സെന്ററുകൾ സ്ഥാപിക്കും.

5. പ്ലാസ്ടിക് പൊടിച്ച് റീസൈക്കിൾ ചെയ്യുവാനായി 10 ലക്ഷം മുടക്കി ഷ്രഡിംഗ് മെഷീൻ സ്ഥാപിക്കും.

6. 30 ലക്ഷം ചെലവിട്ട് ഹരിത കർമ്മ സേന രൂപീകരിക്കും.