boat

 ഇന്ത്യയിൽ ആദ്യത്തേത്  നാലുമാസത്തിനുള്ളിൽ യാഥാർത്ഥ്യമാകും

തിരുവനന്തപുരം: വിനോദസഞ്ചാരികൾക്ക് അടിച്ചുപൊളിക്കാൻ വാട്ടർ ടാക്സിക്ക് പിന്നാലെ വേമ്പനാട്ട് കായലിൽ സോളാർ വൈദ്യുതിയിൽ ഓടുന്ന മിനി ക്രൂസ് കപ്പലുകൾ വരുന്നു. ഇന്ത്യയിലാദ്യത്തെ സോളാർ ക്രൂസ് കപ്പൽ

നാലു മാസത്തിനുള്ളിൽ നീറ്റിലിറക്കും.കുസാറ്റിന്റെ രൂപകൽപ്പനയിൽ ജലഗതാഗതവകുപ്പാണ് നിർമ്മാണം.

ആദ്യം ആലപ്പുഴ - കുമരകം റൂട്ടിലും അടുത്ത വർഷം ദേശീയ ജലപാത യാഥാർത്ഥ്യമാകുമ്പോൾ കോവളം മുതൽ ബേക്കൽ വരേയും മിനി ക്രൂസ് വിനോദ സഞ്ചാരികളുമായി നീങ്ങും. ഇതിനൊപ്പം വാട്ടർ ടാക്സി പദ്ധതിയും യാഥാർത്ഥ്യമാക്കും. 15 പേർക്ക് കയറാവുന്ന രണ്ട് വാട്ടർ ടാക്സി ചിങ്ങം ഒന്നു മുതൽ കൊച്ചി - ആലപ്പുഴ സർവീസ് നടത്തും.

കുറച്ചു നാൾ മുമ്പാണ് ജലഗാതഗത വകുപ്പ് 'ആദിത്യ' സോളാർ ബോട്ട് സവാരിക്കായി ഇറക്കിയത്. ഇത് വിജയമായതോടെ ക്രൂസിലോട്ട് തിരിയുകയായിരുന്നു. സോളാർ ബോട്ടിന്റെ സാങ്കേതികവിദ്യ മനസിലാക്കാൻ ഫ്രാൻസ്, ആസ്ട്രേലിയ, മലേഷ്യ, ഫിൻലാൻഡ് തുടങ്ങി 40 രാജ്യങ്ങളിലെ അംബാസഡർമാർ ഉൾപ്പെട്ട സംഘം എത്തിയിരുന്നു. ഇത് ജലഗതാഗത വകുപ്പിന് വലിയ ആത്മവിശ്വാസമേകി. പുതിയതായി മൂന്നു സോളാർ ബോട്ടുകളുടെ നിർമ്മാണവും ആരംഭിച്ചിട്ടുമുണ്ട്.

മൂന്ന് കോടിയുടെ മിനി ക്രൂസ്

നിർമ്മാണ ചെലവ്: 3 കോടി

23 മീറ്റർ നീളം, 7.5 മീറ്റർ വീതി

സോളാർ എനർജി 80 കിലോവാട്ട്

സൗകര്യങ്ങൾ

എ.സിയുടെ കുളിരിൽ നൂറുപേർക്ക് യാത്ര ചെയ്യാം

 തുറന്ന ബാൽക്കണിക്ക് പുറമെ രണ്ട് നിലകൾ,

 ഒന്നാം നിലയിൽ പുഷ്ബാക്ക് സീറ്റുകൾ

 രണ്ടാം നിലയിൽ വിനോദവും ഭക്ഷണപാനീയങ്ങളും

 കേരളം ക്രൂസ് യാത്രികരുടെ പ്രിയനാട്

കഴിഞ്ഞ സാമ്പത്തിക വർഷം കൊച്ചി പോർട്ടിലെത്തിയത് 49 ക്രൂസ് കപ്പലുകളാണ്. 62,753 സഞ്ചാരികൾ. മുൻ സീസണിലേതിനെക്കാൾ സഞ്ചാരികളുടെ എണ്ണത്തിൽ 31% വർദ്ധന. അമേരിക്കൻ, യൂറോപ്യൻ സഞ്ചാരികളാണ് കൂടുതലും. ഇവരിൽ ഒരാൾ 200 ഡോളർ (ഏകദേശം 14,000 രൂപ) ഇവിടെ ചെലവാക്കുന്നുവെന്നാണ് കണക്ക്.

2017-18 - 42 ക്രൂസ് കപ്പലുകൾ - 47,727 സഞ്ചാരികൾ

2016-17 - 57 ക്രൂസ് കപ്പലുകൾ - 57,129 സഞ്ചാരികൾ

''ജലഗതാഗതത്തിലും ടൂറിസം രംഗത്തും വലിയ മുന്നേറ്റമുണ്ടാക്കാൻ ക്രൂസ് കപ്പൽ പദ്ധതിക്ക് സാധിക്കും.''

- ഷാജി വി.നായർ, ഡയറക്ടർ, ജലഗതാഗത വകുപ്പ്